നൂറാം ടെസ്റ്റിന് കോഹ്‌ലി ഇറങ്ങുമ്പോൾ ഗ്യാലറി ശൂന്യമാവില്ല; മത്സരത്തിൽ 50% കാണികളെ അനുവദിക്കും

നേരത്തെ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങൾ ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു

Update: 2022-03-01 15:18 GMT
Editor : abs | By : Web Desk
Advertising

മൊഹാലിയിലെ പിസിഎഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ മാർച്ച് നാലിന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ കാണികൾ ഉണ്ടാകും. ടീം ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്‌ലിയുടെ നൂറാം ടെസ്റ്റാണ് ഇത്. പ്രിയ താരത്തിന് പിന്തുണയേകാൻ ആരാധകർ ഗ്യാലറിയിലെത്തും. മത്സരത്തിൽ 50% കാണികളെ അനുവദിക്കും എന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

നേരത്തെ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങൾ ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. കോഹ്‌ലിക്ക് പിന്തുണ അറിയിക്കാൻ മൊഹാലിയിൽ അണിനിരക്കാൻ കോഹ്ലി ആരാധകർ തയ്യാറെടുത്ത് മുന്നൊരുക്കങ്ങളും നടത്തവെയാണ് അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടത്തുകയെന്ന പ്രഖ്യാപനം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നടത്തിയത്. മൊഹാലിയിലും പരിസരത്തുമുള്ള കോവിഡ്-19 കേസുകളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.

ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ത്യ മൊഹാലിയിൽ കളിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. ബെംഗളൂരുവിൽ സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു. മൊഹാലി ടെസ്റ്റിന്റെ ടിക്കറ്റുകൾ നാളെ മുതൽ ഓൺലൈൻ ആയി ലഭ്യമാകും.

കോഹ്‌ലിയുടെ നൂറാം ടെസ്റ്റ്  രോഹിത് ശർമ്മയുടെ ക്യാപ്റ്റനായുള്ള ടെസ്റ്റ് അരങ്ങേറ്റം കൂടിയാണ്. 2011 ജൂണിൽ ജമൈയ്ക്കയിൽ വെസ്റ്റിൻഡീസിനെതിരേയായിരുന്നു കോഹ്‌ലിയുടെ അരങ്ങേറ്റം. ആദ്യ ടെസ്റ്റിൽ 10ഉം 15ഉം ആയിരുന്നു കോഹ്‌ലി നേടിയത്. തുടർന്ന് ഇതുവരെ 99 മത്സരങ്ങളിൽ നിന്ന് 50.39 ശരാശരയിൽ 7962 റൺസാണ് താരത്തിന്റെ സമ്പാദ്യം. 254 നോട്ടൗട്ട് ആണ് ഉയർന്ന സ്‌കോർ. 27 സെഞ്ചുറികളും 28 അർധസെഞ്ചുറികളും കോഹ്‌ലിയുടെ പേരിലുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News