ഇതെന്താ ലൂപ്പോ? 2011 ലെ ചരിത്രം ആവർത്തിച്ച് 2022 ഐപിഎൽ
ചരിത്രം മത്സരങ്ങളിലും ആവർത്തിച്ചാൽ ചെന്നൈ സൂപ്പർ കിങ്‌സിനാണ് നേട്ടം
Update: 2022-03-11 13:51 GMT
ലോകത്ത് തന്നെ ഏറ്റവും ജനപ്രീതിയുള്ള പണക്കിലുക്കമുള്ള ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ചിലപ്പോൾ ചില അപൂർവതകൾക്കും ഐപിഎൽ വേദിയാകാറുണ്ട്. അത്തരത്തിലൊരു അത്ഭുതം നടന്നിരിക്കുകയാണ് ഇത്തവണ-അതും സീസൺ ആരംഭിക്കും മുമ്പ് തന്നെ. യഥാർത്ഥത്തിൽ ചരിത്രം ആവർത്തിക്കുകയാണ് ഇത്തവണ 2011 ഐപിഎൽ സീസണിന്റെ ചില പ്രത്യേകതകൾ അതേപ്പടി ഇപ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്.
- 2011 ലും ഈ സീസണിലും 10 ടീമുകളാണ് ആകെ ഏറ്റുമുട്ടുന്നത്. മാത്രമല്ല ഗ്രൂപ്പുകളായി തിരിച്ചാണ് 2011 ൽ മത്സരങ്ങൾ നടന്നതും 2022 ൽ മത്സരങ്ങൾ നടക്കാൻ പോകുന്നത്.
- 2011 ൽ ആദ്യമത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലായിരുന്നു. ഇത്തവണയും മാർച്ച 26 ന് ആദ്യ മത്സരം ചെന്നൈയും കൊൽക്കത്തയും തമ്മിലാണ്.
- മറ്റൊരു സാമ്യം ഇരു സീസണുകളും ആരംഭിക്കുമ്പോൾ അഥവാ നിലവിലെ ചാമ്പ്യൻമാർ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സാണ്.
- മറ്റൊരു പ്രത്യേകത 2011 ലും ഇത്തവണയും കൊൽക്കത്തയ്ക്ക് അവരുടെ നായകന് വേണ്ടി വലിയ വില കൊടുക്കേണ്ടി വന്നു എന്നതാണ്. 2011 ൽ 11.04 കോടി കൊടുത്താണ് അന്നത്തെ നായകൻ ഗൗതം ഗംഭീറിനെ അവർ ടീമിലെടുത്തത്. ഇത്തവണയാകട്ടെ നായകൻ ശ്രേയസ് അയ്യർക്ക് വേണ്ടി അവർക്ക് 12.25 കോടി ചെലവഴിക്കേണ്ടി വന്നു.
- അവസാന പ്രത്യേകത സൺറൈസേഴ്‌സ് ഹൈദരാബാദിനെ സംബന്ധിച്ചാണ് 2011 ൽ അവരെ നയിച്ച കുമാർ സംഗക്കാര തൊട്ടുമുമ്പ് നടന്ന ഐസിസി ട്രോഫിയിൽ (ഏകദിന ലോകകപ്പ്) ഫൈനലിൽ തോറ്റ ശ്രീലങ്കയുടെ നായകനായിരുന്നു. ഇത്തവണ അവരെ നയിക്കുന്ന കെയിൻ വില്യംസണാകട്ടെ 2021 ൽ നടന്ന ഐസിസി ട്രോഫിയിൽ (20-20 ലോകകപ്പ്) ഫൈനലിൽ തോറ്റ നായകനാണ്.
ചരിത്രം മത്സരങ്ങളിലും ആവർത്തിച്ചാൽ ചെന്നൈ സൂപ്പർ കിങ്‌സിനാണ് നേട്ടം- കാരണം 2011 ൽ ബാഗ്ലൂരിനെ തോൽപ്പിച്ച് കിരീടം നേടിയത് ചെന്നൈയുടെ ധോണിപ്പടയാണ്.