ആദ്യം രോഹിത് പിന്നെ ഗിൽ: ഇൻഡോറിൽ സെഞ്ച്വറിക്കളി, ഇന്ത്യ കൂറ്റന്‍സ്കോറിലേക്ക്
ന്യൂസിലാൻഡ് ബൗളർമാരെ നിലത്തുനിർത്തിയില്ല രോഹിതും ഗില്ലും അടങ്ങിയ ഓപ്പണിങ് സഖ്യം
ഇൻഡോർ: തകർപ്പൻ സെഞ്ച്വറിയുമായി രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും കളംനിറഞ്ഞപ്പോൾ ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻസ്‌കോറിലേക്ക്. 26 ഓവര്‍ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 212 റൺസെന്ന നിലയിലാണ്. സെഞ്ച്വറിക്ക് പിന്നാലെ രോഹിത് ശര്‍മ്മയാണ് പുറത്തായത്(101). സെഞ്ച്വറിയോടെ ശുഭ്മാന്‍ ഗില്‍(103) ക്രീസിലുണ്ട്.
ന്യൂസിലാൻഡ് ബൗളർമാരെ നിലത്തുനിർത്തിയില്ല രോഹിതും ഗില്ലും അടങ്ങിയ ഓപ്പണിങ് സഖ്യം. പതിയെ ആണ് തുടങ്ങിയതെങ്കിലും അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ രോഹിത് ഗിയർമാറ്റി. 41 പന്തുകളിൽ അർദ്ധ സെഞ്ച്വറി കുറിച്ച രോഹിത് പിന്നെ ചുവട്മാറ്റി അതിവേഗം സ്‌കോർബോർഡ് ചലിപ്പിക്കുകയായിരുന്നു. എന്നാൽ തുടക്കംമുതൽ ആക്രമണമാണ് ഗിൽ കാഴ്ചവെച്ചത്.
ബൗളർമാരെ മാറ്റിയും ഫീൽഡിങിൽ അടിക്കടി അഴിച്ചുപണി നടത്തിയും നായകൻ ടോംലാഥം പരീക്ഷിച്ചെങ്കിലും അതിലൊന്നും സഖ്യം വീണില്ല. ഈ പരമ്പരയിൽ അപാരഫോമിലുള്ള ഗില്ലിന്റെ പിന്തുണയും രോഹിതിനെ പ്രചോദിപ്പിച്ചു. അതിനിടെ ഗില്ലും സ്‌കോർബോർഡിലേക്ക് റൺസ് കൊണ്ടുവന്നു. ആരാകും ആദ്യം സെഞ്ച്വറി നേടുക എന്നതായിരുന്നു ആരാധകരുടെ ആകാംക്ഷ. എന്നാൽ നേരിട്ട 83ാം പന്തിൽ രോഹിത് ആദ്യം സെഞ്ച്വറി തികച്ചു. ഒമ്പത് ഫോറും ആറ് കൂറ്റൻ സിക്‌സറുകളും അടങ്ങുന്നതായിരന്നു രോഹിതിന്റെ മാസ്മരിക ഇന്നിങ്‌സ്.
തൊട്ടടുത്ത ഓവറിൽ ഗില്ലും സെഞ്ച്വറി പൂർത്തിയാക്കി. 72 പന്തുകളിൽ നിന്നായിരുന്നു ഗില്ലിന്റെ സെഞ്ച്വറി. 13 ഫോറും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്.