ഇന്ത്യക്ക് അഞ്ച് പെനാൽറ്റി റൺസ്; ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റിൽ അപൂർവ നടപടി

രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാകടുവകൾ 271 റൺസ് പിറകിലാണ്. എട്ട് വിക്കറ്റ് നഷ്‌പ്പെട്ടിരിക്കുകയാണ്

Update: 2022-12-15 12:29 GMT
Advertising

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ച് പെനാൽറ്റി റൺസ്. ചിറ്റഗോങിലെ സഹൂർ അഹമദ് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് അപൂർവ നടപടി. വ്യാഴാഴ്ച ഇന്ത്യയുടെ ബാറ്റിംഗിനിടെയാണ് സംഭവം. ബംഗ്ലാദേശ് ഫീൽഡർ ബോൾ എറിഞ്ഞപ്പോൾ വിക്കറ്റ് കീപ്പർ നൂറുൽ ഹസൻ നിലത്ത് വെച്ച ഹെൽമറ്റിൽ കൊണ്ടതിനെ തുടർന്നാണ് അഞ്ച് പെനാൽറ്റി റൺസ് നൽകിയത്. രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവും ക്രീസിലിരിക്കെ ക്രിക്കറ്റ് നിയമപ്രകാരം തന്നെയാണ് റൺസ് അനുവദിച്ചത്. രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അപ്പോൾ 300 റൺസ് കടന്നിരുന്നു.

താജുൽ ഇസ്‌ലാം എറിഞ്ഞ 112ാം ഓവറിലെ രണ്ടാം പന്ത് അശ്വിൻ തേർഡ് മാൻ ഭാഗത്തേക്ക് അടിച്ചു. തുടർന്ന് അശ്വിനും കുൽദീപ് രണ്ട് റൺസ് ഓടിയെടുത്തു. പക്ഷേ അപ്പോൾ തേർഡ്മാനിൽ നിന്ന് ബംഗ്ലാദേശ് ഫീൽഡർ പന്ത് പിടിച്ചെറിഞ്ഞപ്പോൾ വിക്കറ്റ്കീപ്പർ നിലത്തുവെച്ച ഹെൽമറ്റിൽ കൊള്ളുകയായിരുന്നു. ഇതേതുടർന്നാണ് റൺസ് അനുവദിച്ചത്.

ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യൻ ടീം  404 റൺസാണ് നേടിയത്. പത്തുവിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റൺസ് അടിച്ചത്. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് മാത്രമാണ് നേടിയത്. 271 റൺസ് പിറകിലാണ് ബംഗ്ലാകടുവകൾ. ബംഗ്ലാനിരയിൽ ലിറ്റൺ ദാസ്, മുഷ്ഫിഖുർറഹീം, സാകിർ ഹസൻ എന്നിവർ മാത്രമാണ് 20 കടന്നത്. ഇന്ത്യക്കായി കുൽദീപ് യാദവ് നാലും സിറാജ് മൂന്നും വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് ഒരു വിക്കറ്റ് നേടി.

ഒന്നാം ഇന്നിങ്സിൽ ആറിന് 278 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടർന്ന ഇന്ത്യക്ക് വാലറ്റത്ത് നിന്ന് വൻ പിന്തുണയാണ് ലഭിച്ചത്. സ്പിന്നർമാരായ രവിചന്ദ്ര അശ്വിനും കുൽദീപ് യാദവും ചേർന്ന് ടീമിനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. അശ്വിൻ 58 റൺസ് നേടിയപ്പോൾ കുൽദീപ് യാദവ് 40 റൺസ് നേടി. ആദ്യ ദിനത്തിൽ 82 റൺസുമായി ക്രീസിലുണ്ടായിരുന്ന ശ്രേയസ് അയ്യർക്ക് രണ്ടാം ദിനം പിഴച്ചു. നാല് റൺസ് മാത്രമാണ് അയ്യർക്ക് കൂട്ടിച്ചേർക്കാനായത്. ഇബാദത്ത് ഹുസൈനാണ് അയ്യരെ പറഞ്ഞയച്ചത്. പിന്നാലെയായിരുന്നു അശ്വിൻ-കുൽദീപ് യാദവ് കൂട്ടുകെട്ട് പിറന്നത്.

92 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പൊക്കിയത്. അശ്വിനെ പറഞ്ഞയച്ച് മെഹദി ഹസൻ മിറാസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഉമേഷ് യാദവ്(15) മുഹമ്മദ് സിറാജ്(4) എന്നിവർ എളുപ്പത്തിൽ മടങ്ങിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 404ൽ അവസാനിച്ചു. ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം, മെഹദി ഹസൻ മിറാസ് എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഏകദിന പരമ്പര ഇന്ത്യ തോറ്റിരുന്നു. അതിനാൽ ടെസ്റ്റിൽ വിജയം അനിവാര്യമാണ്. അല്ലെങ്കിൽ ബംഗ്ലാദേശിൽ ടെസ്റ്റ്-ഏകദിന പരമ്പരകൾ ആദ്യമായി അടിയറവ് വെക്കേണ്ടിവരും.

Five penalty runs for India in the Test against Bangladesh

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News