കഴിഞ്ഞ ലോകകപ്പിലെ മികവ് തുണയായി; ടി20 ലോകകപ്പിൽ മാത്യൂ ഹൈഡൻ പാക് ടീം മെൻറർ
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ പാകിസ്താൻ ഫൈനൽ ടിക്കറ്റുറപ്പിച്ചിരിക്കുകയാണ്
ടി20 ലോകകപ്പിൽ പാകിസ്താൻ ടീമിന്റെ മെൻററായി മുൻ ആസ്‌ത്രേലിയൻ ബാറ്റിങ് ഇതിഹാസം മാത്യൂ ഹൈഡൻ. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇത് സംബന്ധിച്ച് ട്വിറ്ററിലാണ് അറിയിപ്പ് നൽകിയത്. ശക്തരായ നിരവധി താരങ്ങളുള്ളതിനാൽ അടുത്ത മാസം തുടങ്ങുന്ന ടൂർണമെൻറിൽ പാക് ടീമിന് മികച്ച പ്രകടനം നടത്താനാകുമെന്ന് ഹൈഡൻ പറഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പിൽ ഹൈഡൻ പാക് ടീമിനൊപ്പം പ്രവർത്തിക്കുകയും സെമിയിൽ ആസ്‌ത്രേലിയയെ ടീം പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
ഒക്‌ടോബർ 15ന് ബ്രിസ്‌ബേനിൽ വെച്ച് ഹൈഡൻ ടീമിനൊപ്പം ചേരുമെന്നാണ് പി.സി.ബി അറിയിക്കുന്നത്. ന്യൂസിലാൻഡ് ആതിഥേയരായി അവിടെ നടക്കുന്ന ടി20 പരമ്പരയിൽ ബംഗ്ലാദേശിനൊപ്പം പങ്കെടുത്ത ശേഷമാണ് പാകിസ്താൻ ബ്രിസ്‌ബേനിലെത്തുക. ദക്ഷിണാഫ്രിക്കയുടെ വെർനൻ ഫിലാൻഡറെയും ലോകകപ്പിനായി പി.സി.ബി ഒപ്പം കൂട്ടുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഹൈഡന്റെ സാന്നിധ്യം ഗുണകരമായതിനാലാണ് ഇക്കുറിയും നിയമിക്കുന്നതെന്നാണ് പി.സി.ബി വ്യക്തമാക്കുന്നത്.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ പാകിസ്താൻ ഫൈനൽ ടിക്കറ്റുറപ്പിച്ചിരിക്കുകയാണ്. ഇരുടീമുകളും തമ്മിലുള്ള ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരം പാകിസ്താൻ നേടി.
Former Australian batting legend Matthew Hayden to mentor Pakistan team in T20 World Cup