'പൂജ്യത്തിന് പുറത്തായതിന് ഐ.പി.എൽ രാജസ്ഥാൻ ടീമുടമ മൂന്നാലുവട്ടം മുഖത്തടിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലർ

'റോസ്, ഡക്കായി പുറത്ത്‌പോകാനല്ല താങ്കൾക്ക് മില്ല്യൺ കണക്കിന് ഡോളർ തരുന്നത്' എന്ന് പറഞ്ഞായിരുന്നു അടി

Update: 2022-08-14 01:30 GMT
Advertising

ഐ.പി.എൽ രാജസ്ഥാൻ ടീമുടമകളിലൊരാൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ന്യൂസിലാൻഡ് ബാറ്റർ റോസ് ടെയ്‌ലർ. ഒരു ഐ.പി.എൽ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന് ശേഷം ബാറിലെത്തിയപ്പോൾ തന്നെ ഉടമ മൂന്നാലു വട്ടം മുഖത്തടിച്ചുവെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. 'ബ്ലാക് ആൻഡ് വൈറ്റ്' എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥയിലാണ് പരാമർശം. 'റോസ്, ഡക്കായി പുറത്ത്‌പോകാനല്ല താങ്കൾക്ക് മില്ല്യൺ കണക്കിന് ഡോളർ തരുന്നത്' എന്ന് പറഞ്ഞായിരുന്നു അടി.

അന്ന് കിങ്‌സ് ഇലവൻ പഞ്ചാബെന്ന് അറിയപ്പെട്ട ഇപ്പോഴത്തെ പഞ്ചാബ് കിങ്‌സിനെതിരെ 195 റൺസ് ലക്ഷ്യം തേടിയിറങ്ങിയപ്പോഴാണ് ടെയ്‌ലർ എൽ.ബി.ഡബ്ല്യു ആയി പൂജ്യത്തിന് പുറത്തായത്. തുടർന്ന് ഹോട്ടലിന്റെ മുകളിലെ ബാറിലെത്തിയപ്പോഴായിരുന്നു താരത്തിന് അടിയേറ്റത്. അടികൾ അത്ര കഠിനമായിരുന്നില്ലെങ്കിലും പൂർണമായി അഭിനയമാണെന്ന് കരുതാനാകില്ലെന്നും ചിരിച്ചുകൊണ്ടായിരുന്നു ഉടമയുടെ പ്രതികരണമെന്നും താരം ആത്മകഥയിൽ കുറിച്ചു. പ്രഫഷണൽ സ്‌പോർട്‌സ് സാഹചര്യത്തിൽ ഇത്തരം പ്രതികരണം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി.

സംഭവ സമയത്ത് ഷെയിൻ വേൺ ലിസ് ഹേർലിക്കൊപ്പം അവിടെയുണ്ടായിരുന്നുവെന്നും ടെയ്‌ലർ പറഞ്ഞു. 2008 മുതൽ 2010 വരെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച ടെയ്‌ലർ 2011ലാണ് രാജസ്ഥാൻ ടീമിലിറങ്ങിയത്. പിന്നീട് ഡൽഹി ഡെയർ ഡെവിൾസിലേക്കും അവിടെ നിന്ന് പൂണെ വാരിയേസ് ഇന്ത്യയിലേക്കും താരം പോയിരുന്നു.



ക്രിക്കറ്റ് കരിയറിൽ താൻ പിന്തുടർന്ന വിശ്വാസത്തെ കുറിച്ചും റോസ് ടെയ്ലർ ആത്മകഥയിൽ വെളിപ്പെടുത്തി. തന്റെ കരിയറിൽ മത്സരങ്ങൾക്കു മുൻപ് താറാവ് ഇറച്ചി കഴിച്ചിരുന്നില്ലെന്ന് റോസ് ടെയ്‌ലർ പറയുന്നു. താറാവ് ഇറച്ചി കഴിച്ചാൽ അടുത്ത മത്സരത്തിൽ പൂജ്യത്തിന് പുറത്താവുമെന്ന വിശ്വാസമാണ് ഇതിന് പിന്നിലെന്നും താരം ഏഴുതുന്നു.

2007 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പൂജ്യത്തിനു പുറത്തായതോടെയാണ് ഈ രീതി ആരംഭിച്ചതെന്നും റോസ് ടെയ്ലർ പറയുന്നു. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൻറെ തലേദിവസം ചൈനീസ് റെസ്റ്ററൻറിൽ പോയ താൻ താറാവ് ഇറച്ചി ഉപയോഗിച്ചുള്ള പ്രിയപ്പെട്ട ഭക്ഷണമാണ് കഴിച്ചത്. പിറ്റേ ദിവസം നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായതായും ടെയ്ലർ പറഞ്ഞു.

ലോകകപ്പിൽ ടെയ്ലറുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ലിയാം പ്ലങ്കറ്റ് എറിഞ്ഞ പന്തിൽ ആൻഡ്രു ഫ്‌ലിൻറോഫ് പിടികൂടിയാണ് അന്ന് ടെയ്ലർ പൂജ്യത്തിന് തിരിച്ച് കയറിയത്.വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി ഇതാവർത്തിച്ചതായും താരം പറഞ്ഞു. അന്ന് സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ താറാവ് ഇറച്ചി കഴിച്ചത്- ടെയ്‌ലർ എഴുതുന്നു.

കരിയറിൽ സ്വന്തം ടീമിലെ താരങ്ങളിൽ നിന്നും ഒഫീഷ്യൽസിൽ നിന്നും താൻ വംശീയ അധിക്ഷേപം നേരിട്ടുട്ടുണ്ടെന്ന് ടെയ്ലർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 16 വർഷത്തോളം നീണ്ട രാജ്യാന്തര കരിയറിൽ ന്യൂസിലൻഡിൻറെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളെന്ന ഖ്യാതിയുമായാണ് റോസ് ടെയ്ലർ പാഡഴിച്ചത്. ടെസ്റ്റിൽ 7864 റൺസും ഏകദിനത്തിൽ 8602 റൺസും രാജ്യാന്തര ടി20യിൽ 1909 റൺസും നേടി. 2021 ഡിസംബറിലാണ് ടെയ്ലർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

Former New Zealand batsman Ross Taylor makes a shocking revelation against one of the IPL Rajasthan team owners

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News