കോച്ചായി വരുന്നത് കുംബ്ലെ; ടീം ഇന്ത്യയിലെ 'കോലി യുഗം' അവസാനിക്കുന്നു?

2017ൽ കോലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കുംബ്ലെ ഹെഡ് കോച്ച് പദവിയിൽ നിന്ന് പടിയിറങ്ങിയത്.

Update: 2021-09-18 08:03 GMT
Editor : abs | By : abs
Advertising

ലോകകപ്പിന് ശേഷം ട്വന്റി20 നായകസ്ഥാനം ഒഴിയുമെന്ന ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അപ്രതീക്ഷിത നീക്കവുമായി ബിസിസിഐ. ഒരിക്കൽ കോലിയുമായി ഉടക്കി കോച്ചിങ് അവസാനിപ്പിച്ച ഇതിഹാസ താരം അനിൽ കുംബ്ലെയെ ആ സ്ഥാനത്തേക്ക് ബിസിസിഐ വീണ്ടും പരിഗണിക്കുന്നതായാണ് സൂചന. നിലവിലെ കോച്ച് രവിശാസ്ത്രിയുടെ കാലാവധി ടി20 ലോകകപ്പോടെ അവസാനിക്കും.

ശാസ്ത്രിക്ക് പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങൾ ബിസിസിഐ വേഗത്തിലാക്കിയിട്ടുണ്ട്. കുംബ്ലെയ്‌ക്കൊപ്പം മുൻ ബാറ്റ്‌സ്മാൻ വിവിഎസ് ലക്ഷ്മണിനെയും ക്രിക്കറ്റ് ബോർഡ് സമീപിച്ചതായി റിപ്പോർട്ടുണ്ട്. 2017ൽ കോലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കുംബ്ലെ ഹെഡ് കോച്ച് പദവിയിൽ നിന്ന് പടിയിറങ്ങിയത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കോലിയുടെ വാക്കുകൾക്ക് ബിസിസിഐ ചെവി കൊടുക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. കോച്ചിനെ നിശ്ചയിക്കാനുള്ള അധികാരം തങ്ങൾക്കാണെന്ന സന്ദേശം ബോർഡ് കളിക്കാർക്ക് കൈമാറുകയും ചെയ്യുന്നു.

കുംബ്ലെ വീണ്ടും കോച്ചായി വരണമെന്നാണ് ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി ആഗ്രഹിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. കുംബ്ലെ സ്ഥാനം ഏറ്റെടുക്കുകയാണ് എങ്കിൽ ഐപിഎൽ ചുമതലകളിൽ നിന്ന് അദ്ദേഹം ഒഴിയേണ്ടി വരും. ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് പരിശീലകനാണ് കുംബ്ലെ. 


2016ൽ 57 പേരിൽ നിന്നാണ് അഭിമുഖം വഴി ബിസിസിഐ കുബ്ലെയെ കോച്ചായി നിയമിച്ചിരുന്നത്. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവരടങ്ങുന്ന ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് കുംബ്ലെയെ ഇന്റർവ്യൂ ചെയ്തിരുന്നത്. ഒരു വർഷത്തേക്കായിരുന്നു നിയമനം. പിന്നീട് നീട്ടി നൽകുകയായിരുന്നു. അതിനിടെ ക്യാപ്റ്റനുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തു. 2017ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കുംബ്ലെ പടിയിറങ്ങുകയും ചെയ്തു.

പിടിച്ചുലയ്ക്കുന്ന അധികാരത്തർക്കം

അതിനിടെ, ടീമിൽ പടലപ്പിണക്കങ്ങൾ മൂർച്ഛിക്കുകയാണ് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ടീമിന്റെ ഉപനായക സ്ഥാനത്തു നിന്ന് രോഹിത് ശർമ്മയെ നീക്കം ചെയ്യാൻ കോലി ചരടുവലി നടത്തിയെന്നാണ് ആരോപണം. രോഹിതിന് പകരം ഏകദിനത്തിൽ കെഎൽ രാഹുലിന്റെയും ടി20യിൽ റിഷഭ് പന്തിന്റെയും പേരുകൾ ക്യാപ്റ്റൻ ബിസിസിഐയോട് നിർദേശിച്ചു എന്നാണ് റിപ്പോർട്ട്.

34 വയസ്സായ രോഹിതിന്റെ പ്രായം ചൂണ്ടിക്കാട്ടിയാണ് കോലി ഉപനായകനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. ഇരുവരും തമ്മിൽ വർഷങ്ങളായി തുടരുന്ന 'ശീതയുദ്ധം' അതിന്റെ മൂർധന്യത്തിലാണ് എന്നാണ് ക്രിക്കറ്റ് വൃത്തങ്ങൾ പറയുന്നത്. ഡ്രസിങ് റൂമിൽ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഈഗോയും പരസ്യമാണ്.

ജോലി ഭാരത്തെ തുടർന്നാണ് ടി20 സ്ഥാനം ഒഴിയുന്നത് എന്നാണ് കോലി ഇൻസ്റ്റഗ്രാം കുറിപ്പിൽ അറിയിച്ചിരുന്നത്. പരിശീലകൻ രവിശാസ്ത്രി, ബിസിസിഐ ഭാരവാഹികൾ, സെലക്ടർമാർ, മുതിർന്ന താരം രോഹിത് ശർമ്മ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും കോലി തന്നെ ക്യാപ്റ്റനായി തുടരും. 


മഹേന്ദ്രസിങ് ധോണി നായകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് വിരാട് കോലി ടീം ഇന്ത്യയുടെ കപ്പിത്താനാകുന്നത്. വിവിധ ഫോർമാറ്റുകളിൽ കോലിക്കു കീഴിൽ മികച്ച പ്രകടനം നടത്തുമ്പോഴും പ്രധാനപ്പെട്ട ഐസിസി ടൂർണമെന്റുകളിലൊന്നും ടീമിന് കിരീടം സമ്മാനിക്കാൻ കോലിക്കായിട്ടില്ല. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി കിരീടം സമ്മാനിക്കാനും താരത്തിനായിട്ടില്ല.

എന്നാൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനെന്ന നിലയിൽ മികച്ച റെക്കോർഡാണ് രോഹിതിനുള്ളത്. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ രോഹിതിന്റെ നായകത്വത്തിലാണ് മുംബൈ ഇന്ത്യൻസ് ഐപിഎൽ ജേതാക്കളായത്. ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിലും രോഹിത്തിന് മികച്ച റെക്കോർഡാണുള്ളത്. കോലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച 10 ഏകദിനങ്ങളിൽ എട്ടിലും വിജയം. ഇതിനു പുറമേ ഏഷ്യാകപ്പ് കിരീടവും ചൂടി. 18 ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് 15 വിജയങ്ങൾ സമ്മാനിച്ചു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News