കൊൽക്കത്തയിലേക്ക് ഗംഭീർ വീണ്ടും വരുന്നു; ഇനി മെന്ററുടെ റോളിൽ
ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ മെന്റർ സ്ഥാനം രാജിവെച്ചാണ് ഗംഭീറിന്റെ കൊല്‍ക്കത്തയിലേക്കുള്ള വരവ്.
കൊല്‍ക്കത്ത: ഇന്ത്യൻ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍) ക്ലബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കു മടങ്ങി മുന്‍ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍. ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ മെന്റർ സ്ഥാനം രാജിവെച്ചാണ് ഗംഭീറിന്റെ കൊല്‍ക്കത്തയിലേക്കുള്ള വരവ്. ടീമിന്റെ മെന്ററായാണ് ഗംഭീർ കൊൽക്കത്തയിലും പ്രവർത്തിക്കുക.
പുതിയ സീസണിൽ കൊല്‍ക്കത്തക്കൊപ്പം ഗംഭീറുമുണ്ടാകും. കൊല്‍ക്കത്ത ക്യാപ്റ്റനായിരുന്ന കാലത്ത് ഗംഭീറിന്റെ കീഴില്‍ ടീം രണ്ടുവട്ടം കിരീടം നേടിയിരുന്നു. ഗംഭീര്‍ ടീമിനൊപ്പം ചേരുന്ന വിവരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സി.ഇ.ഒ വെങ്കി മൈസൂർ സ്ഥിരീകരിച്ചു.
തീരുമാനത്തെ സഹ ഉടമയും ബോളിവുഡ് നടനുമായ ഷാറൂഖ് ഖാനും സ്വാഗതം ചെയ്തു. തങ്ങളുടെ ക്യാപ്റ്റന്റെ തിരിച്ചുവരവാണിതെന്നായിരുന്നു ഷാറൂഖിന്റെ പ്രതികരണം. ഐ.പി.എല്‍ 2023 അവസാനിച്ചതിന് പിന്നാലെ ഗംഭീര്‍, ഷാരൂഖ് ഖാനുമായി കൂടിക്കാഴ്ച നടത്തിരുന്നു. ഇതോടെ ഒരിക്കല്‍ താന്‍ ഐ.പി.എല്‍ ചാമ്പ്യനാക്കിയ ടീമിലേക്ക് ഗംഭീര്‍ തിരിച്ചെത്തിയേക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.
രണ്ടുവർഷമാണ് ഗംഭീർ ലഖ്നോ സൂപ്പർ ജയന്റ്സിന്റെ മെന്ററായി ഉണ്ടായിരുന്നത്. 2022ൽ ടീമിനെ ഫൈനലിലും 2023ൽ മൂന്നാം സ്ഥാനത്തും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ടീമുമായി പിരിയുന്ന കാര്യം അറിയിച്ച് എക്സിൽ വൈകാരിക കുറിപ്പും ഗംഭീർ പങ്കുവെച്ചു.
തനിക്ക് നൽകിയ സ്നേഹത്തിന് താരങ്ങൾക്കും പരിശീലകനും മറ്റു സ്റ്റാഫിനുമെല്ലാം അദ്ദേഹം നന്ദി അറിയിച്ചു. ഞാൻ തുടങ്ങിയിടത്തേക്കുള്ള മടക്കമാണിതെന്ന് ഗംഭീർ മറ്റൊരു പോസ്റ്റിൽ കുറിച്ചു.
Summary- Gambhir returns to Kolkata Knight Riders as team mentor