നായകസ്ഥാനം രോഹിത്തിന് അർഹതപ്പെട്ടത്: സൗരവ് ഗാംഗുലി

നാലഞ്ചു വർഷത്തിനിടയിലെ ടീമിന്റെ മോശം പ്രകടനമായിരുന്നു ഈ വർഷത്തെ ടി20 ലോകകപ്പെന്നും ഗാംഗുലി.

Update: 2021-12-17 02:38 GMT
Editor : Suhail | By : Web Desk
Advertising

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നായകപദവി വിവാദം കത്തിനിൽക്കെ, പുതിയ പരിമിത ഓവർ ഫോർമാറ്റ് ക്യാപ്റ്റൻ രോഹിത് ശർമക്ക് പിന്തുണയുമായി ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. രോഹിത്തിന്റെ കഴിവിന് അർഹതപ്പെട്ടതാണ് നായകസ്ഥാനമെന്ന് ഗാംഗുലി പറഞ്ഞു. ടി20ക്ക് പിന്നാലെ ഏകദിന നായക പദവിയും വിരാട് കോഹ്ലിയിൽ നിന്നും മാറ്റിയതിനെ തുടർന്നുള്ള വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ഗാംഗുലി ഒരു സ്വകാര്യ ചാനലിൽ മനസ് തുറന്നത്.

നിലവിൽ ലഭ്യമായ ഏറ്റവും മികച്ച ചോയിസായിരുന്നു രോഹിത് ശർമ. ടി20 നായക പദവിയിൽ അദ്ദേഹം നല്ല രീതിയിൽ തിളങ്ങിയിട്ടുണ്ട്. ഐ.പി.എല്ലിൽ മുംബൈക്കൊപ്പം അഞ്ചു കിരീടങ്ങൾ. ഡെക്കാൻ ചാർജേസിനൊപ്പം ഒരു കിരീടം. വിരാട് ഒഴിയുമ്പോൾ പിന്നെയുള്ള നല്ല ഓപ്ഷൻ രോഹിത്ത് തന്നെയാണ്. നായകസ്ഥാനത്ത് രോഹിത്തിന്റെ തുടക്കവും മോശമായിരുന്നില്ല. ന്യൂസിലാൻഡിനെതിരായ പരമ്പര 3-0 ന് ആണ് ഇന്ത്യ നേടിയത്. ഈ വർഷത്തേക്കാൾ മികച്ച റിസൽട്ട് അടുത്ത വർഷം മുതൽ ടീം ഇന്ത്യക്ക് ഉണ്ടാകുമെന്നും സൗരവ് പറഞ്ഞു.

2017 ലെ ചാമ്പ്യൻസ് ട്രോഫിയും 2019 ലോകകപ്പിലും നല്ല രീതിയിൽ ടീം കളിച്ചു. എന്നാൽ 2021 ടി20 ലോകകപ്പിൽ പ്രകടനം മോശമായിരുന്നു. നാലഞ്ചു വർഷത്തിനിടയിലെ മോശം പ്രകടനമായിരുന്നു ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പെന്നും ഗാംഗുലി പറഞ്ഞു. പാകിസ്താനെതിരെയും ന്യൂസിലാൻഡിനെതിരെയും നടന്ന ട്വന്റി ട്വന്റി മത്സരങ്ങളിൽ ടീമിന്റെ കഴിവിന്റെ പതിനഞ്ചു ശതമാനം പോലും പുറത്തെടുത്തില്ലെന്നും ഗാംഗുലി വിമര്‍ശിച്ചു.

ടി20 നായകസ്ഥാനത്തു നിന്നും പടിയിറങ്ങിയ വിരാട് കോഹ്ലിയിൽ നിന്ന് ആഴ്ച്ചകളുടെ വ്യത്യാസത്തിൽ ഏകദിന ക്യാപ്റ്റൻ പദവിയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തിരിച്ചെടുക്കുകയായിരുന്നു. വിരാട് കോഹ്ലിയിൽ നിന്നും ഏകദിന ക്യാപ്റ്റൻ പദവി എടുത്തുമാറ്റിയതിൽ സൗരവ് ഗാംഗുലിക്കെതിരെയും ആരാധക പ്രതിഷേധമുണ്ടായിരുന്നു.

കോഹ്ലി ടി20 ക്യാപ്റ്റൻ പദവി ഒഴിയും നേരം താൻ അദ്ദേഹത്തെ വിലക്കിയിരുന്നുവെന്നും, നായകസ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് സൗരവ് ഗാംഗുലി പറഞ്ഞത്. എന്നാൽ പിന്നീട് നടന്ന വാർത്താസമ്മേളനത്തിൽ ഗാംഗുലിയുടെ വാദം തള്ളിയ വിരാട്, തന്നോടാരും ക്യാപ്റ്റാനായി തുടരാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു.

ടീം സെലക്ഷന് ഒന്നര മണിക്കൂർ മുൻപ് മാത്രമാണ് നായകസ്ഥാനത്ത് നിന്ന് നീക്കുന്നതായി അറിയിച്ചത്. ടി 20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ല. എന്നാല്‍ പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി ഒരു പ്രശ്നവുമില്ലെന്നും, അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും കോഹ്‍ലി മാധ്യമങ്ങളോട് പറഞ്ഞു.

അപ്രതീക്ഷിതമായി ഏകദിന നായകത്വം നഷ്ടമായ കോഹ്‍ലി ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. ഒരു ട്വീറ്റിലൂടെയായിരുന്നു ബി.സി.സി.ഐ പുതിയ നായകനെ തീരുമാനിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന മത്സരങ്ങളിൽ നിന്നും കോഹ്‍ലി അവധിയെടുക്കുന്നു എന്ന വാർത്തയും ഇതിനെ തുടര്‍ന്ന് പുറത്തു വന്നിരുന്നു. നായകസ്ഥാനം നഷ്ടമായതിലെ അതൃപ്തിയാണ് അവധിയപേക്ഷക്ക് പിന്നിലെന്നായിരുന്നു വിമർശകരുടെ പക്ഷം. എന്നാല്‍ പര്യടനത്തില്‍ നിന്നും പിന്‍മാറുന്നതായുള്ള വാര്‍ത്തകളും കോഹ്ലി നിഷേധിച്ചു.

BCCI President Sourav Ganguly has come out in support of new limited overs captain Rohit Sharma amid controversy over his captaincy in the Indian cricket team. Ganguly said the captaincy deserves Rohit's talent. Ganguly opened his mind on a private channel amid controversy over the removal of Virat Kohli from the post of ODI captaincy after the T20I.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News