' കോഹ്‌ലി വന്നാലും സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ തന്നെ കളിക്കണം '- പ്രശംസയുമായി ഗംഭീർ
കൊൽക്കത്ത നൈറ്റ് റൈഡേർസിൽ നിന്ന് സൂര്യകുമാറിനെ വിട്ടുകളഞ്ഞത് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസിലൻഡുമായുള്ള ആദ്യ ട്വന്റി-20യിൽ അർധ സെഞ്ച്വറി പ്രകടനത്തോടെ അരങ്ങ് വാണ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. 42 ബോളിൽ 60 റൺസാണ് ഒന്നാം ട്വന്റി-20യിൽ സൂര്യകുമാർ അടിച്ചെടുത്തത്. ഇന്ത്യൻ ചേസിങിന്റെ നട്ടെല്ല് 'സ്‌കൈ' യുടെ ഇന്നിങ്‌സായിരുന്നു.
കോഹ്‌ലി ടീമിൽ തിരിച്ചുവന്നാലും സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ തുടരണമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. ഐപിഎല്ലിൽ ഗൗതം ഗംഭീറിനെ നായകത്വത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേർസിൽ സൂര്യകുമാർ യാദവ് കളിച്ചിരുന്നു.
' അവൻ (സൂര്യകുമാർ യാദവ്) ഏത് ഷോട്ടും കളിക്കും, സ്പിൻ ബോളിനെയും അവൻ നന്നായി നേരിടുന്നുണ്ട്. അവൻ ഒരു 360 ഡിഗ്രി കളിക്കാൻ കഴിവുള്ള ബാറ്റ്‌സ്മാനാണ്. അതുകൊണ്ടുതന്നെ അവനെതിരെ ബോളെറിയാൻ ബുദ്ധിമുട്ടാണ്. ഇനി കോഹ്‌ലി തിരിച്ചുവന്നാലും സൂര്യകുമാറിനെ വൺ ഡൗൺ പൊസിഷനിൽ കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. കോഹ്‌ലി അവനു ശേഷം നാലാം നമ്പറിൽ ഇറങ്ങട്ടെ'' - ഗംഭീർ പറഞ്ഞു.
രോഹിത്തും രാഹുലും ചേർന്ന് നൽകുന്ന സ്‌ഫോടാനാത്മകമായ തുടക്കം മുതലാക്കാൻ മൂന്നാം നമ്പറിൽ സൂര്യകുമാർ വരണമെന്നും പിന്നാലെ വരുന്ന കോഹ്‌ലി നാലാം നമ്പറിൽ നങ്കൂരമിട്ട് കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഗംഭീർ പറഞ്ഞു.
' അത് ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് ചെയ്യുന്നത് പോലെയാണ്, നമ്മുക്ക് പെട്ടെന്ന് വിക്കറ്റുകൾ നഷ്ടമായാലും ഇത്തരത്തിലുള്ള ബാറ്റിങ് ഓർഡറുണ്ടെങ്കിൽ കോലിക്ക് മിഡിൽ ഓർഡർ തകരാതെ പിടിച്ചു നിർത്താനാകും'' - ഗംഭീർ കൂട്ടിച്ചേർത്തു.
കൊൽക്കത്ത നൈറ്റ് റൈഡേർസിൽ നിന്ന് സൂര്യകുമാറിനെ വിട്ടുകളഞ്ഞത് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ് സൂര്യകുമാർ യാദവ്.
Summary: Gambhir is of the opinion that Suryakumar Yadav should remain at number three even if Kohli returns to the team.