'അയാളിൽ ധോണിയും കോഹ്ലിയുമുണ്ട്'; അടുത്ത പത്ത് വർഷത്തെ ഇന്ത്യന്‍ നായകന്‍ ആരാകണമെന്ന് മനസ്സ് തുറന്ന് ഗ്രേം സ്വാൻ
രോഹിത് ശര്‍മയുടെ പേര് പലരും പറയുന്നുണ്ട്, എന്നാല്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാവിയാണ് താന്‍ ആലോചിച്ചതെന്ന് സ്വാന്‍
വിരാട് കോഹ്ലിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനത്ത് ആര് എന്ന ചോദ്യം വിവിധയിടങ്ങളിൽ നിന്ന് ഉയർന്നു കേൾക്കുന്നുണ്ട്. ന്യൂസിലന്‍റിനെതിരായ ട്വന്‍റി -20 പരമ്പരക്കുള്ള ക്യാപ്റ്റനായി രോഹിത് ശർമയെ പ്രഖ്യാപിച്ചതോടെ അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാണെന്ന സൂചനകള്‍ ആരാധകര്‍ക്ക് ഏറെക്കുറെ ലഭിച്ചുകഴിഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ കൂട്ടത്തില്‍ രോഹിത് ശർമയുടെ പേരാണ് മുമ്പ് ഏറ്റവും കൂടുതൽ ഉയർന്ന് കേട്ടിരുന്നതും.
എന്നാൽ വ്യത്യസ്തമായൊരു അഭിപ്രായമാണ് മുൻ ഇംഗ്ലീഷ്സ്പിന്നർ ഗ്രേം സ്വാൻ പങ്കുവക്കുന്നത്. ഇന്ത്യയുടെ അടുത്ത പത്ത് വർഷത്തേക്കുള്ള ക്യാപ്റ്റൻ ആരാവണമെന്ന് മനസ്സ് തുറക്കുകയാണ് ഗ്രേം സ്വാൻ. റിഷബ് പന്ത് ഇന്ത്യൻ ടീമിന്‍റെ അടുത്ത 10 വർഷത്തെ ക്യാപ്റ്റനാവണം എന്നാണ് സ്വാൻ പറയുന്നത്.
'രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനാവണം എന്ന് പലർക്കും ആഗ്രഹമുണ്ടാവും. എന്നാൽ ഞാൻ ടീമിന്‍റെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നത്. അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യയുടെ ക്യാപ്റ്റനാവാൻ ഏറ്റവും യോഗ്യൻ റിഷബ് പന്താണ്. ഡൽഹിയിൽ അദ്ദേഹം ക്യാപ്റ്റനായിരിക്കെ തന്നെ ടീമിന് വേണ്ടി വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത്. അയാളിൽ വിരാട് കോഹ്ലിയും മഹേന്ദ്ര സിങ് ധോണിയുമുണ്ട്. ക്യാപ്റ്റനായിരിക്കെ തന്നെ ഡൽഹിക്ക് വേണ്ടി സമ്മർദങ്ങളൊന്നുമില്ലാതെ അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. രോഹിത് ശർമയുടെ പേര് ഞാൻ പറയാത്തത് അദ്ദേഹത്തിന്‍റെ പ്രായം പരിഗണിച്ച് മാത്രമാണ്. റിഷബ് പന്തിന് ഇന്ത്യൻ ടീമിനായി ഇനിയും ഒരുപാട് കാലം കളിക്കാനാവും'. സ്വാൻ പറഞ്ഞു