ആളുമാറി ടീമിലെത്തി ഹീറോയായി ശശാങ്ക്; പഞ്ചാബ് കിങ്‌സിന് മൂന്ന് വിക്കറ്റ് ജയം

അവിശ്വസിനീയമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ നിന്നാണ് ശശാങ്ക് സിങ് ടീമിനെ തിരിച്ചുകൊണ്ടുവന്നത്.

Update: 2024-04-04 18:19 GMT
Editor : Sharafudheen TK | By : Sports Desk
Advertising

അഹമ്മദാബാദ്: ലേലത്തിൽ ആളുമാറി അബദ്ധത്തിൽ പഞ്ചാബ് കിങ്‌സ് ടീമിലെത്തി ഹീറോയായി ശശാങ്ക് സിങ്. നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയ ലക്ഷ്യമായ 200 റൺസ് പിന്തുടർന്ന പഞ്ചാബ് കിങ്‌സ് ഒരുപന്ത് ബാക്കിനിൽക്കെ മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. 29 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്ന ശശാങ്ക് സിങിന്റെ ഉജ്ജ്വല ബാറ്റിങാണ്  ടീമിന് വിജയമൊരുക്കിയത്. 17 പന്തിൽ 31 റൺസുമായി അഷുതോഷ് ശർമ്മയും  പിന്തുണ നൽകി. സ്‌കോർ ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199. പഞ്ചാബ് 19.5 ഓവറിൽ 200-7. നൂർ അഹമ്മദ് ഗുജറാത്തിനായി രണ്ട് വിക്കറ്റ് നേടി.

അവിശ്വസിനീയമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ നിന്നാണ് ശശാങ്ക് സിങ് ടീമിനെ തിരിച്ചുകൊണ്ടുവന്നത്. റാഷിദ്ഖാനും മോഹിത് ശർമ്മയും നൂർ അഹമ്മദും അടങ്ങിയ ശക്തമായ ബൗളിങ് നിരയുള്ള ഗുജറാത്തിനെതിരെ ഡെത്ത് ഓവറുകളിൽ ആഞ്ഞടിച്ചാണ് സന്ദർശകർ ജയം പിടിച്ചത്. നേരത്തെ സ്‌കോർബോർഡിൽ 13 റൺസ് തെളിയുമ്പോൾ ഫോമിലുള്ള ക്യാപ്റ്റൻ ശിഖർ ധവാനെ പഞ്ചാബിന് നഷ്ടമായി. എന്നാൽ പ്രഭ്‌സിമ്രാനും-ജോണി ബെയിസ്‌റ്റോയും ചേർന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. നൂർ അഹമ്മദിന്റെ ഓവറിൽ 13 പന്തിൽ 22 റൺസുമായി ഇംഗ്ലീഷ് താരം കൂടാരംകയറി. ടീം സ്‌കോർ ൬൩ ൽ നിൽക്കെ പ്രഭ്‌സിമ്രാനും(35) പുറത്തായതോടെ  പഞ്ചാബ് വലിയ തിരിച്ചടിനേരിട്ടു. ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൺ(5) വേഗത്തിൽ മടങ്ങി.

ലിവിങ്‌സ്റ്റണ് പകരം ടീമിലെത്തിയ സിക്കന്തർ റാസ(15) മോഹിത് ശർമ്മയുടെ ഓവറിൽ മടങ്ങിയതോടെ ടീം ഏറെകുറെ തോൽവി അഭിമുഖീകരിച്ചു. എന്നാൽ ഇവിടെ മുതൽ കളിമാറുകയായിരുന്നു. ആദ്യം ജിതേഷ്-ശശാങ്ക് കൂട്ടുകെട്ടും പിന്നീട് ശശാങ്ക്-അഷുതോഷ് സഖ്യവും ഗുജറാത്തിൽനിന്ന് മത്സരം തട്ടിയകറ്റി. 8 പന്തിൽ രണ്ട് സിക്‌സർ സഹിതം 16 റൺസുമായി റാഷിദ് ഖാന്റെ ഓവറിൽ ജിതേഷ് ശർമ്മ മടങ്ങി. എന്നാൽ ഇംപാക്ട് പ്ലെയറായെത്തിയ അഷുതോഷ് തകർത്തടിച്ചു. ഇതോടെ മൂന്നാംജയം കൊതിച്ച ഗുജറാത്തിന് സ്വന്തം തട്ടകത്തിൽ നിരാശ. നിലവിൽ പോയന്റ് ടേബിളിൽ പഞ്ചാബ് നാലാമതും ഗുജറാത്ത് അഞ്ചാമതുമാണ്.

നേരത്തെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ നിശ്ചിത 20 ഓവറിൽ 199 റൺസിന്റെ വമ്പൻ സ്‌കോറാണ് പടുത്തുയർത്തിയത്. ശുഭ്മാൻ ഗിൽ 48 പന്തിൽ 89 റൺസുമായി പുറത്താകാതെ നിന്നു. ഈ സീസണിലെ ഉയർന്ന വ്യക്തിഗത സ്‌കോറാണിത്. അവസാന ഓവറുകളിൽ ഗിലിനൊപ്പം രാഹുൽ തെവാത്തിയ എട്ട് പന്തിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്സറും സഹിതം 23 റൺസുമായി തകർത്തടിച്ചതോടെ സ്വന്തം തട്ടകത്തിൽ മികച്ച സ്‌കോറിലേക്ക് ഗുജറാത്തെത്തി. ഹർഷൽ പട്ടേൽ എറിഞ്ഞ 19ാം ഓവറിൽ 20 റൺസാണ് അടിച്ചെടുത്തത്.

പഞ്ചാബിനെതിരെ ഗുജറാത്തിന്റെ തുടക്കം മികച്ചതായിരുന്നില്ല. ടീം സ്‌കോർ 29ൽ നിൽക്കെ വൃദ്ധിമാൻസാഹയെ (11) നഷ്ടമായി. കഗിസോ റബാഡെയുടെ ഓവറിൽ ശിഖർ ധവാൻ പിടിച്ച് പുറത്താക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ കെയിൽ വില്യംസണും വലിയ ഇന്നിങ്സിലേക്കെത്താനായില്ല. 22 പന്തിൽ 26 റൺസെടുത്ത ന്യൂസിലാൻഡ് ക്യാപ്റ്റൻ ഹർപ്രീത് ബ്രാറിന്റെ സ്പിൻ കെണിയിൽ ജോണി ബെയിസ്റ്റോക്ക് ക്യാച്ച് നൽകി മടങ്ങി. എന്നാൽ സായ് സുദർശൻ-ഗിൽ കൂട്ടുകെട്ട് മധ്യ ഓവറുകളിൽ ഗുജറാത്ത് സ്‌കോറിംഗ് ഉയർത്തി. 19 പന്തിൽ ആറു ബൗണ്ടറിയുമായി 33 റൺസുമായി തകർത്തുകളിച്ച സായ് സുദർശനെ ഹർഷൽ പട്ടേൽ സ്ലോബൗളിൽ കുരുങ്ങി.

ഡെത്ത് ഓവറുകളിൽ ശുഭ്മാൻ ഗിൽ-തെവാത്തിയ കൂട്ടുകെട്ട് തുടരെ സിക്സറും ബൗണ്ടറിയും പായിച്ചതോടെ മികച്ച സ്‌കോറിലേക്കെത്താനായി. പഞ്ചാബ് നിരയിൽ കഗിസോ റബാഡെ രണ്ട് വിക്കറ്റുമായി തിളങ്ങി. പരിക്കേറ്റ ലയാം ലിവിംഗ്സ്റ്റണിന് പകരം സിക്കന്ദർ റാസ പഞ്ചാബ് കിംഗ്സിൻറെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോൾ പരിക്കേറ്റ ഡേവിഡ് മില്ലറിന് പകരക്കാരനായാണ് കെയ്ൻ വില്യംസൻ ടീമിലെത്തിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News