കില്ലര്‍ മില്ലര്‍, വെടിക്കെട്ടുമായി റാഷിദ്; ഗുജറാത്തിന് തകര്‍പ്പന്‍ ജയം
മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്
അർധ സെഞ്ച്വറിയുമായി ഡേവിഡ് മില്ലറും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് റാഷിദ് ഖാനും കളം നിറഞ്ഞു കളിച്ചപ്പോള്‍ ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. മില്ലർ 50 പന്തിൽ നിന്ന് 6 സിക്‌സുകളുടേയും 8 ഫോറുകളുടേയും അകമ്പടിയിൽ 94 റൺസെടുത്തു. റാഷിദ് ഖാന്‍ 21 പന്തില്‍ 3 സിക്സുകളുടേയും 2 ഫോറുകളുടേയും അകമ്പടിയില്‍ 40 റണ്‍സെടുത്തു പുറത്തായി.
18ാം ഓവറില്‍ ക്രിസ് ജോര്‍ഡാനെ മൂന്ന് സിക്സറും ഒരു ഫോറും പറത്തി റാഷിദാണ് കളി ഗുജറാത്തിന്‍റെ വരുതിയിലാക്കിയത്. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈ മത്സരത്തിലേക്ക് തിരിച്ചു വന്നെങ്കിലും ഒരു പന്ത് ബാക്കി നില്‍ക്കെ മില്ലര്‍ കളി ചെന്നൈയുടെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ചെടുത്തു. ചെന്നൈക്കായി മഹേഷ് തീക്ഷ്ണ രണ്ടു വിക്കറ്റ് വീഴ്ത്തി.
സീസണിൽ ഫോം കണ്ടെത്താൻ കഷ്ടപ്പെട്ടു കൊണ്ടിരുന്ന ഋതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്‌സിന് നേരത്തെ മികച്ച സ്‌കോർ സമ്മാനിച്ചത്.. ഗെയ്ക് വാദ് 48 പന്തിൽ അഞ്ച് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ 73 റൺസെടുത്തു. 46 റൺസെടുത്ത അംബാട്ടി റായിഡു ഗെയ്ക് വാദിന് മികച്ച പിന്തുണയാണ് നൽകിയത്. അവസാന ഓവറില്‍ ഫെര്‍ഗൂസണെ തുടരെ രണ്ടു സിക്സര്‍ പറത്തി ക്യാപ്റ്റന്‍ ജഡേജ മനോഹരമായാണ് ചെന്നൈ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഗുജറാത്തിനായി അൽസാരി ജോസഫ് രണ്ടു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്‌കോർ ഏഴിൽ നിൽക്കെ ഓപ്പണർ റോബിൻ ഉത്തപ്പയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ചെന്നൈയെ ആദ്യ പ്രഹരമേൽപ്പിച്ചത്. ആഞ്ചാം ഓവറിൽ മുഈന്‍ അലിയെ അൽസാരി ജോസഫ് കൂടാരം കയറ്റി. പിന്നീട് ഒത്തു ചേർന്ന ഗെയ്ക് വാദ് റായിഡു ജോഡി ചെന്നൈ സ്‌കോർ ബോർഡ് അതിവേഗം ഉയർത്തി. ഇരുവരും ചേർന്ന് 56 പന്തിൽ 92 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 14ാം ഓവറിലാണ് ഈ കൂട്ടുകെട്ട് വേർപിരിഞ്ഞത്. അംബാട്ടി റായിഡുവിനെ അൽസാരി ജോസഫ് വിജയ് ശങ്കറിന്‍റെ കൈകളിലെത്തിച്ചു. 16ാം ഓവറിൽ ഗെയ്ക് വാദും കൂടാരം കയറി. യാഷ് ദയാലിനാണ് ഗെയ്ക് വാദിന്റെ വിക്കറ്റ്.