അര്‍ധ സെഞ്ച്വറിയും നാല് വിക്കറ്റുമൊന്നുമല്ല, ഒന്നാം ടി20 യില്‍ ഇതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിമിഷം: ഹര്‍ദിക് പാണ്ഡ്യ
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി.20 മത്സരത്തിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും കളം നിറഞ്ഞു കളിച്ച ഹർദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സാണ് ഇന്ത്യൻ വിജയത്തിൽ ഏറെ നിർണ്ണായകമായത്
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി.20 മത്സരത്തിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും കളം നിറഞ്ഞു കളിച്ച ഹർദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സാണ് ഇന്ത്യൻ വിജയത്തിൽ ഏറെ നിർണ്ണായകമായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 51 റൺസെടുത്ത പാണ്ഡ്യയുടെ മികവിൽ 198 റൺസാണ് അടിച്ചു കൂട്ടിയത്. പിന്നീട് നാല് വിക്കറ്റുകളുമായി ബോളിങ്ങിലും പാണ്ഡ്യ നിറഞ്ഞാടി. പാണ്ഡ്യ തന്നെയായിരുന്നു കളിയിലെ താരവും.
മത്സരത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ ഹർദിക് പാണ്ഡ്യ.
" ആ അർധ സെഞ്ച്വറിയോ നാല് വിക്കറ്റുകളോ അല്ല മത്സരത്തിലെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട നിമിഷം. മത്സരത്തിൽ ഒരിക്കൽ 145 കിലോമീറ്റർ വേഗതയിൽ എനിക്ക് പന്തെറിയാനായി.. അതാണാ അവിസ്മരണീയ നിമിഷം. എന്‍റെ പരിശീലകർക്കാണ് ഇതിന്‍റെ ക്രെഡിറ്റ് മുഴുവൻ" പാണ്ഡ്യ പറഞ്ഞു.
മത്സരത്തിന് ശേഷം ബി.സി.സി.ഐ ടി.വിക്കായി സഹതാരം ഇഷാൻ കിഷനോടൊപ്പം നടത്തിയ സംഭാഷണത്തിലാണ് ഹർദിക് മനസ്സു തുറന്നത്. ബി.സി.സി.ഐ ഈ വീഡിയോ തങ്ങളുടെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.