രോഹിത് ടി20-ഏകദിന ക്യാപ്റ്റൻസി ഒഴിയേണ്ടിവരും; പുതിയ നായകൻ ഉടനെന്ന് റിപ്പോർട്ട്
ജസ്പ്രീത് ബുംറ, കെ.എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരെ ഭാവി നായകന്മാരായി വളർത്തിക്കൊണ്ടുവരാനാണ് ബി.സി.സി.ഐ ലക്ഷ്യമിട്ടിരുന്നതെന്ന് സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാൻ ചേതൻ ശർമ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു
ന്യൂഡൽഹി: വിരാട് കോഹ്ലിക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത രോഹിത് ശർമയ്ക്ക് അധികകാലം ഇന്ത്യൻ സംഘത്തെ നയിക്കാനാകില്ലെന്ന് റിപ്പോർട്ട്. ഏകദിനത്തിലും ടി20യിലും ഇന്ത്യയെ നയിക്കാൻ സൂപ്പർ താരം ഹർദിക് പാണ്ഡ്യ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ബി.സി.സി.ഐ വൃത്തങ്ങളാണ് വാർത്താ ഏജൻസികളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
2021 ടി20 ലോകകപ്പ് പരാജയത്തിനു പിന്നാലെയാണ് രോഹിത് ശർമ വിരാട് കോഹ്ലിയിൽനിന്ന് ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. 2021 ഡിസംബറിൽ ഏകദിനത്തിലും പിന്നാലെ ടെസ്റ്റിലും രോഹിതിനെ ബി.സി.സി.ഐ നായകനായി നിയമിച്ചു. എന്നാൽ, പുതിയ നായകനു കീഴിലും ഇന്ത്യയ്ക്ക് ലോകകപ്പ് സ്വന്തമാക്കാനായില്ല. ആസ്‌ട്രേലിയയിൽ കഴിഞ്ഞ മാസം നടന്ന ടൂർണമെന്റിൽ ഇന്ത്യ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് പത്തു വിക്കറ്റിനു തോൽക്കുകയായിരുന്നു.
ഇതിനു പുറമെ പ്രായവും പരിക്കും ക്രിക്കറ്റ് ബോർഡിന്റെ ആശങ്കയിലുണ്ട്. ഇപ്പോൾ തന്നെ 35 വയസുള്ള രോഹിതിനെ അധികകാലം ആശ്രയിക്കാനാകില്ല. അതിനാൽ, യുവതലമുറയിൽനിന്ന് നല്ലൊരു നായകനെ കണ്ടെത്തണമെന്ന ചിന്ത ബോർഡിന് ആദ്യമേയുണ്ട്. ടി20, ഏകദിന ലോകകപ്പുകൾ തൊട്ടടുത്ത് എത്തിനിൽക്കുന്നതിനാൽ അധികം ഉടച്ചുവാർക്കൽ വേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു രോഹിതിനെ തന്നെ നായകസ്ഥാനത്ത് നിലനിർത്തിയത്.
എന്നാൽ, നിരന്തരം പരിക്കിന്റെ പിടിയിലുള്ള രോഹിതിനു പകരക്കാരനായി ഹർദികിനെ ഇപ്പോൾ തന്നെ അവതരിപ്പിക്കാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. താരവുമായി ബോർഡ് ക്യാപ്റ്റൻസി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, പ്രതികരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് താരമെന്നാണ് ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തത്.
2022ൽ ആദ്യ ഐ.പി.എൽ സീസൺ കളിച്ച ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടിക്കൊടുത്ത നായകനാണ് ഹർദിക് പാണ്ഡ്യ. ടൂർണമെന്റിലൂടെ ഹർദിക് തന്റെ ലീഡർഷിപ്പ് യോഗ്യത തെളിയിച്ചതാണ്. ഇതെല്ലാം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ മനസിലുണ്ട്. ടി20യിലും ഏകദിനത്തിലും പാണ്ഡ്യയെ നായകനാക്കാനാണ് നീക്കം. ടെസ്റ്റിൽ മറ്റൊരു നായകനെയും തിരഞ്ഞെടുക്കേണ്ടിവരും.
പുതിയ നീക്കത്തിൽ ബി.സി.സി.ഐ ഔദ്യോഗികമായി തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. നേരത്തെ, ജസ്പ്രീത് ബുംറ, കെ.എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരെ ഭാവി നായകന്മാരായി വളർത്തിക്കൊണ്ടുവരാനാണ് ബി.സി.സി.ഐ ലക്ഷ്യമിട്ടിരുന്നത്. ടെസ്റ്റിൽ ബുംറയെയും രാഹുലിനെ ഏകദിനത്തിലും പന്തിനെ ടി20യിലും ക്യാപ്റ്റൻ റോളിൽ പരീക്ഷിക്കാനായിരുന്നു നീക്കമെന്നും സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാൻ ചേതൻ ശർമ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Summary: Hardik Pandya will take over Rohit Sharma as India's ODI, T20I captain: reports