ടി20യിൽ മാറ്റങ്ങളുണ്ടാകും: ഹാർദിക് പാണ്ഡ്യയുടെ കീഴിൽ പുതിയ ടീം വരും

സെമിയില്‍ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇതാണ് ബി.സി.സി.ഐയെ പുതിയ നീക്കത്തിലേക്ക് നയിക്കുന്നത്.

Update: 2022-11-12 12:03 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ടി20 ലോകകപ്പിലെ  തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇതാണ് ബി.സി.സി.ഐയെ പുതിയ നീക്കത്തിലേക്ക് നയിക്കുന്നത്.  

ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനം തുടരുകയാണ്. പല കളിക്കാരേയും മാറ്റണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സീനിയറായ കളിക്കാരില്‍ ചിലര്‍ക്ക് ദേശീയ ടീമിലെ സ്ഥാനം നഷ്ടമാകും. യുവ കളിക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയും ചെയ്യും.

ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള പുതിയ ട്വന്റി 20 ടീമാകും ഇനി വരുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടോപ് ഓര്‍ഡറിലെത്തും. മലയാളി താരം സഞ്ജു സാംസണും സാധ്യതയുണ്ട്. സഞ്ജുവിനെ ടീമിലെത്തിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ മുറവിളിയുണ്ട്. രണ്ടുവര്‍ഷം കഴിഞ്ഞേയുള്ളൂ ഇനി ട്വന്റി 20 ലോകകപ്പ്. അന്ന് 37 വയസ്സാകുന്ന രോഹിത് ക്യാപ്റ്റനാകാനോ ടീമിലുണ്ടാകാനോ തന്നെ സാധ്യതയില്ല.

ഏഷ്യാ കപ്പിന് പിന്നാലെ ലോകകപ്പിലേയും നിരാശാജനകമായ പ്രകടനം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് തിരിച്ചടിയാണ്. ലോകകപ്പില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 116 റണ്‍സ് മാത്രം നേടിയ രോഹിത് ബാറ്റിങ്ങിലും പരാജയമായിരുന്നു. അതേസമയം കെ.എല്‍. രാഹുലിന്റെ കാര്യം എന്താകുമെന്ന് നിശ്ചയമില്ല. താരത്തിനെതിരെയും വിമര്‍ശനമുണ്ട്.

എന്നാല്‍, മുതിര്‍ന്ന താരങ്ങളുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടതായി അറിയുന്നു. എന്നാല്‍ ദ്രാവിഡിനെ തന്നെ മാറ്റണമെന്ന് ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെടുകയുണ്ടായി. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News