ഹർമൻപ്രീതിന് വിലക്ക് വന്നേക്കും: നടപടിക്കൊരുങ്ങി ഐ.സി.സി, കാര്യങ്ങൾ വിലയിരുത്തി ബി.സി.സി.ഐ
ഔട്ട് വിധിക്കാനുള്ള അമ്പയറുടെ തീരുമാനത്തിനെതിരെ സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചാണ് കൗർ തന്റെ ദേഷ്യം തീർത്തത്.
ധാക്ക: ബംഗ്ലാദേശിനെതിരായ വിവാദങ്ങളുടെ പശ്ചാതലത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി ഐ.സി.സി. നാല് ഡീമെറിറ്റ് പോയിന്റുകൾ താരത്തിനെതിരെ ചുമത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ മത്സര വിലക്ക് ലഭിക്കും.
അതേസമയം പിഴ സംബന്ധിച്ച് ഐ.സി.സി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഐ.സി.സിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 2 കുറ്റമാണ് കൗർ നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ പിഴവ് വരുത്തുന്ന ആദ്യ വനിതാ താരമാണ് കൗർ.
സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചത് ഉള്‍പ്പെടെയുള്ള പെരുമാറ്റത്തിന് 50 ശതമാനവും സമ്മാനദാന ചടങ്ങിനിടെ നടത്തിയ മോശം പ്രതികരണത്തിന് 25 ശതമാനവുമാണ് പിഴ ചുമത്തിയേക്കുക. ഇതിനെല്ലാം പുറമെയാണ് മത്സരവിലക്കിനുള്ള സാധ്യതയും നിലനില്‍ക്കുന്നത്. അങ്ങനെ വന്നാല്‍ ഏഷ്യന്‍ ഗെയിംസിലെ രണ്ട് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും.
ഔട്ട് വിധിക്കാനുള്ള അമ്പയറുടെ തീരുമാനത്തിനെതിരെ സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചാണ് കൗർ തന്റെ ദേഷ്യം തീർത്തത്. മടങ്ങവെ അമ്പയറോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും മത്സര ശേഷം സമ്മാനദാനചടങ്ങിൽ ബംഗ്ലാദേശ് താരങ്ങളെ അപമാനിക്കുകയും ചെയ്തു. നിങ്ങളെ ജയിപ്പിച്ച അമ്പയറെക്കൂടി ഫോട്ടോഷൂട്ടിന് വിളിക്കൂ എന്നായിരുന്നു കൗറിന്റെ പ്രതികരണം.
അതേസമയം മാച്ച ഓഫീഷ്യൽസ് മൂന്ന് ഡിമെറിറ്റ് പോയിന്റുകൾ ചുമത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാച്ച് ഒഫീഷ്യൽസിനെ കുറ്റപ്പെടുത്തിയതിനും സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചതുമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐ.സി.സിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ബി.സി.സി.ഐ ഇക്കാര്യത്തിൽ ഐ.സി.സിയുമായി സംസാരിക്കുന്നുണ്ടെന്നാണ് വിവരം.