പരിശീലനത്തിനിടെ ഗ്രൗണ്ടിൽ ഹെലികോപ്ടർ: അന്തംവിട്ട് റസലും തമീം ഇഖ്ബാലും, വിശദീകരണം
മിനിസ്റ്റർ ഗ്രൂപ്പ് ധാക്ക ടീമിന്റെ പരിശീലനത്തിനിടെയാണ് അപ്രതീക്ഷിതമായി ഹെലികോപ്ടർ ഗ്രൗണ്ടിലിറങ്ങിയത്. പരിശീലനത്തിനെത്തിയ കളിക്കാരൊന്നടങ്കം അമ്പരന്നു. ചിലർ ഗ്രൗണ്ടിൽ നിന്ന് ഓടിപ്പോകുകയും ചെയ്തു.
ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ(ബി.പി.എല്‍) കളിക്കാരുടെ പരിശീലനത്തിനിടെ നാടകീയ സംഭവങ്ങൾ. മിനിസ്റ്റർ ഗ്രൂപ്പ് ധാക്ക ടീമിന്റെ പരിശീലനത്തിനിടെയാണ് അപ്രതീക്ഷിതമായി ഹെലികോപ്ടർ ഗ്രൗണ്ടിലിറങ്ങിയത്. ഇവിടെയുണ്ടായിരുന്ന കളിക്കാരൊന്നടങ്കം അമ്പരന്നു. ചിലർ ഗ്രൗണ്ടിൽ നിന്ന് ഓടിപ്പോകുകയും ചെയ്തു. ചിറ്റഗോങിലെ എം.എ അസിസ് സ്റ്റേഡിയത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ഇന്റർനാഷണണൽ താരങ്ങളായ വെസ്റ്റ്ഇൻഡീസിന്റെ ആൻഡ്രെ റസൽ, ബംഗ്ലാദേശിന്റെ തമിം ഇഖ്ബാൽ, മഷ്‌റഫെ മൊർതാസ തുടങ്ങിയ കളിക്കാർ ഇവിടെ നെറ്റ്സില്‍ പരിശീലനത്തിലായിരുന്നു. അതിനിടെയാണ് ഹെലികോപ്ടർ ഗ്രൗണ്ടിലിറങ്ങിയത്. ആദ്യമൊന്ന് ഭയന്നെങ്കിലും എയർ ആംബുലൻസായി ഉപയോഗിക്കുന്ന ഹെലികോപ്ടറാണിതെന്ന് പിന്നീടാണ് മനസിലായത്. ഒരു രോഗിക്ക് അത്യാവശ്യമായതിനലാണ് ഹെലികോപ്ടർ ഗ്രൗണ്ടിലിറക്കിയതെന്നാണ് വിശദീകരണം. ഇതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയും ഉണ്ടായിരുന്നു. ഇക്കാര്യം സ്‌പോർട്‌സ് അസോസിയേഷനെ അറിയിച്ചിരുന്നുവെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
എന്നാല്‍ ബി.പി.എൽ സംഘാടകർക്കോ ധാക്ക ടീമിനോ ഇതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നാണ് വിവരം. അതേസമയം സ്റ്റേഡിയത്തിന്റെ കീഴക്ക് ഭാഗത്താണ് ഹെലികോപ്ടറിന് ഇറങ്ങാൻ അനുമതി കൊടുത്തതെന്നും എന്നാൽ ലാൻഡ് ചെയ്തത് കളിക്കാർ പ്രാക്ടീസ് ചെയ്തിരുന്ന ഭാഗത്തായതാണ് പരിഭ്രാന്തി സൃഷ്ടിച്ചതെന്നുമാണ് ഒടുവിലത്തെ വിശദീകരണം. മറ്റു സുരക്ഷാകാര്യങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ട് വന്നിട്ടില്ല.
അതേസമയം ഐപിഎല്ലിന് ബംഗ്ലാദേശിൽ നിന്ന് അഞ്ച് താരങ്ങളാണ് അന്തിമപട്ടികയിൽ ഇടം നേടിയത്. വെസ്റ്റ്ഇൻഡീസിൽ നിന്ന് 34, ദക്ഷിണാഫ്രിക്കയിൽ നിന്ന് 33, ന്യൂസിലാൻഡിൽ നിന്ന് 24 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്ന് ഐപിഎല്ലിന് രജിസ്റ്റർ ചെയ്ത കളിക്കാർ. 590 താരങ്ങളുടെ പട്ടികയാണ് ബി.സി.സി.ഐ പ്രസിദ്ധീകരിച്ചത്. ബംഗളൂരുവില്‍ ഫെബ്രുവരി 12,13 തിയതികളിലാണ് ലേലം നടക്കുക.
Helicopter lands suddenly in Chattogram when Andre Russell, Tamim Iqbal were practising