ഇൻസ്റ്റഗ്രാമിൽ ഉയർന്ന പ്രതിഫലം പറ്റുന്ന ഇന്ത്യക്കാരൻ ഷാറൂഖ് ഖാനോ ധോണിയോ അല്ല
ഫോളോവേഴ്‌സിന്റെ എണ്ണം നോക്കിയും താരപ്പകിട്ട് നോക്കിയിട്ടുമൊക്കെയാണ് പരസ്യക്കാർ പണം ചെലവഴിക്കുന്നത്.
മുംബൈ: ഇഷ്ടതാരങ്ങളെ പിന്തുടരാനും വിശേഷങ്ങൾ അറിയാനും ഇൻസ്റ്റഗ്രാമിനെയാണ് ഇന്ന് യുവാക്കൾ ഏറെയും ആശ്രയിക്കുന്നത്. അതിനാൽ തന്നെ പരസ്യക്കാർ ഇതുവഴിയാണ് ഇപ്പോൾ ചിന്തിക്കുന്നത് തന്നെ. ഒരോ മാർക്കറ്റിങിനും താരങ്ങൾ പണം പറ്റുന്നുണ്ട്. ഫോളോവേഴ്‌സിന്റെ എണ്ണം നോക്കിയും താരപ്പകിട്ട് നോക്കിയിട്ടുമൊക്കെയാണ് പരസ്യക്കാർ പണം ചെലവഴിക്കുന്നത്.
ഓരോ മേഖലയിലെ താരങ്ങൾക്കും ഇൻസ്റ്റഗ്രാമിൽ ആരാധക പിന്തുണ ഏറെയാണ്. ഇടുന്ന ഒരോ പെയ്ഡ് പോസ്റ്റുകൾക്കും കോടികളാണ് താരങ്ങൾ സമ്പാദിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. ഷാറൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അമിതാഭ് ബച്ചൻ എം.എസ് ധോണി തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ ഇൻസ്റ്റഗ്രാമിൽ പണം പറ്റുന്ന ഇന്ത്യക്കാരുടെ കൂട്ടത്തിലുണ്ട്. എന്നാൽ ആരാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെന്നാണ് അതിന് ഉത്തരം. അണ്ടർ 19 ക്രിക്കറ്റിലൂടെ എത്തി ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതങ്ങളിൽ എത്തിച്ചേർന്ന കോഹ്‌ലി, നായക മികവിനാലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബോളിവുഡ് താരം അനുഷ്‌ക ശർമ്മയെ വിവാഹം ചെയ്തതാടെ താരജോഡികൾ എന്ന പകിട്ടും കോഹ്‌ലിയെ തേടിയെത്തി. ഫിറ്റ്‌നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന കോഹ്‌ലി ഇക്കാര്യത്തിൽ മറ്റുള്ളവർക്ക് മാതൃകയുമാണ്. ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വസിക്കുകയാണെങ്കിൽ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് കോഹ്‌ലി ഒമ്പത് കോടിയാണ് വാങ്ങുന്നത്. ലോകത്തെ ഇൻസ്റ്റഗ്രാമിലെ 100ഉയർന്ന പ്രതിഫലക്കാരെ നോക്കുകയാണെങ്കിൽ അതിൽ ഇടം നേടിയ രണ്ട് ഇന്ത്യക്കാരിൽ ഒരാളാണ് കോഹ്‌ലി. മറ്റൊന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ്.
ഓരോ പോസ്റ്റിനും 3.5 കോടിയാണ് പ്രിയങ്ക വാങ്ങുന്നത്. യു.കെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോപ്പർ എച്ച്.ക്യു എന്ന റിസർച്ച് കമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോളിവുഡിലെ കിങ് ഖാനായ ഷാറൂഖിനോ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർക്കോ എം.എസ് ധോണിക്കോ ഇങ്ങനെയൊരു കോടിനേട്ടം അവകാശപ്പെടാനില്ല. ഇടക്കാലത്ത് ഫോമിന് പുറത്തായിരുന്നതിനാല്‍ കോഹ്‌ലിയുടെ കാലം കഴിഞ്ഞെന്ന് വരെ പറഞ്ഞിരുന്നുവെങ്കിലും അവയെയെല്ലാം കാറ്റിൽപറത്തി അതിശക്തമായ തിരിച്ചുവരവ് നടത്തി എല്ലാവരെയും ഞെട്ടിച്ചു. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പാണ് ഇനി കോഹ്ലിക്ക് മുന്നിലുള്ളത്.