കോൺവെയ്ക്കു പിന്നാലെ പതിരനയ്ക്കും പരിക്ക്; ചെന്നൈ ക്യാംപിൽ ആശങ്ക

ലങ്കൻ പേസർ മതീഷ പതിരനയ്ക്കാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കിടെ പരിക്കേൽക്കുന്നത്.

Update: 2024-03-16 14:50 GMT
Editor : rishad | By : Web Desk
Advertising

ഐപിഎൽ കിരീടം നിലനിർത്താനെത്തുന്ന ചെന്നൈ സൂപ്പർകിങ്‌സിന് പരിക്ക് തിരിച്ചടിയാകുന്നു. ന്യൂസിലാൻഡ് താരം ഡെവൻ കോൺവേക്ക് പുറമെ മറ്റൊരു താരത്തിനും പരിക്കേറ്റതാണ് ഇപ്പോൾ ചെന്നൈ ക്യാമ്പിനെ വലക്കുന്നത്.

ലങ്കൻ പേസർ മതീഷ പതിരനയ്ക്കാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കിടെ പരിക്കേൽക്കുന്നത്. പേശീവലിവിനെ തുടർന്ന് സ്പെൽ പൂർത്തിയാക്കാനാകാതെ പതിരന കളം വിടുകയും ചെയ്തു. കുറഞ്ഞത് നാല് മുതൽ അഞ്ചാഴ്ച വരെ പതിരാന കളിക്കളത്തിൽ നിന്ന് പുറത്താകുമെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ ചെന്നൈയ്ക്കായി 12 മത്സരങ്ങളിൽനിന്ന് 19 വിക്കറ്റു നേടിയ താരത്തിന്റെ പ്രകടനം കിരീട നേട്ടത്തില്‍ നിര്‍ണായകമായിരുന്നു.

മികച്ച ഡെത്ത് ഓവർ ബൗളറായ അദ്ദേഹത്തിന്റെ പന്തുകള്‍ ബാറ്റര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. ഇതാണ് ചെന്നൈ ആരാധകരെ കുഴപ്പിക്കുന്നത്. ഐപിഎല്ലിന് തൊട്ടുപിന്നാലെയാണ് ടി20 ലോകകപ്പും നടക്കുന്നത്. അത് കൊണ്ടു തന്നെ പരിക്ക് മാറുന്ന മുറയ്ക്ക് പതിരാനയ്ക്ക് ഐപിഎൽ കളിക്കാൻ ശ്രീല‌ങ്ക ക്രിക്കറ്റ് ക്ലിയറൻസ് നൽകുമോയെന്ന് കണ്ടറിയണം‌.

ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെയാണ് കോൺവെയ്ക്ക് പരുക്കേറ്റത്. പെരുവിരലിന് പരുക്കേറ്റ താരം സർജറിക്ക് വിധേയനാവുകയും ചെയ്തു. കഴിഞ്ഞ രണ്ട് സീസണുകളിൽ ചെന്നൈ ഓപ്പണിം​ഗിന്റെ കരുത്തായിരുന്നു കോൺവേ. പരുക്ക് ഭേദമാവുന്ന മുറയ്ക്ക് ടീമിനൊപ്പം ചേരുമെങ്കിലും ആദ്യപാദ മത്സരങ്ങൾ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ചെന്നൈക്ക് ബാറ്റിങ് നിരയിലും അഴിച്ചുപണികൾ നടത്തേണ്ടിവരും.

കോൺവെയുടെ അഭാവം നികത്താൻ രചിൻ രവീന്ദ്രയുണ്ടെങ്കിലും പതിരാനയുടെ അഭാവം ആര് നികത്തുമെന്നത് ചെന്നൈ ആരാധകർക്ക് മുന്നിലുള്ള വമ്പൻ ചോദ്യമാണ്. ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്മാന് ഇക്കുറി ചെന്നൈ സൂപ്പർ കിങ്സിൽ കൂടുതൽ പ്രധാന്യം ലഭിക്കുമെന്നാണ്‌ കരുതപ്പെടുന്നത്.

ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ര‌ണ്ട് കോടി രൂപയ്ക്കായിരുന്നു ഈ ബംഗ്ലാ പേസറെ സിഎസ്കെ സ്വന്തമാക്കിയത്. ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിച്ച് അരങ്ങേറ്റം കുറിച്ച മുസ്താഫിസുർ റഹ്മാൻ, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡെൽഹി ക്യാപിറ്റൽസ് ടീമുകളുടെയും ഭാഗമായിട്ടുണ്ട്.   

ഇത്തവണത്തേത് ക്യാപ്റ്റൻ എം.എസ്.ധോണിയുടെ അവസാന സീസണായിരിക്കാൻ സാധ്യതയേറെയാണ്. കിരീട നേട്ടത്തോടെ ധോണിയെ പറഞ്ഞയക്കാൻ ടീമിനു കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

ഇത്തവണ കിരീടം നിലനിർത്തുകയെന്ന വലിയ ലക്ഷ്യവും മഹേന്ദ്ര സിം​ഗ് ധോണിയുടെ ടീമിനുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് മറ്റൊരു ചരിത്രത്തിന് വഴിയൊരുക്കും. ആദ്യമായി ഐപിഎൽ കിരീടം രണ്ട് തവണ നിലനിർത്തുന്ന ആദ്യ ടീമായി ചെന്നൈ മാറും. മാര്‍ച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ത്രില്ലര്‍ മത്സരത്തോടെയാണ് ഐപിഎല്‍ 2024ന് തുടക്കമാവുക. ചെന്നൈയിലെ എം ചിദംബരം സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News