കത്തിക്കയറി റാണയും റസലും; കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍

ഹൈദരാബാദിനായി നടരാജന്‍ മൂന്ന് വിക്കറ്റ് പിഴുതപ്പോള്‍ ഉംറാന്‍ മാലിക്ക് രണ്ട് വിക്കറ്റ് പിഴുതു

Update: 2022-04-15 16:24 GMT
Advertising

അർധസെഞ്ച്വറി നേടിയ യുവതാരം നിതീഷ് റാണയുടേയും അവസാന ഓവറുകളിൽ കത്തിക്കയറിയ ആന്ദ്രേ റസലിന്‍റേയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവില്‍ ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്തക്ക് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത 175 റൺസെടുത്തു. 

നിതീഷ് റാണ രണ്ട് സിക്സുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയില്‍ 54 റണ്‍സ് എടുത്തപ്പോള്‍ റസല്‍ 25 പന്തില്‍ നാല് സിക്സും നാല് ഫോറുമടക്കം 49 റണ്‍സ് നേടി പുറത്താവാതെ നിന്നു. അവസാന ഓവറില്‍ ഹൈദരാബാദ് സ്പിന്നര്‍ ജഗ്തീഷ് സുജിത്തിനെ തുടരെ രണ്ട് സിക്സറും ഒരു ഫോറും പറത്തി കൊല്‍ക്കത്ത ഇന്നിംഗ്സ്  റസല്‍ മനോഹരമായാണ് അവസാനിപ്പിച്ചത്. ഹൈദരാബാദിനായി പേസ് ബൗളർ നടരാജന്‍ മൂന്ന് വിക്കറ്റ് പിഴുതപ്പോള്‍ ഉംറാന്‍ മാലിക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. 

കളിയില്‍ ടോസ് നേടിയ ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 11ൽ നിൽക്കേ സൂപ്പർ താരം ആരോൺ ഫിഞ്ചിനെ പുറത്താക്കി മാർക്കോ ഴാന്‍സനാണ് കൊൽക്കത്തയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. നാലാം ഓവറിൽ നടരാജൻ തീപ്പന്തുമായി അവതരിച്ചു. അടുത്തടുത്ത പന്തുകളിൽ വെങ്കിടേഷ് അയ്യറും സുനിൽ നരൈനും കൂടാരം കയറി. പിന്നീടാണ് അഞ്ചാമനായി നിതീഷ് റാണ ക്രീസിലെത്തുന്നത്. സൂക്ഷ്മതയോടെ തുടങ്ങിയ റാണ പതിയെ കൊൽക്കത്തയുടെ സ്‌കോർ ബോർഡ് ചലിപ്പിച്ചു.

പിന്നീടാണ് റസലിന്‍റെ വെടിക്കെട്ട് പ്രകടനം. ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 28 റൺസ് എടുത്ത് പുറത്തായി. കൊൽക്കത്ത നിരയിൽ മൂന്ന് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News