കൊടുങ്കാറ്റായി ഉംറാന്‍; പൊരുതിത്തോറ്റ് മുംബൈ
ഹൈദരാബാദിന്‍റെ ജയം മൂന്ന് റണ്‍സിന്
മുംബൈ: പേസ് ബൗളർമാരായ ഉംറാന്‍ മാലികും ഭുവനേശ്വര്‍ കുമാറും കളം നിറഞ്ഞു കളിച്ചപ്പോള്‍ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയം. അവസാന ഓവര്‍ വരെ പൊരുതിയ മുബൈയെ മൂന്ന് റണ്‍സിനാണ് ഹൈദരാബാദ് തകര്‍ത്തത്. ഹൈദരാബാദ് ഉയർത്തിയ 194 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 190 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഉംറാന്‍ മാലിക് 23 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടോവറില്‍ ജയിക്കാന്‍ 19 റണ്‍സ് മാത്രം മതി എന്നിരിക്കെ 19ാം ഓവറിൽ ഒരു റണ്‍സ് പോലും വിട്ട് കൊടുക്കാതെ യോര്‍ക്കറുകള്‍ കൊണ്ട് കളം നിറഞ്ഞ ഭുവനേശ്വര്‍ കുമാറിന്‍റെ പ്രകടനവും ഹൈദരാബാദിന്‍റെ വിജയത്തില്‍ നിര്‍ണ്ണായകമായി.
ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമയും ഇഷാന്‍ കിഷനും ചേർന്ന് മറുപടി ബാറ്റിങ്ങിൽ മുംബൈക്ക് മികച്ച തുടക്കം നൽകിയെങ്കിലും ഇരുവരും തുടരെ കൂടാരം കയറിയത് മുംബൈക്ക് വിനയായി. രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ പുറത്തായപ്പോള്‍ ഇഷാന്‍ കിഷന്‍ 43 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ ടിം ഡേവിഡ് നടത്തിയ വെടിക്കെട്ട് പ്രകടനം മുംബൈയെ വിജയ തീരമണക്കും എന്ന് തോന്നിച്ചെങ്കിലും ഡേവിഡിന്‍റെ പോരാട്ടം 46 റണ്‍സിലവസാനിച്ചു.
നേരത്തേ അർധ സെഞ്ച്വറിയുമായി തകർത്തടിച്ച രാഹുൽ ത്രിപാടിയുടെ മനോഹര ഇന്നിംഗ്‌സിന്‍റെ മികവിലാണ് ഹൈദരാബാദ് മികച്ച സ്‌കോർ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് 193 റൺസ് എടുത്തു. രാഹുൽ ത്രിപാടി വെറും 43 പന്തിൽ നിന്ന് മൂന്ന് സിക്‌സുകളുടേയും ഒമ്പത് ഫോറുകളുടേയും അകമ്പടിയിൽ 76 റൺസൈടുത്തു. ത്രിപാടിക്ക് പുറമെ 42 റൺസെടുത്ത പ്രിയം ഗാർഗും അവസാന ഓവറുകളിൽ തകർത്തടിച്ച നിക്കോളാസ് പൂരാനും ചേർന്നാണ് ഹൈദരാബാദിന് മികച്ച സ്‌കോർ സമ്മാനിച്ചത്. മുംബൈക്കായി രമണ്‍ ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ അഭിഷേക് ശർമയെ പുറത്താക്കി ഡാനിയൽ സാംസാണ് മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ പിന്നീട് ക്രീസിലെത്തിയ രാഹുൽ ത്രിപാടിയും പ്രിയം ഗാർഗും ചേർന്ന് ഹൈദരാബാദ് സ്‌കോർ വേഗത്തിൽ ഉയർത്തി. അർധ സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ പ്രിയം ഗാർഗ് വീണതിന് ശേഷം ക്രീസിലെത്തിയ നിക്കോളാസ് പൂരാൻ തുടക്കം മുതൽ ടോപ് ഗിയറിലായിരുന്നു. മൂന്ന് സിക്‌സുകളും രണ്ട് ഫോറുകളുടേയം അകമ്പടിയില്‍ പൂരാൻ 38 റൺസ് എടുത്ത് പുറത്തായി