രക്ഷകരായി രാഹുലും ഹൂഡയും; ഹൈദരാബാദിനെതിരെ ലക്‌നൗവിന് ഭേദപ്പെട്ട സ്‌കോർ
നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ അവർ 170 റൺസെടുത്തു
മുംബൈ: ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും ഓൾ റൗണ്ടർ ദീപക്ക് ഹൂഡയുടെയും അർധസെഞ്ച്വറിയുടെ കരുത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലക്‌നൗ സൂപ്പർ ജയിന്റ്‌സിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ അവർ 170 റൺസെടുത്തു.
തകർച്ചയോടെയായിരുന്നു ലക്‌നൗ ഇന്നിങ്‌സിന് തുടക്കം. ഓപ്പണർ ക്വിന്റൺ ഡീക്കോക്കിനെ ക്യാപ്റ്റൻ വില്യംസണന്റെ കയ്യിലെത്തിച്ച് വാഷിംഗ്ടൺ സുന്ദർ ഹൈദരാബാദിന് മികച്ച തുടക്കം നൽകി.ഒരു റൺസായിരുന്നു ലക്‌നൗവിനായി ഡീക്കോക്ക് നേടിയത്. പിന്നീട് ക്രീസിലെത്തിയ എവിൻ ലൂയീസും ഒരു റൺസെടുത്ത് പുറത്തായതോടെ ലക്‌നൗ പരുങ്ങലിലായി.
രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതോടെ കൂടുതൽ ശ്രദ്ധയോടെ ലക്‌നൗ ബാറ്റ് വീശിയെങ്കിലും സ്‌കോർ 26 ൽ എത്തി നിൽക്കെ മനീഷ് പാണ്ഡയും കൂടാരം കയറിയതോടെ ടീം തകർച്ചയിലേക്ക് പോവുകയാണോയെന്ന് തോന്നിയെങ്കിലും ക്യാപ്റ്റൻ കെ.എൽ രാഹുലും ഓൾ റൗണ്ടർ ദീപക്ക് ഹൂഡയും ചേർന്ന് ടീമിനെ കരകയറ്റുകയായിരുന്നു. അർധസെഞ്ച്വറി നേടി ഹൂഡ പുറത്തായെങ്കിലും 15 ഓവറിൽ സ്‌കോർ 114ൽ എത്തിയിരുന്നു.
ഹൂഡ പുറത്തായതിന് ശേഷം ക്രീസിലെത്തിയ ആയുഷ് ബദോനിയും ക്യാപ്റ്റനൊപ്പം നന്നായി ബാറ്റ് വീശിയതോടെ സ്‌കോർ 150 കടന്നു. 68 റൺസെടുത്ത ക്യാപ്റ്റൻ കെ.എൽ രാഹുലാണ് ലക്‌നൗ നിരയിലെ ടോപ് സ്‌കോറർ. ഹൈദരാബാദിനായി വാഷിംങ്ടൺ സുന്ദറും റൊമാരിയോ സ്റ്റിഫേർഡും നടരാജനും രണ്ട് വിക്കറ്റുകൾ നേടി.