'ടിക്കറ്റ് നേരത്തേ എടുത്ത് വച്ചിരുന്നു, ഫൈനലില്‍ ആ പോരാട്ടത്തിനായി കാത്തിരിക്കുകയായിരുന്നു '- ശുഐബ് അക്തര്‍

കഴിഞ്ഞ ദിവസം ഏഷ്യാകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയോട് ആറു വിക്കറ്റിന് തോറ്റതിന് പിന്നാലെ ഇന്ത്യയുടെ ഫൈനൽ പ്രവേശം തുലാസിലാണ് ഇപ്പോള്‍

Update: 2022-09-07 12:27 GMT
Advertising

ഏഷ്യാ കപ്പ് ടി 20 കലാശപ്പോരിൽ ഇന്ത്യാ പാക് പോരാട്ടം പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ കണക്കു കൂട്ടലുകൾക്ക് വലിയ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഏറ്റത്. സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ പുറത്താകലിന്‍റെ വക്കിലാണ്. ടൂർണമെന്‍റില്‍ ഇതുവരെ രണ്ടു തവണയാണ് ഇന്ത്യയും പാകിസ്താനും നേർക്കുനേർ വന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം നേടിയപ്പോൾ രണ്ടാം മത്സരത്തിൽ പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തി.

ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പ് ടി20 ഫൈനലിൽ ഏറ്റുമുട്ടണമെന്ന് താൻ അതിയായി ആഗ്രഹിച്ചിരുന്നതായി പറയുകയാണിപ്പോൾ പാകിസ്താന്‍റെ എക്കാലത്തേയും മികച്ച ബോളർമാരിൽ ഒരാളായ ശുഐബ് അക്തർ. ഇന്ത്യ പാക് പോരാട്ടം പ്രതീക്ഷിച്ച് താൻ ഫൈനലിനുള്ള ടിക്കറ്റുകൾ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നതായി അക്തർ പറഞ്ഞു.

ഈ വർഷം ആസ്‌ട്രേലിയയിൽ വച്ച് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നുണ്ട്. മെൽബണിൽ വച്ച് നടക്കാനിരിക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റുകളും താൻ നേരത്തേ തന്നെ സ്വന്തമാക്കിക്കഴിഞ്ഞു എന്നും അക്തർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഏഷ്യാകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയോട് ആറു വിക്കറ്റിന് തോറ്റതിന് പിന്നാലെ ഇന്ത്യയുടെ ഫൈനൽ പ്രവേശം തുലാസിലാണ് ഇപ്പോള്‍. ഇന്ത്യ പുറത്തായി എന്ന് പറയാനാകില്ലെങ്കിലും ചില കണക്കുകളിൽ പ്രതീക്ഷക്ക് വകയുണ്ട്. അതിലൊന്നാണ് ഇന്നത്തെ മത്സരം. ഏഷ്യാകപ്പിൽ ഇന്ന് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലാണ് മത്സരമെങ്കിലും ഇന്ത്യയും ഭാഗമാണ്. ഇന്ന് അഫ്ഗാനിസ്താൻ, പാകിസ്താനെ തോൽപിച്ചാൽ പ്രതീക്ഷ ഇന്ത്യക്കായി. പക്ഷേ അതുമാത്രം പോര.

അടുത്ത കളി ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെയാണ്. അതിൽ ഉയർന്ന റൺറേറ്റോടെ ജയിക്കണം. മാത്രമല്ല, ശ്രീലങ്ക പാകിസ്താൻ മത്സരത്തിൽ ശ്രീലങ്ക ജയിക്കുകയും വേണം. അങ്ങനെ വന്നാൽ ഉയർന്ന റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാം. ശ്രീലങ്കയാവും ഫൈനലിലെ എതിരാളികൾ.എന്നാൽ ഇന്ന് പാകിസ്താനാണ് ജയിക്കുന്നതെങ്കിൽ ഇന്ത്യക്ക് ഒന്നും നോക്കാതെ മടങ്ങാം. അവസാന മത്സരം അഫ്ഗാനിസ്താനുമായി കളിക്കാമെന്ന് മാത്രം. അതോടെ ശ്രീലങ്കയും പാകിസ്താനും രണ്ട് ജയവുമായി ഫൈനലിൽ എത്തും. അവസാന സ്ഥാനക്കാരായി അഫ്ഗാനിസ്താനും ഇന്ത്യയും പുറത്തേക്കും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News