2022ലെ ടി20 ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി: ഇന്ത്യയിൽ നിന്ന് മൂന്ന് പേർ
വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയിൽ നിന്ന് ഇടംനേടിയവർ
ദുബൈ: കഴിഞ്ഞ വർഷത്തെ ടി20 ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി. ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലർ നയിക്കുന്ന ടീമിൽ ഇന്ത്യയിൽ നിന്ന് മൂന്ന് പേരാണ് ഇടം നേടിയത്. വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയിൽ നിന്ന് ഇടംനേടിയവർ. കഴിഞ്ഞ ടി20 ലോകകപ്പിലുൾപ്പെടെ അസാധ്യപ്രകടനമായിരുന്നു മൂവരും. സൂര്യകുമാർ യാദവിന്റെ ഷോട്ടുകളൊക്കെ ഏവരെയും അമ്പരപ്പിച്ചിരുന്നു.
ഫോമിന്റെ പരിസരത്ത് ഇല്ലാതിരുന്ന കോഹ്ലി ടി20യിൽ മാരകഫോമിലായിരുന്നു. ഏഷ്യാകപ്പിൽ 276 റൺസുമായി റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തായിരുന്നു താരം. മൂന്ന് വർഷത്തെ സെഞ്ച്വറി വരൾച്ചക്ക് അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ താരം സെഞ്ച്വറി നേടുകയും ചെയ്തു. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ടർ പെർഫോമൻസാണ് തുണയായത്. ഇന്ത്യയുടെ പുതിയ ടി20 നായകനാണ് ഹാർദിക്.
മുഹമ്മദ് റിസ് വാന്‍(പാകിസ്താന്‍), ഗ്ലെൻ ഫിലിപ്‌സ്(ന്യൂസിലാന്‍ഡ്) സിക്കന്ദർ റാസ(സിംബാബ്വെ) സാം കുറാൻ(ഇംഗ്ലണ്ട്) വനിന്ദു ഹസരംഗ( ശ്രീലങ്ക) ഹാരിസ് റൗഫ്( പാകിസ്താന്‍) ജോഷ്വ ലിറ്റിൽ(അയര്‍ലാന്‍ഡ്) എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍. അതേസമയം റിസ്‌വാനൊപ്പം കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് അവസാന 11ല്‍ ഇടം നേടാനായില്ല.
ഗ്ലെന്‍ ഫിലിപ്സാകട്ടെ 21 മത്സരങ്ങളില്‍ 156.33 പ്രഹരശേഷിയില്‍ 716 റണ്‍സടിച്ചാണ് ഐസിസി ടീമിലെത്തിയത്. സിംബാബ്‌വെക്കായി ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ സിക്കന്ദര്‍ റാസ 735 റണ്‍സും 25 വിക്കറ്റും നേടി. കഴിഞ്ഞ വര്‍ഷം 607 റണ്‍സും 20 വിക്കറ്റും നേടിയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗ് ഓള്‍ റൗണ്ടറായി ടീമിലെത്തിയത്. എന്നാല്‍ ഇന്ത്യന്‍ പേസ് ബൌളര്‍മാര്‍ക്കാര്‍ക്കും ഇലവനില്‍ ഇടം നേടാനായില്ല.