ഏകദിന ലോകകപ്പ് ഫിക്‌സ്ചർ പുറത്ത്; ഇന്ത്യയുടെ ആദ്യ കളി ഓസീസിനെതിരെ

ഒക്ടോബർ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം

Update: 2023-06-27 08:25 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫിക്‌സ്ചർ പുറത്ത്. ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെയാണ് മത്സരം. അഹമ്മദാബാദിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ നേരിടും. ഒക്ടോബർ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. എതിരാളികൾ കരുത്തരായ ആസ്‌ട്രേലിയ. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.

ഒക്ടോബർ 15ന് അഹമ്മദാബാദ് സ്‌റ്റേഡിയത്തിലാണ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാക് പോരാട്ടം. 

ഇന്ത്യയുടെ മത്സരങ്ങൾ ഇപ്രകാരം

ഒക്ടോബർ 8 - ഇന്ത്യ-ആസ്‌ട്രേലിയ, ചെന്നൈ
ഒക്ടോബർ 11 - ഇന്ത്യ - അഫ്ഗാനിസ്താൻ, ഡൽഹി
ഒക്ടോബർ 15 - ഇന്ത്യ - പാകിസ്താൻ, അഹമ്മദാബാദ്
ഒക്ടോബർ 19 - ഇന്ത്യ - ബംഗ്ലാദേശ്, പൂനെ
ഒക്ടോബർ 22- ഇന്ത്യ - ന്യൂസിലാൻഡ്, ധരംശാല
ഒക്ടോബർ 29- ഇന്ത്യ - ഇംഗ്ലണ്ട്, ലഖ്‌നൗ
നവംബർ 2- ഇന്ത്യ - ക്വാളിഫയർ 2, മുംബൈ
നവംബർ 5- ഇന്ത്യ - ദക്ഷിണാഫ്രിക്ക, കൊൽക്കത്ത
നവംബർ 11- ഇന്ത്യ - ക്വാളിഫയർ 1, ബംഗളൂരു

നവംബർ 15, 16 തിയ്യതികളിലാണ് സെമി ഫൈനൽ. യഥാക്രമം മുംബൈ, കൊൽക്കത്ത സ്റ്റേഡിയങ്ങൾ സെമിക്ക് വേദിയാകും. നവംബർ 19ന് അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഫൈനൽ. 

2011ലാണ് ഇന്ത്യ അവസാനമായി ലോകകപ്പിന് വേദിയായത്. അന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ കിരീടം നേടി. അതിനു ശേഷം ചാമ്പ്യൻ പട്ടം നേടാൻ ടീം ഇന്ത്യക്കായിട്ടില്ല. 12 വർഷത്തിനു ശേഷം ഒരിക്കൽക്കൂടി ലോകകപ്പെത്തുമ്പോൾ കിരീടം മാത്രമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. 




ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്. 1987, 1996, 2011 വർഷങ്ങളിലാണ് ഇന്ത്യയിൽ ലോകകപ്പ് നടന്നത്. 87ൽ ഇന്ത്യക്കൊപ്പം പാകിസ്താനും 96ൽ പാകിസ്താനും ശ്രീലങ്കയും സഹ ആതിഥേയത്വം വഹിച്ചു. 2011ൽ ശ്രീലങ്കയും ബംഗ്ലാദേശുമായിരുന്നു പങ്കാളികൾ. 

ടൂർണമെന്റിൽ പത്തു ടീമുകളാണ് മത്സരിക്കുന്നത്. എട്ടു ടീമുകൾ യോഗ്യത നേടി. ശേഷിക്കുന്ന രണ്ട് ടീമുകൾ യോഗ്യതാ മത്സരങ്ങൾ കളിച്ച് പൂളിലെത്തും. എല്ലാ ടീമുകളും മറ്റു ഒമ്പത് ടീമുകളുമായി രണ്ട് റോബിൻ ഫോർമാറ്റിൽ കളിക്കും. ആദ്യ നാലിലെത്തുന്നവർ സെമിയിലേക്ക് മുന്നേറും. ആകെ പത്തു വേദികളാണ് ഉള്ളത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News