ഐ.സി.സി ഏകദിന റാങ്കിംഗ്: ബാറ്റർമാരിൽ ഗില്ലിന് അഞ്ചാം സ്ഥാനം, ബൗളർമാരിൽ കുൽദീപ് ആദ്യ പത്തിൽ
ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി ഒമ്പതാമതാണ്
ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗില്ലിന് അഞ്ചാം സ്ഥാനം. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കാണ് താരം നേടിയത്. നിലവിൽ ഏകദിന ബാറ്റർമാരുടെ പട്ടികയിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള ഇന്ത്യൻ താരവും ഗില്ലാണ്. ഗില്ലിനൊപ്പം വിൻഡീസ് പര്യടനത്തിൽ ഇന്ത്യയ്ക്കായി ഓപ്പണറായ ഇഷൻ കിഷനും സ്ഥാനം മെച്ചപ്പെടുത്തി. ഒമ്പത് സ്ഥാനം മറികടന്ന് 36ാം റാങ്കാണ് താരം നേടിയത്. ഈയിടെ ഇന്ത്യ ജേതാക്കളായ വിൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ ഇരുവരും മികച്ച പ്രകടനം നടത്തിയിരുന്നു. മൂന്നു മത്സരങ്ങളിൽ നിന്ന് 310 റൺസാണ് സഖ്യം നേടിയത്. വിൻഡീസിനെതിരെയുള്ള പരമ്പരയിലെ പ്രകടനത്തിലൂടെ 743 പോയിൻറാണ് ഗിൽ നേടിയത്.
ഏകദിന ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ ഇടംകയ്യൻ സ്പിന്നർ കുൽദീപ് യാദവും സീമർ ഷർദുൽ താക്കൂറും റാങ്ക് മെച്ചപ്പെടുത്തി. 622 പോയിൻറുമായി കുൽദീപ് പത്താം സ്ഥാനത്തെത്തിയപ്പോൾ താക്കൂർ 30താമതാണ് എത്തിയത്. മൂന്നു സ്ഥാനമാണ് താക്കൂർ മെച്ചപ്പെടുത്തിയത്.
പാകിസ്താൻ നായകൻ ബാബർ അസം തന്നെയാണ് പട്ടികയിൽ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ റസ്സി വാൻ ഡെർ റൂസ്സൻ(777) രണ്ടാമതും പാകിസ്താന്റെ ഫഖർ സമാൻ (755) മൂന്നുമതുമാണ്. പാകിസ്താന്റെ തന്നെ ഇമാമുൽ ഹഖാണ് (745) നാലാമത്. ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി (705) ഒമ്പതാമതാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ 11ാം സ്ഥാനത്തുമാണുള്ളത്.
ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ഏകദിന ബാറ്റർമാരിൽ പത്ത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 71ലെത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ പാണ്ഡ്യ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 11ാം സ്ഥാനത്തെി. ഇന്ത്യയുടെ അരങ്ങേറ്റ താരം തിലക് വർമ ടി20 റാങ്കിംഗിൽ 46ാം സ്ഥാനം പിടിച്ചു. ടി20 ബൗളർമാരിൽ കുൽദീപ് 36 സ്ഥാനം മെച്ചപ്പെടുത്തി 51ലെത്തി.
ഹാരി ടെക്ടർ, ഡേവിഡ് വാർണർ, ക്വിൻറൺ ഡികോക്ക് എന്നിവരാണ് ഏകദിന ബാറ്റർമാരിൽ ആറ് മുതൽ എട്ടുവരെയുള്ള സ്ഥാനങ്ങളിലുള്ളത്. ആസ്‌ത്രേലിയയുടെ സ്റ്റീവ് സ്മിത്താണ് പത്താമത്.