പണിയായി അമേരിക്കയിലെ പിച്ച്; ഇന്ത്യ-പാക് മത്സരത്തിന് മുൻപ് മാറ്റം വരുത്തുമെന്ന് ഐ.സി.സി

അയർലൻഡിനെതിരായ മത്സരത്തിനിടെ രോഹിത് ശർമക്ക് പരിക്കേൽക്കുകയുണ്ടായി

Update: 2024-06-07 11:28 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ അമേരിക്കയിലെ നാസൗ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിനെതിരെ വിമർശനം. പിച്ച് ക്രിക്കറ്റിന് അനിയോജ്യമല്ലെന്നും കുണ്ടും കുഴിയും നിറഞ്ഞതാണെന്നുമുള്ള ആരോപണമാണ് ഉയർന്നത്. പരാതി വ്യാപകമായതോടെ ഇനിയുള്ള മത്സരങ്ങൾ സുഗമമാക്കാൻ പിച്ചിൽ മാറ്റംവരുത്തുമെന്ന് ഐ.സി.സി വ്യക്തമാക്കി. ഞായറാഴ്ച ഇന്ത്യ-പാകിസ്താൻ മത്സരം നടക്കേണ്ടതും ഇതേ സ്റ്റേഡിയത്തിലാണ്.

നേരത്തെ ശ്രീലങ്ക-ദക്ഷിണാഫ്രിക്ക, ഇന്ത്യ-അയർലൻഡ് മത്സരങ്ങളാണ് ഇവിടെ നടന്നത്. ഈ മത്സരത്തിൽ ബൗൺസറുകളും പന്തിന്റെ വേഗവുമെല്ലാം വലിയ ചർച്ചയായിരുന്നു. അയർലാൻഡിനെതിരായ മത്സരത്തിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമ പരിക്കേറ്റ് പുറത്ത്‌പോകുകയുമുണ്ടായി. ഋഷഭ് പന്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമാണ്. ഇന്ത്യ-പാക് മത്സരത്തിന് മുൻപായി പിച്ചിന്റെ നിലവാരമുയർത്താനുള്ള ശ്രമത്തിലാണ് അധികൃതർ. 'പിച്ചിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി നിലവാരമുള്ള പിച്ച് ഒരുക്കുകയാണ് ലക്ഷ്യം. അതിനായി  ആവശ്യമായ മാറ്റങ്ങൾ വരുത്തും' പ്രസ്താവനയിൽ വ്യക്തമാക്കി.

പിച്ചിനെതിരെ തുടക്കം മുതൽ കടുത്ത വിമർശനങ്ങളുണ്ടായിരുന്നു. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ളവർ അത് വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് അയർലൻഡ് നേടിയത് 97 റൺസ് മാത്രമായിരുന്നു. 13 ഓവറിൽ ഇന്ത്യ സ്‌കോർ മറികടക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരം ഇതിലും മോശം മാച്ചായിരുന്നു. ആദ്യം ബാറ്റുചെയ്ത ലങ്ക 77 റൺസിന് ഓൾഔട്ടായി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News