താൽപര്യമില്ലെന്ന് അറിയിച്ച് ഇന്ത്യ; വനിതാ ടി 20 ലോകകപ്പിന് യു.എ.ഇ വേദിയാകും
ഒക്ടോബർ മൂന്ന് മുതൽ 20 വരെയാണ് വനിതാ ട്വന്റി 20 ലോകകപ്പ് നടക്കുക
ദുബായ്: വനിതാ ടി 20 ലോകകപ്പ് വേദിയാകാൻ യു.എ.ഇ. നേരത്തെ ബംഗ്ലാദേശിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിൽ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ സംഘർഷ സാഹചര്യത്തെ തുടർന്നാണ് ഐ.സി.സി പുതിയ വേദി പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗിക വാർത്താകുറിപ്പിറക്കി. ദുബൈ, ഷാർജ സ്റ്റേഡിയങ്ങളിലാണ് മത്സരം നടക്കുക. വേദി മാറ്റിയെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനാണ് നടത്തിപ്പ് ചുമതല. ബംഗ്ലാദേശിൽ നിന്ന് ലോകകപ്പ് മാറ്റുമ്പോൾ ഇന്ത്യ, ശ്രീലങ്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളെയാണ് പകരം പരിഗണിച്ചിരുന്നത്. എന്നാൽ ഒടുവിൽ യു.എ.ഇക്ക് നറുക്ക് വീഴുകയായിരുന്നു.
The ICC Women’s #T20WorldCup 2024 has been moved from Bangladesh and will now be held in the United Arab Emirates.https://t.co/Pi3mUgvG7g
— ICC (@ICC) August 21, 2024
അതേസമയം, അടുത്ത ടി20 പുരുഷ ലോകകപ്പ് വേദിയാകുന്നതിനാൽ വനിതാ ക്രിക്കറ്റ് നടത്തിപ്പിൽ താൽപര്യമില്ലെന്ന് ബി.സി.സി.ഐ ഐ.സി.സിയെ നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബർ മൂന്ന് മുതൽ 20 വരെയാണ് വനിത ട്വന്റി 20 ലോകകപ്പ് നടക്കേണ്ടത്.
നിലവിൽ ബംഗ്ലാദേശിൽ നടക്കുന്ന സംഘർഷത്തെ തുടർന്ന് ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകൾ ആശങ്ക അറിയിച്ചിരുന്നു. നേരത്തെ 2021ലെ ഐസിസി ടി20 ലോകകപ്പിനും യു.എ.ഇ വേദിയായിരുന്നു. കോവിഡ് കാലത്ത് ഐ.പി.എൽ ചാമ്പ്യൻഷിപ്പും അബൂദാബി, ദുബൈ, ഷാർജ സ്റ്റേഡിയങ്ങളിലായി നടന്നിരുന്നു