ഫൈനലിൽ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു, നിരാശയിൽ കാണികൾ
വിക്കറ്റുകൾ വീണപ്പോൾ അമിതമായി പ്രതിരോധത്തിൽ ഊന്നി ബാറ്റ് വീശിയതാണ് മത്സരത്തില്‍ ഇന്ത്യക്ക് ഏറ്റവും അധികം തിരിച്ചടി നൽകിയത്.
അഹമ്മദാബാദ്: ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഒരിക്കൽകൂടി ആരാധകരെ നിരാശരാക്കുകയാണ്. ടൂർണമെൻ്റിൽ ഉടനീളം മികച്ച രീതിയിൽ കളിച്ച ഇന്ത്യക്ക് ഫൈനലിൽ തൊട്ടെതെല്ലാം പിഴച്ചു. വിക്കറ്റുകൾ വീണപ്പോൾ അമിതമായി പ്രതിരോധത്തിൽ ഊന്നി ബാറ്റ് വീശിയതാണ് മത്സരത്തില്‍ ഇന്ത്യക്ക് ഏറ്റവും അധികം തിരിച്ചടി നൽകിയത്.
ഒരു ആറാം ബൗളറുടെ അഭാവവും കളിയെ ഇന്ത്യയെ അലട്ടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നായകൻ രോഹിത് ശർമ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ താരം പുറത്തായത് മുതലാണ് ടീമിന് കാര്യങ്ങൾ തിരിച്ചടിയായി മാറിയത്. ശുഭ്മാൻ ഗിൽ പുറത്തായ സാഹചര്യത്തിൽ ആരാധകർ ഒന്നടങ്കം ക്യാപ്റ്റൻ ഇന്നിങ്സ് പ്രതീക്ഷിച്ച സമയത്താണ് രോഹിത് അനാവശ്യ ഷോട്ടിന് മുതിർന്ന് പുറത്തായത്. ഇതിന് ട്രാവിസ് ഹെഡിന്റെ തകര്‍പ്പന്‍ ക്യാച്ചിന്റെ പിന്‍ബലവുമുണ്ട്.
പിന്നാലെ എത്തിയ ശ്രേയസ് അയ്യരും പെട്ടന്ന് മടങ്ങിയതോടെ ഇന്ത്യ കൂടുതൽ പരുങ്ങലിയായി. അർധസെഞ്ചുറി നേടിയശേഷം വിരാട് കോഹ്‌ലിയും പുറത്തായതോടെ മത്സരത്തിലെ ഇന്ത്യയുടെ എല്ലാ പദ്ധതികളും തെറ്റി. രാഹുൽ, ജഡേജ, സൂര്യകുമാർ യാദവ് എന്നിവർക്കൊന്നും ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കാനായില്ല. ആദ്യ 10 ഓവറിന് ശേഷം ബൗണ്ടറികൾ കണ്ടെത്തുന്നതിൽ താരങ്ങൾ പരാജയപ്പെട്ടു.
ഏകദിനത്തിൽ സ്ഥിരതയുള്ള പ്രകടനം കളിച്ചിട്ടില്ലാത്ത സൂര്യകുമാറിനെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയതിൽ ഇനി ടീം മാനേജ്മെൻ്റിന് ഉത്തരം ഉണ്ടായേക്കില്ല. ആസ്ട്രേലിയയുടെ മുൻനിരയിലെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഷമിയും ബുംറയും നല്ല തുടക്കം ഇന്ത്യക്ക് നൽകിയെങ്കിലും പിന്നീട് വിക്കറ്റ് നേടാൻ മറ്റാർക്കും കഴിയാത്ത അവസ്ഥയിൽ ഇന്ത്യ ഒരു ആറാം ബൗളറുടെ ആവശ്യകത മനസ്സിലാക്കി.