'കാര്യവട്ട പോരാട്ടം': ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തി,സഞ്ജുവിനും ജയ് വിളി
ഇന്ത്യക്കെതിരായ മത്സരം കടുത്തതായിരിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ടീം അംഗം തർബയീസ് ഷംസി പറഞ്ഞു
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി. ഹൈദരാബാദിൽ നിന്ന് വൈകിട്ട് 4.30 ഓടെയാണ് ഇന്ത്യൻ ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. ഇന്ന് വിശ്രമിച്ചശേഷം നാളെ വൈകിട്ട് അഞ്ച് മണി മുതൽ എട്ട് മണി വരെ കാര്യവട്ടത്ത് ഇന്ത്യ പരിശീലനം നടത്തും. മറ്റന്നാളാണ് ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം. മൂന്ന് വർഷത്തിന് ശേഷമാണ് കേരളം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്.
വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്വീകരിച്ചു. ആരാധകരുടെ വലിയ നിരതന്നെ വിമാനത്താവളത്തിലുണ്ടായിരുന്നു. ടീമംഗങ്ങൾ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോൾ തന്നെ ആരാധകർ ആവേശത്തിലായി. മലയാളി താരം സഞ്ജു സാംസണിനും ആരാധകർ ജയ് വിളിച്ചു.
ദക്ഷിണാഫ്രിക്കന്‍ ടീം ഇന്നലെതന്നെ തലസ്ഥാനത്തെത്തിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രനും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ രാജീവ്, ടിഡിസിഎ വൈസ് പ്രസിഡന്റ് ഷൈന്‍.എസ്.എസ് എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സംഘത്തെ സ്വീകരിച്ചു.
അതേസമയം, ഇന്ത്യക്കെതിരായ മത്സരം കടുത്തതായിരിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ടീം അംഗം തർബയീസ് ഷംസി. 'ലോകകപ്പിന് മുമ്പായുള്ള പരമ്പര അതീവ പ്രാധാന്യമുള്ളതാണ്. മികച്ച പ്രകടനത്തോടെ പരമ്പര നേട്ടമാണ് ലക്ഷ്യമിടുന്നത്.' ലോകകപ്പിൽ ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട ഇന്ത്യക്കെതിരെ ഇപ്പോൾ ബൗൾ ചെയ്യാനാകുന്നത് ലോകകപ്പിൽ ഗുണംചെയ്യുമെന്നും ഷംസി പറഞ്ഞു.
രണ്ടാം ടി20 ഒക്ടോബർ രണ്ടിന് ആസ്സാമിലെ ഡോ.ഭൂപൻ ഹസാരിക ക്രിക്കറ്റ് സ്റ്റേഡിയത്തിലും മൂന്നാം മത്സരം ഇന്ദോറിലെ ഹോൾകർ സ്റ്റേഡിയത്തിലും നടക്കും.
ടീം ഇന്ത്യ: രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ, ദീപക് ഹൂഡ, രവിചന്ദ്ര അശ്വിൻ, ദിനേശ് കാർത്തിക്, ഋഷഭ് പന്ത്, അർഷ്ദീപ് സിങ്, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, യൂസ്വേന്ദ്ര ചാഹൽ