43.1 ഓവറില്‍ ഇന്ത്യ 225ന് പുറത്ത്
ഇന്ത്യന്‍ നിരയിൽ അഞ്ച് താരങ്ങള്‍ ഏകദിന അരങ്ങേറ്റം കുറിച്ചു
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ 225 റണ്‍സിന് പുറത്ത്. മഴ കളി മുടക്കിയതിനെ തുടര്‍ന്ന് 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 43.1 ഓവറിലാണ് ഇന്ത്യ 225 റണ്‍സിന് പുറത്താകുകയായിരുന്നു.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ എത്തിയത്. പിന്നീട് മഴ മാറി ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. 40 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് പുറത്തായതോടെ ഇന്ത്യ തകര്‍ന്നു. പിന്നീട് വലറ്റത്ത് നവ്ദീപ് സെയ്‌ന (15), രാഹുല്‍ ചഹര്‍ എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 200 കടത്തുകയായിരുന്നു. പൃഥ്വി ഷാ (49), മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ (46), സൂര്യകുമാര്‍ യാദവ് എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. പിന്നീട് സൂര്യകുമാര്‍ യാദവും പിടിച്ചു നിന്നു.
ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (13), മനീഷ് പാണ്ഡെ (11), ഹര്‍ദിക് പാണ്ഡ്യ (19), നിതീഷ് റാണ (ഏഴ്), കൃഷ്ണപ്പ ഗൗതം (രണ്ട്) എന്നിവരാണ് പുറത്തായത്. ചേതന്‍ സക്കറിയ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. അരങ്ങേറ്റ ഏകദിനത്തില്‍ അര്‍ധ ശതകത്തിന് തൊട്ടരികില്‍ വീഴാനായിരുന്നു സഞ്ജുവിന് യോഗം. 46 പന്തില്‍ നിന്ന് 5 ഫോറിന്റേയും ഒരു സിക്സിന്റേയും അകമ്പടിയോടെയാണ് സഞ്ജു 46 റണ്‍സ് എടുത്ത് മടങ്ങിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് നായകന്‍ ശിഖര്‍ ധവാനെ നഷ്ടമായി. പിന്നാലെ സഞ്ജുവും പൃഥ്വി ഷായും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 49 റണ്‍സില്‍ നില്‍ക്കെ ശനകയുടെ പന്തില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയാണ് അര്‍ധ ശതകത്തിന് അരികെ പൃഥ്വി ഷാ വീണത്.
അഖില ധനഞ്ജയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ദുഷ്മന്ത ചമീര രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ദസുന്‍ സനക, ചമിക കരുണരത്‌നെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യന്‍ നിരയിൽ അഞ്ച് താരങ്ങള്‍ ഏകദിന അരങ്ങേറ്റം കുറിച്ചു. സഞ്ജു സാംസൺ, നിതീഷ് റാണ, രാഹുല്‍ ചഹാര്‍, ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം എന്നിവരാണ് ഇന്ന് ഏകദിന അരങ്ങേറ്റം നടത്തുന്ന താരങ്ങള്‍. ശ്രീശാന്തിനുശേഷം ഏകദിനത്തില്‍ കളിക്കുന്ന മലയാളിതാരം എന്ന നേട്ടം സഞ്ജു സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ടീം ഒട്ടേറെ മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങുന്നത്. അരങ്ങേറ്റക്കാര്‍ താരങ്ങള്‍ക്കൊപ്പം നവ്ദീപ് സൈനിയും ടീമിലേക്ക് എത്തുന്നു. ഇഷാന്‍ കിഷന്‍, ദീപക് ചഹാര്‍, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമിൽ നിന്ന് പുറത്ത് പോകുന്നത്. ശ്രീലങ്കന്‍ നിരയിൽ മൂന്ന് മാറ്റങ്ങളുണ്ട്. ഇഷാന്‍ ജയരത്നേ, അകില ധനന്‍ജയ, രമേശ് മെന്‍ഡിസ് എന്നിവര്‍ ടീമിലേക്ക് എത്തുന്നു.
മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.