ദ്രാവിഡിന്റെയും രോഹിതിന്റെയും ഒന്നാം ജയം; അവസാന ഓവറിൽ പൊരുതി നേടി ഇന്ത്യ
15-ാം ഓവർ കഴിയും വരെ അനായാസ വിജയം നേടുമെന്നാണ് എല്ലാ ആരാധകരും കരുതിയിരുന്നത്. പക്ഷേ കഥ അവിടെയാണ് ആരംഭിച്ചത്.
ന്യൂസിലൻഡ് 165 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ ഒരു പക്ഷേ 15-ാം ഓവർ കഴിയും വരെ അനായാസ വിജയം നേടുമെന്നാണ് എല്ലാ ആരാധകരും കരുതിയിരുന്നത്. പക്ഷേ കഥ അവിടെയാണ് ആരംഭിച്ചത്. 15-ാം ഓവർ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എന്ന ശക്തമായ നിലയിലുണ്ടായിരുന്ന ഇന്ത്യ പിന്നീട് കളി മറക്കുന്ന കാഴ്ചയാണ് കണ്ടത്. 17-ാം ഓവറിൽ ബോൾട്ട് നിലയുറപ്പിച്ച് കളിച്ചിരുന്ന സൂര്യകുമാറിനെ ക്ലീൻ ബൗൾഡാക്കി ഇന്ത്യയെ ആദ്യമൊന്ന് ഞെട്ടിച്ചു. 40 പന്തിൽ 62 റൺസുമായി സൂര്യകുമാർ മടങ്ങി. അടുത്ത ഫെർഗൂസന്റെ ഓവറിൽ നേടാനായത് അഞ്ച് റൺസ്.
അടുത്ത ഓവറിൽ സൗത്തി ശ്രേയസ് അയ്യറിന്റെ വിക്കറ്റ് കൂടി പിഴുതതോടെ ഇന്ത്യ അപകടം മണത്തു. അടുത്തത് അരങ്ങേറ്റക്കാരനൻ വെങ്കടേഷ് അയ്യറിനായിരുന്നു. ആദ്യ പന്തിൽ തന്നെ ബൗണ്ടറി കടത്തി തന്റെ വരവറിയിച്ചുവെങ്കിലും തൊട്ടടുത്ത പന്തിൽ അനാവശ്യമായൊരു റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് വെങ്കടേഷിന് മടങ്ങേണ്ടി വന്നു. പിന്നെ പ്രതീക്ഷ മുഴുവൻ റിഷഭ് പന്തിലായിരുന്നു. ഒടുവിൽ സമ്മർദത്തെ അതിജീവിച്ച് ഡാറിൽ മിച്ചൽ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിനെ ബൗണ്ടറി കടത്തി പന്ത് തന്നിലുള്ള പ്രതീക്ഷ കാത്ത് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 3 മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം.
നേരത്തെ ഓപ്പണിങ് ഇറങ്ങിയ കെ.എൽ രാഹുൽ 14 പന്തിൽ 15 റൺസുമായി മടങ്ങിയെങ്കിലും നായകൻ രോഹിത്ത് 48(36) സൂര്യകുമാർ യാദവിനൊപ്പം അടിയുറച്ച് നിന്നതോടെ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചു. വിജയ റൺ നേടിയ പന്ത് 17 പന്തിൽ 17 റൺസ് നേടി. ശ്രേയസ് അയ്യർ അഞ്ച് റൺസും അക്‌സർ പട്ടേൽ ഒരു റൺസും നേടി.
ന്യൂസിലൻഡിന് വേണ്ടി ബോൾട്ട് 2 വിക്കറ്റും ടിം സൗത്തി, ഡാറിൽ മിച്ചൽ, ടോഡ് ആസ്റ്റിൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 164 റൺസ് എടുത്തു. അവസാന ഓവറുകൾ ഇന്ത്യൻ ബൗളർമാർ പുറത്തെടുത്ത മിന്നും പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.
ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഡാരിൻ മിച്ചലിനെ ഭുവനേശ്വർ മടക്കിയെങ്കിലും പിന്നീടെത്തിയ മാർക്ക് ചാപ്മാനും മാർട്ടിൻ ഗപ്റ്റിലും ടീമിനെ കരകയറ്റുകയായിരുന്നു. ഇരുവരും 109 റൺസ് സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തു. മാർക്ക് ചാപ്മാൻ സ്‌കോർ 110 ലെത്തി പുറത്തായി. എന്നാൽ പിന്നീടെത്തിയ ഗ്ലെൻ ഫിലിപ്പിനെയും അശ്വിൻ പുറത്താക്കിയതോടെ വീണ്ടും കിവീസ് പരുങ്ങലിലായി.
എന്നാൽ ഒരു ഭാഗത്തു നിന്ന് ഗപ്റ്റിൽ സ്‌കോർ ഉയർത്തിക്കൊണ്ടിരുന്നെങ്കിലും മറുഭാഗത്ത് വിക്കറ്റ് നഷ്ടപ്പെട്ടത് കൂറ്റൻ സ്‌കോറിലേക്ക് ഉയരുന്നതിൽ കിവീസിന് തിരിച്ചടിയായി. 70 റൺസെടുത്ത ഓപ്പണർ മാർട്ടിൻ ഗപ്റ്റിലാണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാറും അശ്വിനും രണ്ടു വിക്കറ്റുകൾ നേടിയപ്പോൾ ദീപക്ക് ചഹാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം നേടി.