ഇന്ത്യ-ബംഗ്ലാദേശ് വനിതാ ടി20; ഇന്ത്യക്ക് ജയം
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.2 ഓവറിൽ ലക്ഷ്യം കണ്ടു.
ബംഗ്ലാദേശിനെതിരായ വനിതാ ടി20 പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.2 ഓവറിൽ ലക്ഷ്യം കണ്ടു.
ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് ഷെഫാലി വർമയുടെ വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാലെ ജെമീമ റോഡ്രിഗസിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. പിന്നെ സ്മൃതി മന്ദാനയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത്.
ഹർമൻപ്രീത് കൗർ ഇന്ത്യക്കായി അർധസെഞ്ച്വറി നേടി. രണ്ട് സിക്‌സറുകളും ആറ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഹർമൻപ്രീത് കൗറിന്റെ ഇന്നിങ്‌സ്. സ്മൃതി മന്ദാന അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 38 റൺസ് നേടി.
മലയാളി താരം മിന്നുമണിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. അഞ്ചാമത്തെ ഓവറിലാണ് മിന്നുമണി പന്തെറിയാനെത്തിയത്. ആദ്യ ഓവറിൽ തന്നെ ഒരു വിക്കറ്റ് നേടാനായത് മിന്നുമണിക്ക് മികച്ച നേട്ടമായി. ബംഗ്ലാദേശ് താരം ഷമീമ സുൽത്താനയുടെ വിക്കറ്റാണ് മിന്നുമണി നേടിയത്.