സൂര്യയുടെ 'അടി': രണ്ടാം ടി20യിൽ വമ്പൻ ജയവുമായി ഇന്ത്യ
65 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 192 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡിന് 126 റൺസെടുക്കാനെ കഴിഞ്ഞുളളൂ.
മൗണ്ട് മോംഗനൂയി: ടി20 ലോകകപ്പ് എങ്ങനെയാണോ അവസാനിപ്പിച്ചത്, അതെ രീതിയിൽ തന്നെ സൂര്യകുമാർ യാദവ് തുടർന്നപ്പോൾ ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20യിൽ വമ്പൻ ജയവുമായി ഇന്ത്യ. 65 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 192 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡിന് 126 റൺസെടുക്കാനെ കഴിഞ്ഞുളളൂ. 18.5 ഓവറിൽ ന്യൂസിലാൻഡ് ഓൾഔട്ട്. ബൗളിങിൽ ഇന്ത്യക്കായി തിളങ്ങിയത് ദീപക് ഹൂഡ.
ബാറ്റിങിൽ പൂജ്യത്തിന് പുറത്തായെങ്കിലും നാല് വിക്കറ്റുകളാണ് ഹൂഡ വീഴ്ത്തിയത്. മുഹമ്മദ് സിറാജ് യൂസ് വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 61 റൺസ് നേടിയ കെയിൻ വില്യംസണാണ് കിവികളുടെ ടോപ് സ്‌കോറർ. ടീമിനെ വിജയിപ്പിക്കാൻ ആ ഇന്നിങ്‌സ് പോരായിരുന്നു. അതും 52 പന്തുകളിൽ നിന്ന്. ന്യൂസാലൻഡ് നിരയിലെ ബാക്കിയുള്ള ആർക്കും തിളങ്ങാനായില്ല. ഫിൻ അലൻ, ജയിംസ് നീഷം എന്നിവരെ അക്കൗണ്ട് തുറക്കും മുമ്പ് ഇന്ത്യൻ ബൗളർമാർ പറഞ്ഞയച്ചു.
ഡെവോൻ കോൺവെ(25) ഗ്ലെൻ ഫിലിപ്‌സ്(12) ഡാരിൽ മിച്ചൽ(10) എന്നിവരാണ് ന്യൂസിലാൻഡ് നിരയിൽ രണ്ടക്കം കടന്ന ബാറ്റർമാർ. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. അവിടം മുതൽ ന്യൂസിലാൻഡ് നായകന് പിഴച്ചു. സൂര്യകുമാർ യാദവ് എന്ന ഒറ്റയാൻ ന്യൂസിലാൻഡ് ബൗളർമരെ തലങ്ങുംവിലങ്ങും പായിച്ചു. സൂര്യക്ക് പിന്തുണ കൊടുക്കാൻ മറ്റു ബാറ്റർമാർക്കായില്ല. ആയൊരു നേട്ടം ന്യൂസിലാൻഡ് ബൗളർമാർക്ക് അവകാശപ്പെടാം. അല്ലെങ്കിൽ ഇന്ത്യയുടെ സ്‌കോർ 200ഉം കടന്ന് കുതിച്ചേനെ. 51 പന്തിൽ പതിനൊന്ന് ഫോറും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്(111). താരത്തിന്റെ രണ്ടാം ടി20 സെഞ്ച്വറിയാണിത്.
36 റൺസ് നേടിയ ഇശൻ കിശൻ ആണ് മറ്റൊരു സ്‌കോറർ. ടി20 ലോകകപ്പിലെ മോശം ഫോം പന്ത് തുടരുകയാണ്. 6 റൺസെ ഓപ്പണറുടെ റോളിലെത്തിയിട്ടും പന്തിന് നേടാനായുള്ളൂ. നായകൻ ഹാർദിക് പാണ്ഡ്യ(13) ശ്രേയസ് അയ്യർ(13) എന്നിവരെ ന്യൂസിലാൻഡ് വേഗത്തിൽ മടക്കി. ഇതോടൈ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴയെടുത്തിരുന്നു. ഒരൊറ്റ പന്ത് പോലും എറിയാൻ മഴ അനുവദിച്ചില്ല. ചൊവ്വാഴ്ച നേപ്പിയറിലാണ് മൂന്നാം ടി20 മത്സരം. ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.