'ഡിക്ലയർ ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായിപോയി'; വിമർശിച്ച് മുൻ പാക് ക്രിക്കറ്റർ
ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ 280 റൺസ് വിജയം സ്വന്തമാക്കിയിരുന്നു.
ഇസ്‌ലാമാബാദ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിനം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ പാക് താരവും പരിശീലകനുമായ ബാസിത് അലി. 287-4 എന്ന നിലയിലായിരുന്നു ഇന്ത്യ ഡിക്ലയർ ചെയ്തത്. ബംഗ്ലാദേശിന് മുന്നിൽ ഈ സമയം 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമുണ്ടായിരുന്നു. ടെസ്റ്റിൽ 280 റൺസിന്റെ കൂറ്റൻ വിജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ നേരത്തെ ഡിക്ലയർ ചെയ്തത് തെറ്റായെന്ന് മുൻ പാക് താരം ചൂണ്ടിക്കാട്ടി. യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് താരം വിമർശനമുന്നയിച്ചത്.
'ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത് മോശം തീരുമാനമായിരുന്നു. ദുലീപ് ട്രോഫിയിൽ മികച്ച സ്‌കോർ കണ്ടെത്താൻ കഴിയാതിരുന്ന കെ എൽ രാഹുലിന് ഫോമിലേക്കുയരാൻ മികച്ച അവസരമായിരുന്നു. രാഹുൽ ഇവിടെ 70 മുതൽ 80 റൺസ് നേടിയാൽ വരും ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യക്ക് കൂടുതൽ സഹായകരമാകുമായിരുന്നു. ആസ്‌ത്രേലിയക്കെതിരെ ബോർഡർ- ഗവാസ്‌കർ ട്രോഫിയിൽ നിർണായകമായ സ്ഥാനത്താണ് രാഹുൽ ബാറ്റ് ചെയ്യുന്നത്'-പാക് താരം ഓർമപ്പെടുത്തി.
ആദ്യ ഇന്നിങ്‌സിൽ 52 പന്തിൽ 16 റൺസെടുത്ത് ഔട്ടായ കെ.എൽ രാഹുൽ രണ്ടാം ഇന്നിങ്‌സിൽ മികച്ച ഫോമിൽ കളിച്ചുവരുന്നതിനിടെയാണ് ഇന്നിങ്‌സ് ഡിക്ലെയർ ചെയ്യാൻ ക്യാപ്റ്റൻ രോഹിത് ശർമ തീരുമാനിച്ചത്. ഈസമയം 19 പന്തിൽ 22 റൺസ് എന്ന നിലയിലായിരുന്നു രാഹുൽ.