ഒന്നാം നമ്പർ ടെസ്റ്റ് -ടി20 ടീം; ഐ.സി.സി റാങ്കിംഗിൽ ഇന്ത്യൻ കുത്തക
മികച്ച ടി20 ബാറ്റർ സൂര്യകുമാർ യാദവാണ്
ഐ.സി.സിയുടെ പുതിയ റാങ്കിംഗിൽ ഇന്ത്യൻ കുത്തക. ടെസ്റ്റ് ക്രിക്കറ്റിൽ 15 മാസമായി ആസ്‌ത്രേലിയ കയ്യിൽ വെച്ച ഒന്നാം സ്ഥാനം ഇന്ത്യ നേടി. ടി20യിലെ മികച്ച ടീമും ഇന്ത്യയാണ്. മികച്ച ടെസ്റ്റ് ബൗളർ രവിചന്ദ്രൻ അശ്വിനാണ്. ബാറ്റിംഗിലും ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമുണ്ട്. മികച്ച ടി20 ബാറ്റർ സൂര്യകുമാർ യാദവാണ്. മികച്ച ടെസ്റ്റ് ഓൾറൗണ്ടർ സ്ഥാനം രവീന്ദ്രയുടെ ജഡേജയുടെ കൈകളിലുമാണ്. ഇതോടെ സുപ്രധാന റാങ്കിംഗുകളാണ് ഇന്ത്യൻ ടീമും അംഗങ്ങളും സ്വന്തം പേരിലാക്കിയിരിക്കുന്നത്.
ഏകദിന ബാറ്റിംഗിൽ ശുഭ്മാൻ ഗിൽ നാലാമതും ബൗളിംഗിൽ മുഹമ്മദ് സിറാജ് മൂന്നാമതുമുണ്ട്. ബാറ്റിംഗിൽ വിരാട് കോഹ്‌ലി ആറാമതും രോഹിത് ശർമ എട്ടാമതുമായി ആദ്യ പത്തിലുണ്ട്. ടി20 ഓൾറൗണ്ടർ പട്ടികയിൽ ഹർദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തുണ്ട്. ടെസ്റ്റ് ഓൾറൗണ്ടർ പട്ടികയിൽ രവിചന്ദ്രൻ അശ്വിൻ രണ്ടാമതും അക്‌സർ പട്ടേൽ നാലാമതുമുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാനിരിക്കെയാണ് ടെസ്റ്റ് റാങ്കിംഗിൽ ആസ്ത്രേലിയയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയത്. 15 മാസത്തിന് ശേഷമാണ് കംഗാരുപ്പടയ്ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെടുന്നത്. 2022 ജനുവരി മുതൽ ആസ്ത്രേലിയയായിരുന്നു പട്ടികയിലെ ആദ്യ സ്ഥാനക്കാർ. ചൊവ്വാഴ്ചയാണ് ഐ.സി.സി പുതിയ റാങ്കിംഗ് പുറത്തുവിട്ടത്. 122 റേറ്റിംഗുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആസ്ത്രേലിയ ബോർഡർ -ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയോട് 1-2ന് തോറ്റിരുന്നുവെങ്കിലും സ്ഥാനം നഷ്ടപ്പെട്ടിരുന്നില്ല. ഇന്ത്യ മൂന്ന് പോയിന്റ് കുറവുമായി (119) തൊട്ടു പിന്നിലായിരുന്നു. എന്നാൽ പുതിയ വാർഷിക റാങ്കിംഗ് വന്നതോടെ ഇന്ത്യ ഓസീസിനെ മറികടക്കുകയായിരുന്നു. 2020 മെയ് മുതൽ പൂർത്തിയാക്കിയ എല്ലാ പരമ്പരകളും വാർഷിക റാങ്കിംഗിൽ പരിഗണിച്ചു. മെയ് 2022 ന് മുമ്പ് പൂർത്തിയാക്കിയ പരമ്പരകൾക്ക് 50 ശതമാനവും തുടർന്നുള്ള എല്ലാ പരമ്പരകൾക്കും 100 ശതമാനവുമാണ് റാങ്കിംഗ് വെയിന്റേജ് നൽകിയത്.
ഐ.സി.സി പുരുഷ ടെസ്റ്റ് ടീം റാങ്കിംഗ്
(മെയ് 2023 - റാങ്കിംഗ്, ടീം, പോയിൻറ് എന്ന ക്രമത്തിൽ)
- ഇന്ത്യ -121
- ആസ്ത്രേലിയ -116
- ഇംഗ്ലണ്ട് - 114
- ദക്ഷിണാഫ്രിക്ക - 104
- ന്യൂസിലൻഡ് -100
- പാകിസ്താൻ - 86
- ശ്രീലങ്ക -84
- വെസ്റ്റിൻഡീസ് - 76
- ബംഗ്ലാദേശ് - 45
- സിംബാബ്വേ - 32
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജൂൺ ഏഴ് മുതൽ 11വരെ
ആസ്‌ത്രേലിയക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ ഏഴ് മുതൽ 11വരെയായി (ജൂൺ 12 റിസർവ് ദിവസം) ലണ്ടനിലെ ഓവലിലാണ് നടക്കുക. ബി.സി.സി.ഐയുടെ അഞ്ചംഗ സെലക്ഷൻ പാനലും സെക്രട്ടറി ജയ്ഷാ, നായകൻ രോഹിത് ശർമ, കോച്ച് രാഹുൽ ദ്രാവിഡ് എന്നിവരും യോഗം ചേർന്ന് ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തിരുന്നു. ഐ.പി.എല്ലിൽ തകർപ്പൻ പ്രകടനം നടത്തുന്ന അജിങ്ക്യ രഹാനയും ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നീ മൂന്നു സ്പിന്നർമാരും ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട് എന്നീ അഞ്ച് പേസർമാരും ടീമിൽ ഇടംപിടിച്ചു.
കെ.എസ് ഭരതാണ് ടീമിലെ വിക്കറ്റ് കീപ്പർ. ഡിസംബറിലുണ്ടായ കാറപകടത്തെ തുടർന്ന് പരിക്കേറ്റ് റിഷബ് പന്ത് പൂർണാരോഗ്യം വീണ്ടെുക്കാത്തത് കൊണ്ടാണ് ഭരതിന് അവസരം ലഭിച്ചത്. ആസ്‌ത്രേലിയക്കെതിരെ ഇന്ത്യയിൽ നടന്ന മത്സരങ്ങളിലുണ്ടായിരുന്ന ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, കുൽദീപ് എന്നിവർക്ക് ടീമിൽ ഇടംലഭിച്ചില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാത്ത ജസ്പ്രീത് ബുംറയും ടീമിലില്ല. രോഹിത് നയിക്കുന്ന സംഘത്തിലെ വൈസ് ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല. എന്നാൽ ചേതേശ്വർ പൂജാരയാകാനാണ് സാധ്യത. ഇന്ത്യയിൽ നടന്ന അവസാന രണ്ട് ടെസ്റ്റുകളിൽ താരമായിരുന്നു ഉപനായകൻ. മോശം പ്രകടനത്തെ തുടർന്ന് ഈ ടെസ്റ്റുകളിൽ കളിപ്പിക്കാതിരുന്ന കെ.എൽ രാഹുൽ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഇന്ത്യൻ സംഘം: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, കെ.എൽ രാഹുൽ, കെ.എസ്. ഭരത് (വിക്കറ്റ്കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ. അക്‌സർ പട്ടേൽ ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്.
ആസ്‌ത്രേലിയൻ സംഘം: പാറ്റ് കുമ്മിൻസ് (ക്യാപ്റ്റൻ), സ്‌കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂൺ ഗ്രീൻ, മാർകസ് ഹാരിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖ്വാജ, മാർനസ് ലംബൂഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, ടോഡ് മുർഫി, മാത്യൂ റെൻഷാ, സ്റ്റീവ് സ്മിത്ത് (വൈസ് ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്, ഡേവിഡ് വാർണർ. ഇതേ സംഘം തന്നെയാണ് ആഷസ് പരമ്പരയ്ക്കുമുള്ളത്. ജൂൺ 16 മുതലാണ് പരമ്പര തുടങ്ങുന്നത്.
No. 1 Test-T20 team; India dominates the ICC rankings