'ഇന്ത്യക്ക് ഇതുവരെയുണ്ടായതിൽ ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പാണ് ഈ ലോകകപ്പിലുള്ളത്': രവി ശാസ്ത്രി
ഇത്രയും ശക്തമായൊരു മധ്യനിരയുള്ളത് മുൻനരയിലെ ബാറ്റർമാർക്ക് അടിച്ചു കളിക്കാനുള്ള സ്വാതന്ത്ര്യം നൽകുമെന്നും ശാസ്ത്രി
മുംബൈ: ഇന്ത്യക്ക് ഇതുവരെയുണ്ടായതിൽ ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പാണ് ഈ ലോകകപ്പിലുള്ളതെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. കഴിഞ്ഞ ആറ്-ഏഴ് വർഷമായി താൻ ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. ആദ്യം ഒരു പരിശീലകനെന്ന നിലയിലും, ഇപ്പോൾ ഞാൻ പുറത്ത് നിന്നും ടീമിനെ വീക്ഷിക്കുന്നു. ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര മികച്ച ലൈനപ്പാണ് ഇതെന്ന് കരുതുന്നതായും ശാസ്ത്രി വ്യക്തമാക്കി. പ്രസ് ക്ലബിൽ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമർശം.
സൂര്യ കുമാർ നമ്പർ 4-ലും ഹാർദിക് പാണ്ഡ്യ നമ്പർ 5-ലും ഋഷഭ് പന്ത് അല്ലെങ്കിൽ ദിനേഷ് കാർത്തിക് 6-ലും ഇറങ്ങുന്നത് ടീമിൽ വലിയ വ്യത്യാസം വരുത്തുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്ന ടി20 ലോകകപ്പിലെ പ്രധാന താരങ്ങളെല്ലാം ഇത്തവണ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടെങ്കിലും ഈ ലോകകപ്പിനു ശേഷം അത് അങ്ങനെയാവില്ലെന്നും പ്രവചിച്ചിരിക്കുകയാണ് രവി ശാസ്ത്രി. ദിനേശ് കാർത്തിക്, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ, ഹർഷൽ പട്ടേൽ തുടങ്ങിയവരാണ് ഇത്തവണ ലോകകപ്പ് ടീമിലെ പുതിയ മുഖങ്ങളെങ്കിൽ ഈ ലോകകപ്പിനുശേഷം ഇത് അടുമുടി മാറുമെന്നാണ് രവി ശാസ്ത്രി പ്രവചിക്കുന്നത്.
ഈ ലോകകപ്പിനെത്തിയിരിക്കുന്നത് ഇന്ത്യയുടെ കരുത്തുറ്റ ടീം തന്നെയാണെന്നതിൽ സംശയമില്ല. സൂര്യ നാലാമതും ഹാർദ്ദിക് അഞ്ചാമതും റിഷഭ് പന്തോ ദിനേശ് കാർത്തിക്കോ ആറാമതും വരുന്ന ബാറ്റിംഗ് ലൈനപ്പ് കഴിഞ്ഞ ലോകകപ്പിൽ നിന്ന് വ്യത്യസ്തമായി വലിയ വ്യത്യാസം ഉണ്ടാക്കും. ഇത്രയും ശക്തമായൊരു മധ്യനിരയുള്ളത് മുൻനരയിലെ ബാറ്റർമാർക്ക് അടിച്ചു കളിക്കാനുള്ള സ്വാതന്ത്ര്യം നൽകും. ഇതൊക്കെയാണെങ്കിലും ഈ ലോകകപ്പിനുശേഷം ഇന്ത്യൻ ടീം അടിമുടി മാറുമെന്നും ഐസിസിക്ക് നൽകിയ അഭിമുഖത്തിൽ ശാസ്ത്രി പറഞ്ഞു.