''ഞങ്ങൾ കപ്പ് നേടാൻ വന്നതല്ല, പക്ഷെ കപ്പ് നേടാൻ വന്നവരുടെ വഴി മുടക്കും''; ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ഷാകിബ് അല്‍ ഹസന്‍
''ഇന്ത്യയെ ഞെട്ടിക്കാനാണ് ഞങ്ങളുടെ തീരുമാനം.''
സമ്മര്‍ദങ്ങളില്ലാതെയാണ് ഇന്ത്യക്കെതിരെ മത്സരത്തിനിറങ്ങാന്‍ ഒരുങ്ങുന്നത് എന്ന് ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍. തങ്ങള്‍ കപ്പ് നേടാന്‍ വന്നവരല്ല എന്നും എന്നാല്‍ കപ്പ് നേടാന്‍ വന്നവരുടെ വഴിമുടക്കാനായാല്‍ അത് വലിയ നേട്ടമാവുമെന്നും ഷാകിബ് അല്‍ ഹസന്‍ പ്രതികരിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി വഴങ്ങിയതോടെ ടി20 ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് ഏറെ നിര്‍ണ്ണായകമാണ്. ഇന്ത്യയെ പോലെ തന്നെ രണ്ട് ജയവും ഒരു തോല്‍വിയുമായാണ് ബംഗ്ലാദേശ് അടുത്ത മത്സരത്തിനിറങ്ങുന്നത്.
''കളിക്കുന്നിടത്തെല്ലാം മികച്ച പിന്തുണയാണ് ഇന്ത്യക്ക് ലഭിക്കുന്നത്. അതിനാല്‍ തന്നെ അടുത്ത മത്സരം മികച്ച ഒരു മത്സരമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ടൂര്‍ണമെന്‍റിലെ ഫേവറിറ്റുകളാണ് ഇന്ത്യ. അവർ ഇവിടെ വന്നത് ലോകകപ്പ് നേടാനാണ്. എന്നാല്‍ ഞങ്ങൾ ഇവിടെ വന്നത് അതിനല്ല. പക്ഷെ ഞങ്ങൾ ഇന്ത്യയ്‌ക്കെതിരെ വിജയിച്ചാൽ അത് വലിയൊരു ഞെട്ടല്‍ തന്നയുണ്ടാക്കും. ഇന്ത്യയെ ഞെട്ടിക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം.'' ഷാകിബ് പറഞ്ഞു.
ഇന്ത്യയുെ പാകിസ്താനും പേപ്പറില്‍ തങ്ങളെക്കാള്‍ ശക്തരാണെന്നും അവരെ അട്ടിമറിക്കാനായാല്‍ അത് വലിയ കാര്യമാണെന്നും ഷാകിബ് പ്രതികരിച്ചു. ''ഞങ്ങള്‍ വിജയിക്കാതിരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. അയര്‍ലന്‍റ് ,സിംബാവെ പോലുള്ള ടീമുകള്‍ ഇംഗ്ലണ്ടിനെയും പാകിസ്താനെയുമൊക്കെ പരാജയപ്പെടുത്തുന്നത് നമ്മള്‍ കണ്ടു. അക്കാര്യം ഞങ്ങള്‍ക്കും ചെയ്യാനായാല്‍ ഞാന്‍ ഏറെ സന്തോഷവാനായിരിക്കും''- ഷാകിബ് പറഞ്ഞു .ലോകകപ്പില്‍ നാളെയാണ് ഇന്ത്യ ബംഗ്ലാദേശ് പോരാട്ടം.