ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; രണ്ടാം സ്ഥാനത്തേക്ക് കയറി ഇന്ത്യ, ഇംഗ്ലണ്ടിന് വൻ തിരിച്ചടി
രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി തോറ്റതോടെ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേക്ക് വീണു. ന്യൂസീലന്‍ഡാണ് ഒന്നാമത്.
രാജ്കോട്ട്: മൂന്നാം ടെസ്റ്റിലെ റെക്കോര്‍ഡ് വിജയത്തിനു പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് നേട്ടം. ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറി. മൂന്നാം സ്ഥാനത്തു നിന്നാണ് ഇന്ത്യ രണ്ടിലേക്ക് എത്തിയത്.
അതേസയം രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി തോറ്റതോടെ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേക്ക് വീണു. ന്യൂസീലന്‍ഡാണ് ഒന്നാമത്.
ഏഴ് മത്സരം കളിച്ച ഇന്ത്യ നാല് ജയവും ഒരു സമനിലയും നേടി. രണ്ട് കളിയില്‍ തോറ്റു. 59.52 ആണ് ഇന്ത്യയുടെ പോയിന്റ് ശരാശരി. 50 പോയിന്റാണ് ടീമിനുളളത്. നാല് മത്സരം കളിച്ച ന്യൂസീലന്‍ഡിന് 75 പോയിന്റ് ശരാശരിയുണ്ട്. 36 പോയിന്റാണ് ടീമിനുളളത്. 21.87 പോയിന്റ് ശരാശരിയുമായാണ് ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേക്ക് വീണത്.
രാജ്കോട്ട് ടെസ്റ്റില്‍ 434 റണ്‍സിന്റെ റെക്കോര്‍ഡ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. റണ്‍സ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറി, സെഞ്ച്വറിയും ആറ് വിക്കറ്റും വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് പ്രകടനം എന്നിവയാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.
ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ (2-1) മുന്നിലെത്തി. ഈ മാസം 23ന് റാഞ്ചിയിലാണ് നാലാം ടെസ്റ്റ് മത്സരം. അതേസമയം ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് ശേഷം ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ്. മൂന്നാം ടെസ്റ്റും ഇന്ത്യക്ക് അനുകൂലമാകാനാണ് സാധ്യത.