അർധസെഞ്ച്വറി നേടി ശ്രീകാർ ഭരത്; ലെസ്റ്റർഷയറിനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ്
ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് തുടങ്ങുന്നത്
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിന് മുന്നോടിയായി നടക്കുന്ന കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ ലെസ്റ്റർഷയറിനെതിരെയുള്ള നാലു ദിന പരിശീലന മത്സരത്തിന്റെ ആദ്യദിനത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ്. 60.2 ഓവറാണ് ഇന്നത്തെ മത്സരത്തിൽ പൂർത്തിയാക്കിയത്. അർധസെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകാർ ഭരതാണ് (111 പന്തിൽ പുറത്താകാതെ 70 റൺസ്) ടീം ഇന്ത്യക്ക് തരക്കേടില്ലാത്ത സ്‌കോർ നേടാൻ വഴിയൊരുക്കിയത്. 33 റൺസ് നേടിയ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും 23 റൺസ് നേടിയ ഉമേഷ് യാദവും ഭരതിന് പിന്തുണ നൽകി. എന്നാൽ കോഹ്‌ലി റോമൻ വാൽക്കറുടെ പന്തിൽ എൽബിഡബ്ല്യൂ ആയി പുറത്തായി. ഉമേഷിനെ ഡേവിസ് ജോയി എവിഷന്റെ കൈകളിലെത്തിച്ചു. ഇപ്പോൾ 18 റൺസ് നേടിയ മുഹമ്മദ് ഷമിയാണ് ഭരതിനൊപ്പം ബാറ്റ് ചെയ്യുന്നത്. സിറാജാണ് ഇനി ഇറങ്ങാനുള്ളത്.
ഇന്ത്യൻ ജേഴ്‌സിയിൽ 15 വർഷം തികച്ച ക്യാപ്റ്റൻ രോഹിത് ശർമ (25) യും ശുഭ്മാൻ ഗില്ലും(21) അത്ര വലിയ അടിത്തറയല്ല ടീമിന് നൽകിയത്. രോഹിത് വാൽക്കറുടെ പന്തിൽ അബിദീൻ പിടിച്ചും ഗിൽ ഡേവിസിന്റെ പന്തിൽ റിഷബ് പന്ത് പിടിച്ചും പുറത്തായി.
വൺഡൗണായെത്തിയ ഹനുമാ വിഹാരി കേവലം മൂന്നു റൺസ് കൂട്ടിച്ചേർത്ത് വാൽക്കറുടെ പന്തിൽ സാം ബേറ്റ്‌സിന് ക്യാച്ച് നൽകി. ശ്രേയസ്സ് അയ്യരെ പ്രസിദ്ധ് കൃഷ്ണയുടെ ബോളിൽ റിഷബ് പിടികൂടി. പൂജ്യം റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 13 പന്തിൽ 13 റൺസെടുത്ത രവീന്ദ്ര ജഡേജയെ വാൽക്കർ എൽബിഡബ്ല്യൂവിൽ കുരുക്കി പറഞ്ഞയച്ചു.
ലെസ്റ്റർഷയറിനായി 11 ഓവർ എറിഞ്ഞ റോമൻ വാൽക്കർ 24 റൺസ് മാത്രം വിട്ടു നൽകി അഞ്ചു വിക്കറ്റ് വീഴ്ത്തി. 10 ഓവറിൽ പ്രസിദ്ധ് കൃഷ്ണ 37 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. വിൽ ഡേവിസ്, അബിദീൻ സാകൻഡെ, ജസ്പ്രീത് ബുംറ എന്നിവർ ഓരാ വിക്കറ്റ് വീതം നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് തുടങ്ങുന്നത്. കോവിഡ് മൂലം മുമ്പ് നിർത്തിവെച്ച പരമ്പരയുടെ ഭാഗമാണ് ഈ ടെസ്റ്റ്. നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.