ഹിറ്റർ ഹൂഡ, സൂപ്പർ സഞ്ജു; അയർലൻഡിനെതിരെ ഇന്ത്യക്ക് 227 റൺസ്
വിജയത്തോടെ പരമ്പരയിൽ സമ്പൂർണ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്
ഡബ്ലിൻ: കഴിഞ്ഞ കളിയിലെ ഹീറോ ദീപക് ഹൂഡ സെഞ്ച്വറിയുമായി ഫോം തുടരുകയും അന്താരാഷ്ട്ര ടി20 കരിയറിലെ ആദ്യ അർധസെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ ടീമിലേക്കുള്ള വരവറിയിക്കുകയും ചെയ്തതോടെ അയർലൻഡിനെതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് ടീം നേടിയത്.
പരിക്കേറ്റ റിതുരാജ് ഗെയ്ക്ക്‌വാദിന് പകരം ഓപ്പണറായി ഇറങ്ങിയ സഞ്ജു 42 ബോളിൽ നിന്ന് 77 റൺസാണ് നേടിയത്. വൺഡൗണായെത്തിയ ഹൂഡ 57 പന്തിൽ നിന്ന് 104 റൺസ് അടിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 176 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടെന്ന റെക്കോർഡാണ് ഇരുവരും ഇതുവഴി സ്വന്തം പേരിലാക്കിയത്. 2017ൽ ഇൻഡോറിൽ രോഹിത് ശർമയും കെ.എൽ. രാഹുൽ ചേർന്ന് നേടിയ 165 റൺസായിരുന്നു വലിയ കൂട്ടുകെട്ട്. ഇതാണ് 2014 അണ്ടർ 19 ലോകകപ്പിൽ ഒന്നിച്ചു കളിച്ച സഞ്ജുവും ഹൂഡയും ചേർന്ന് പൊളിച്ചെഴുതിയത്.
16ാം ഓവർ എറിയാനെത്തിയ മാർക് അഡൈറിന്റെ സ്‌ലോ ബോളിൽ സഞ്ജു ബൗൾഡായതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. നാലു സിക്‌സറും ഒമ്പത് ബൗണ്ടറികളുമടക്കമാണ് സഞ്ജു 77 റൺസ് കണ്ടെത്തിയത്. 6 സിക്‌സറും 9 ഫോറുകളുമാണ് ഹൂഡ അടിച്ചുകൂട്ടിയത്.
സഞ്ജു പുറത്തായ ശേഷമെത്തിയ സൂര്യകുമാർ തകർപ്പനടിയുമായി തുടങ്ങിയെങ്കിലും അഞ്ചു പന്തുകളിൽനിന്ന് 15 റൺസെടുത്ത് പുറത്തായി. ലിറ്റിലിന്റെ പന്തിൽ വിക്കറ്റ്കീപ്പർ ടക്കർ പിടിച്ചാണ് ഫോമിലേക്കെത്താൻ ശ്രമിക്കുന്ന താരം പുറത്തായത്. പിന്നീട് ഇറങ്ങിയവരെല്ലാം ക്യാപ്റ്റൻ ഹാർദികിനെ തനിച്ചാക്കി തിരിച്ചു നടന്നു. മികച്ച ഫോമിലുള്ള ദിനേശ് കാർത്തിക് പൂജ്യത്തിന് പുറത്തായപ്പോൾ പിന്നീട് വന്ന അക്‌സർ പട്ടേലും അതേ പാത പിന്തുടർന്നു. യങിന്റെ പന്തിൽ ഡി.കെയെ ടക്കർ പിടിച്ചപ്പോൾ അക്‌സറിനെ ഡോക്‌റൽ കയ്യിലൊതുക്കി.
തുടർന്നെത്തിയ ഹർഷൽ പട്ടേലിനെ അഡൈർ ബൗൾഡാക്കി. പൂജ്യം റണ്ണായിരുന്നു സമ്പാദ്യം. സഞ്ജുവിനൊപ്പം ഓപ്പണറായിറങ്ങിയ ഇഷൻ കിഷൻ അഞ്ചു പന്തിൽനിന്ന് മൂന്ന് റൺസ് മാത്രം നേടി പുറത്തായി. അഡൈറിന്റെ പന്തിൽ ടക്കർ പിടിച്ചാണ് താരം പുറത്തായത്. ഹാർദിക് ഒമ്പത് പന്തിൽ നിന്ന് 15 റൺസുമായി പുറത്താകാതെ നിന്നു.
മത്സരത്തിൽ ടോസ് ലഭിച്ച ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സഞ്ജുവിനൊപ്പം ഹർഷൽ പട്ടേലും രവി ബിഷ്ണോയിയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആവേശ് ഖാന് പകരം ഹർഷൽ ടീമിലിടം പിടിച്ചപ്പോൾ യുസ്വേന്ദ്ര ചഹലിന് പകരമാണ് ബിഷ്ണോയി.
വിജയത്തോടെ പരമ്പരയിൽ സമ്പൂർണ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ട് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പുതിയ ക്യാപ്റ്റന്റെ കീഴിൽ യുവനിരയുമായി എത്തിയ ഇന്ത്യ ആദ്യ മത്സരത്തിൽ നേടിയത് ആധികാരിക ജയം. രണ്ടാം മത്സരത്തിലും പ്രകടനം ആവർത്തിക്കുകയാണ് ലക്ഷ്യം.