തകര്‍ത്തടിച്ച് മാര്‍ക്രവും ഹെന്‍ഡ്രിക്സും; ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്കോര്‍

ഇന്ത്യക്കായി മുഹമ്മദ് സിറാജ് വെറും 38 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി

Update: 2022-10-09 12:08 GMT
Advertising

റാഞ്ചി: അർധ സെഞ്ച്വറികളുമായി എയ്ഡൻ മാർക്രവും റീസ ഹെൻഡ്രിക്സും തിളങ്ങിയപ്പോൾ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് ഭേധപ്പെട്ട സ്‌കോർ. നിശ്ചിത 50 ഓവറിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എടുത്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് വെറും 38  റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആവേശ് ഖാൻ ഒഴികെ മറ്റെല്ലാ ബോളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

റാഞ്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ക്വിന്റൺ ഡീക്കോക്കിനെ വിക്കറ്റിന് മുന്നിൽ കുടുക്കി സിറാജാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് ഒമ്പതാം ഓവറിൽ ജാന്നേമൻ മലനെ പുറത്താക്കി ഷഹബാസ് അഹ്‌മദ് ദക്ഷിണാഫ്രിക്കക്ക് രണ്ടാം പ്രഹരമേൽപ്പിച്ചു. തന്‍റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഷഹബാസ് അഹ്‌മദിന്‍റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റായിരുന്നു അത്. 

മലൻ വീണതിന് ശേഷം ക്രീസിൽ ഒന്നിച്ച ഹെൻഡ്രിക്‌സും മാർക്രവും ചേർന്ന് പിന്നീട് നടത്തിയ രക്ഷാപ്രവർത്തനമാണ് ദക്ഷിണാഫ്രിക്കക്ക് ഭേധപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മാർക്രം 89 പന്തില്‍  79 റൺസ് അടിച്ചപ്പോൾ ഹെൻഡ്രിക്‌സ് 76 പന്തിൽ 74 റൺസ് കുറിച്ചു.  ഹെൻഡ്രിച്ച് ക്ലാസന്‍ 30 റൺസെടുത്ത് പുറത്തായപ്പോള്‍ ഡോവിഡ് മില്ലര്‍ 35 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News