കേപ്ടൗണിൽ തകർന്നത് നൂറ്റാണ്ടു പഴക്കമുള്ള ചരിത്രം; ഇങ്ങനെയുമൊരു ടെസ്റ്റ്!

ഏകദേശം ഒരു നൂറ്റാണ്ടുമുൻപ് നടന്ന രണ്ടു ദിവസം കൊണ്ടു തീർന്ന മത്സരത്തിലും തോൽവി ഏറ്റുവാങ്ങി തലകുനിച്ചുനിന്നത് ദക്ഷിണാഫ്രിക്കയായിരുന്നുവെന്നതൊരു യാദൃച്ഛികം

Update: 2024-01-04 14:17 GMT
Editor : Shaheer | By : Web Desk
Advertising

കേപ്ടൗൺ: അഞ്ചു സെഷൻ, 107 ഓവർ, 642 പന്ത്. ഒന്നര ദിവസം കൊണ്ട് എല്ലാ തീർന്നു. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ക്രിക്കറ്റിന്റെ ദൈർഘ്യം കൂടിയ ഫോർമാറ്റിന് ഇങ്ങനെയൊരു വിധി! സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് ഇന്നിങ്‌സ് തോൽവി ഏറ്റുവാങ്ങിയ നാണക്കേടുമായി എത്തിയ ടീം ഇന്ത്യ കേപ്ടൗണിൽ മറുപടി നൽകിയത് അങ്ങനെയായിരുന്നു. രണ്ടാം ദിനം ലഞ്ചിന്റെ 'ഉറക്കച്ചടവ്' തീരുംമുൻപെ ഇന്ത്യ കളിയങ്ങ് തീർത്ത് കൈയിൽകൊടുത്തു. ഡീൻ എൽഗാർ എന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ കളമൊഴിഞ്ഞ ദിനത്തിൽ, അങ്ങനെ ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ മത്സരവും പിറന്നു.

ഇതുവരെയും ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റിന്റെ റെക്കോർഡ് ഏകദേശം ഒരു നൂറ്റാണ്ടുമുൻപ് നടന്ന മത്സരത്തിനായിരുന്നു. അന്നും തോൽവി ഏറ്റുവാങ്ങി തലകുനിച്ചുനിന്നത് ദക്ഷിണാഫ്രിക്കയായിരുന്നുവെന്നതൊരു യാദൃച്ഛികതയുമായി. 1932ൽ മെൽബണിലായിരുന്നു മത്സരം. വെറും 656 പന്ത് കൊണ്ടുതീർന്ന മത്സരത്തിൽ 72 റൺസിന് ആസ്‌ത്രേലിയ വിജയിച്ചു. വെറും 109.2 ഓവറിൽ.

ആദ്യ ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക വെറും 36 റൺസിനാണു പുറത്തായത്. പ്രോട്ടിയാസിന്റെ ഏറ്റവും ചെറിയ ടെസ്റ്റ് സ്‌കോർ കൂടിയായി അത്. അന്നത്തെ ക്യാപ്റ്റൻ ജോക്ക് കാമറോൺ(11) മാത്രമായിരുന്നു ടീമിൽ അന്നു രണ്ടക്കം കണ്ടത്. അഞ്ചു വിക്കറ്റുമായി ബെർട്ട് അയേൺമോങ്ങറും നാലു വിക്കറ്റുമായി ലോറി നാഷുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിന്റെ കൂമ്പൊടിച്ചുകളഞ്ഞത്. മറുപടി ബാറ്റിങ്ങിൽ ആസ്‌ത്രേലിയൻ ഇന്നിങ്‌സ് 153 റൺസിലും അവസാനിച്ചു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയപ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് രക്ഷയുണ്ടായിരുന്നില്ല. അയേൺമോങ്ങർ ആറു വിക്കറ്റ് പിഴുത് വീണ്ടും ദക്ഷിണാഫ്രിക്കയെ അരിഞ്ഞുവീഴ്ത്തി. വെറും 45 റൺസിന് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെല്ലാം പവലിയനിലെത്തിയിരുന്നു.

1935ൽ ബ്രിഡ്ജ്ടൗണിൽ നടന്ന വെസ്റ്റിൻഡീസ്-ഇംഗ്ലണ്ട് മത്സരമാണ് ദൈർഘ്യം കുറഞ്ഞ മൂന്നാമത്തെ ടെസ്റ്റ് മത്സരം. അന്നു രണ്ടാം ദിനം നാല് വിക്കറ്റിന് ഇംഗ്ലണ്ട് വിജയിക്കുമ്പോൾ 672 പന്താണു മത്സരത്തിൽ എറിഞ്ഞിരുന്നത്. ഇതെല്ലാം പഴങ്കഥയാക്കിയാണ് കേപ്ടൗണിൽ ഇന്ത്യ പുതിയ ചരിത്രം കുറിച്ചത്. 1882നുശേഷം ഒരു ടെസ്റ്റ് മത്സരം രണ്ടാം ദിനം അവസാനിക്കുന്നത് ഇത് 25-ാം തവണയാണ്. ടീം ഇന്ത്യ ഇത് മൂന്നാം തവണയും. അവസാനമായി 2021ൽ അഹ്മദാബാദിൽ ഇംഗ്ലണ്ടിനെതിരെയും 2018ൽ ബംഗളൂരുവിൽ അഫ്ഗാനിസ്താനെതിരെയും ഇന്ത്യ രണ്ടുദിനം കൊണ്ട് മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

വേറെയും ഒരുപിടി റെക്കോർഡുകൾ ഇന്ന് പിറന്നിട്ടുണ്ട്. കേപ്ടൗണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. ഇന്ത്യയുടെ മാത്രമല്ല, ഒരു ഏഷ്യൻ രാജ്യം തന്നെ ഇതാദ്യമായാണ് ഈ മൈതാനത്ത് ടെസ്റ്റ് വിജയം കണ്ടെത്തുന്നത്. ഇതോടൊപ്പം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പര സമനിലയിലാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ നായകനായി രോഹിത് ശർമ. എം.എസ് ധോണിയാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര സമനിലയിലാക്കുന്ന ആദ്യ ഇന്ത്യൻ നായകൻ. 2010ലായിരുന്നു ഇത്. ഓരോ മത്സരം വീതം ഇരു ടീമുകളും ജയിച്ചപ്പോൾ മൂന്നാം മത്സരം സമനിലയിൽ പിരിയുകയായിരുന്നു.

പേസർമാർ തീതുപ്പി; ബാറ്റർമാരുടെ ശവപ്പറമ്പായി കേപ്ടൗൺ

മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ഉഗ്രരൂപം പൂണ്ട് നിറഞ്ഞാടിയ കേപ്ടൗൺ ടെസ്റ്റിൽ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത്. ആദ്യ ഇന്നിങ്‌സിൽ സിറാജിന്റെ ആറു വിക്കറ്റിനുശേഷം അഞ്ചു വിക്കറ്റുമായി ബുംറയാണ് രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.

പിച്ചിലെ പ്രതികൂല സാഹചര്യത്തിലും വിസ്മയകരമായൊരു സെഞ്ച്വറി ഇന്നിങ്‌സ് കളിച്ച ഐഡൻ മാർക്രാമിനും(106) ആതിഥേയരെ രക്ഷിക്കാനായില്ല. അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ഡീൻ എൽഗാർ 201 റൺസുമായി ജസ്പ്രീത് ബുംറയ്‌ക്കൊപ്പം(12 വിക്കറ്റ്) പരമ്പരയുടെ താരത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. രണ്ട് ഇന്നിസുകളിലുമായി ഏഴു വിക്കറ്റ് പിഴുത സിറാജ് മത്സരത്തിലെ താരവുമായി.

സിറാജ് തകർത്താടിയ ആദ്യ ദിനം ആദ്യ ഇന്നിങ്‌സിൽ വെറും 55 റൺസിനാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര തകർന്നടിഞ്ഞത്. ഡേവിഡ് ബെഡിങ്ഹാം(12), കൈൽ വെറെയ്‌ന്നെ(15) എന്നിവർക്കു മാത്രമായിരുന്നു രണ്ടക്കം കാണാനായത്. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനും അധികം ആയുസുണ്ടായിരുന്നില്ല. 153 റൺസിന് ഇന്ത്യൻ ഇന്നിങ്‌സ് പൂർത്തിയായി. വിരാട് കോഹ്ലി(46) അവസാനംവരെ ഒറ്റയ്ക്കു പോരാടിയെങ്കിലും മറുവശത്ത് കൂട്ടത്തകർച്ച ആരംഭിച്ചതോടെ പിന്നെ രക്ഷയുണ്ടായിരുന്നില്ല. രോഹിത് ശർമ(39), ശുഭ്മൻ ഗിൽ(36) എന്നിവരായിരുന്നു ഇന്നിങ്‌സിലെ മറ്റു ടോപ്‌സ്‌കോറർമാർ. ആറുപേർ ഡക്കായി പുറത്തായി. ഒരേ സ്‌കോറിന് ഏറ്റവും കൂടുതൽ പേർ പുറത്താകുന്ന മോശം റെക്കോർഡും ടീം ഇന്ത്യ സ്വന്തം പേരിലാക്കി. ടീം സ്‌കോർ 153ൽനിൽക്കെ ഒരു റൺസും കൂട്ടിച്ചേർക്കാനാകാതെ ആറു ഇന്ത്യൻ ബാറ്റർമാരാണു കൂടാരം കയറിയത്.

രണ്ടാം ഇന്നിങ്‌സിൽ ബുംറയുടെ ഊഴമായിരുന്നു. സിറാജിനെ കാഴ്ചക്കാരനാക്കി തീതുപ്പുകയായിരുന്നു ഇന്ത്യൻ പേസ് നിരയുടെ കുന്തമുന. മാർക്രാം മഹാമേരുവിനെപ്പോലെ ഒരുവശത്ത് വേരുറപ്പിച്ചു കളിച്ചെങ്കിലും താരത്തിനു കൂട്ടുനൽകാൻ ഒരൊറ്റ താരം പോലുമുണ്ടായില്ല. ഒന്നിനു പിറകെ ഒന്നായി പ്രോട്ടിയാസ് ബാറ്റർമാർ പവലിയനിലേക്കു ഘോഷയാത്ര നടത്തുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. 176 റൺസിന് ദക്ഷിണാഫ്രിക്ക ഓൾഔട്ട്.

79 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ ഇന്ത്യയ്ക്കു മുന്നിൽ ചടങ്ങുകൾ മാത്രമാണു ശേഷിച്ചിരുന്നത്. പരമ്പരയിൽ തീരെ തിളങ്ങാനാകാതെ പോയ യശസ്വി ജയ്‌സ്വാൾ ഏകദിന ശൈലിയിൽ കളി അതിവേഗം തീർക്കാൻ നോക്കുകയായിരുന്നു ഇന്ന്. 23 പന്തിൽ ആറ് ഫോർ പറത്തി 28 റൺസ് എടുത്ത താരത്തെ നാൻഡ്രെ ബർഗർ പിടികൂടി. ഗില്ലും(10) കോഹ്ലിയും(12) പിന്നാലെ പെട്ടെന്നു മടങ്ങിയെങ്കിലും രോഹിത് ശർമയും(16) ശ്രേയസ് അയ്യരും(നാല്) ചേർന്ന് ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചു.

ബൗളിങ്ങിൽ രണ്ട് ഇന്നിങ്‌സിലും സ്പിന്നർമാർക്ക് പന്ത് തൊടാനുള്ള അവസരം പോലും ലഭിച്ചില്ല. ഇരു ടീമിലും പേസർമാരാണ് കാര്യം തീർത്തത്.

Summary: India-South Africa Cape Town Test enters record books, becomes shortest Test ever

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News