ഇന്ത്യ -ദക്ഷിണാഫ്രിക്ക ടി20; പിറക്കാനിരിക്കുന്നത് പത്തിലേറെ റെക്കോർഡുകൾ
പന്തിന്റെ അവസാന ഇലവനിൽ ആരൊക്കെ?
ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ന് നടക്കുന്ന ടി20 മത്സരത്തിൽ പിറക്കാനിരിക്കുന്നത് നിരവധി റെക്കോർഡുകൾ. മത്സരം വിജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ടി20യിൽ ഏറ്റവും കൂടുതൽ തുടർവിജയം നേടിയ റെക്കോർഡാണ്. ഇതിന് പുറമേ നിരവധി വ്യക്തിഗത റെക്കോർഡുകളും നേട്ടങ്ങളും ക്രിക്കറ്റിന്റെ കണക്കുപുസ്തകത്തിൽ ചേർക്കപ്പെടും. അവ ഏതൊക്കെയെന്ന് നോക്കാം...
ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ: ആകെ 15 ടി20 മത്സരങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിൽ കളിച്ചിട്ടുള്ളത്. ഇവയിൽ ഒമ്പത് മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ ആറെണ്ണത്തിൽ ദക്ഷിണാഫ്രിക്ക വിജയം കണ്ടെത്തി. എന്നാൽ ഇന്ത്യയിൽ ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയ നാലു മത്സരങ്ങളിൽ ആതിഥേയർ ഒന്നിൽ മാത്രമാണ് വിജയിച്ചത്. മൂന്നെണ്ണത്തിൽ നിരാശപ്പെടേണ്ടി വരികയായിരുന്നു.
ഇന്ന് പിറക്കാനിടയുള്ള ചില നേട്ടങ്ങൾ
- ടി20യിൽ തുടർച്ചയായി കൂടുതൽ ജയം നേടിയ ടീമാകാൻ ഇന്ത്യ. നിലവിൽ അഫ്ഗാനിസ്ഥാനും റൊമനിയക്കുമൊപ്പം 12 ജയങ്ങളാണ് ടീമിനുള്ളത്. ഇന്ന് ജയിച്ചാൽ ഈ റെക്കോർഡ് നീലപ്പടയുടെ പേരിലാകും.
- സ്വന്തം നാട്ടിൽ കൂടുതൽ ടി20 വിജയമെന്ന (41) ന്യൂസിലാൻഡിന്റെ റെക്കോർഡിനൊപ്പം എത്താനും വിജയം ടീം ഇന്ത്യക്ക് അവസരം നൽകും.
- ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലുമായി നൂറു സിക്‌സർ തികക്കാൻ റിഷബ് പന്തിന്(97) മൂന്നെണ്ണത്തിന്റെ കുറവ് മാത്രം.
- ടി20 യിൽ 50 വിക്കറ്റ് തികയ്ക്കാൻ കഗിസോ റബാദക്ക്(49) ഒരു വിക്കറ്റ് മാത്രം നേടിയാൽ മതി.
- വിക്കറ്റ്കീപ്പറെന്ന നിലയിൽ 50 ക്യാച്ച് തികയ്ക്കാൻ ക്വിൻറൺ ഡീകോക്കിന് (49) ഒരു ക്യാച്ച് നേടിയാൽ മതി.
- അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 ഫോറുകൾ തികയ്ക്കാൻ ഹാർദിക് പാണ്ഡ്യക്ക് അവസരം. ഇപ്പോൾ 195 ഫോറുകൾ നേടിയ താരത്തിന് അഞ്ചെണ്ണം മാത്രം കണ്ടെത്തിയാൽ മതിയാകും.
- അന്താരാഷ്ട്ര ടി20യിൽ 50 ഫോറെന്ന നേട്ടത്തിലേക്ക് എയ്ഡൻ മർക്രമിന് അഞ്ചു ഫോർ അകലം മാത്രം. നിലവിൽ 45 ഫോറുകൾ താരം നേടിയിട്ടുണ്ട്.
- അന്താരാഷ്ട്രാ ക്രിക്കറ്റിൽ 100 സിക്‌സർ നേടാൻ ഹാർദിക് പാണ്ഡ്യക്ക് രണ്ടെത്തിന്റെ കുറവ് മാത്രം.
- അക്‌സർ പട്ടേലിന് 100 വിക്കറ്റെന്ന നേട്ടത്തിലേക്കെത്താൻ മൂന്നു വിക്കറ്റ് നേടിയാൽ മതി.
കഴിഞ്ഞ ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ പരാജയപ്പെട്ട ശേഷം തുടർച്ചയായ 12 വിജയങ്ങളാണ് ടി20 ക്രിക്കറ്റിൽ ടീം ഇന്ത്യ നേടിയിട്ടുള്ളത്. ന്യൂഡൽഹി അരുൺ ജയറ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അഞ്ചു ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നിലവിൽ ടി20 ഫോർമാറ്റിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണുള്ളത്.
റിഷബ് പന്തിന്റെ അവസാന ഇലവനിൽ ആരൊക്കെ?
ഇന്ത്യ ഏറ്റവുമൊടുവിൽ കളിച്ച ശ്രീലങ്കക്കെതിരെയുള്ള ടി20 ടീമിലുണ്ടായിരുന്ന എട്ട് പേർ ഇന്ന് കളിക്കുന്നില്ല. കളിക്കുമെന്നുറിപ്പിച്ചിരുന്ന ക്യാപ്റ്റൻ കെ.എൽ രാഹുലും പരിക്ക് മൂലം പുറത്താണ്. താരത്തിന് പകരം ടീമിനെ നയിക്കുന്ന വൈസ് ക്യാപ്റ്റനായിരുന്ന റിഷബ് പന്ത് ആരൊക്കെ അണിനിരത്തിയാകും ദക്ഷിണാഫ്രിക്കയെ എതിരിടുകയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പുറത്തുപോയ ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ ഓപ്പണർ സ്ഥാനത്തേക്ക് ഇഷാൻ കിഷന് പുറമേ ടീമിലുള്ള ഓപ്പണർ റിതുരാജ് ഗെയ്ക്ക്‌വാദെത്തും.
ഇന്ത്യൻ ടീം: റിഷബ് പന്ത്(ക്യാപ്റ്റൻ), റിതുരാജ് ഗെയ്ക്ക്‌വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹൽ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ.
ദക്ഷിണാഫ്രിക്കൻ ടീം: തെംബ ബാവുമ(ക്യാപ്റ്റൻ), ക്വിൻറൺ ഡികോക്ക്(വിക്കറ്റ് കീപ്പർ), റീസാ ഹെൻട്രിക്‌സ്, റാസ്സീ വാൻ ഡേർ ഡ്യൂസ്സൻ, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ഡ്വെയ്ൻ പ്രിറ്റോറിയസ്, കേശവ് മഹാരാജ്, കഗിസോ റബാദ, ആൻട്രിച്ച് നോർജെ, തബ്‌രീസ് ഷംസി.
മൂന്നു വർഷത്തെ ഇടവേളയ്ക്കൊടുവിലാണ് ദിനേശ് കാർത്തിക്ക് ദേശീയ ടീമിൽ കളിക്കാനൊരുങ്ങുന്നത്. ഇത്തവണ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി നടത്തിയ വെടിക്കെട്ട് ഫിനിഷിങ് പ്രകടനങ്ങളാണ് താരത്തെ തിരിച്ചുവിളിക്കാൻ സെലക്ഷൻ കമ്മിറ്റിയെ നിർബന്ധിച്ചത്.
India-South Africa T20; More than a dozen records to be born