ഫൈനൽ ശാപം മാറ്റാൻ ഇന്ത്യ, തലമുറകൾ സ്വപ്​നം കണ്ട കിരീടത്തിന്​ ദക്ഷിണാഫ്രിക്ക

Update: 2024-06-28 13:27 GMT
Editor : safvan rashid | By : Sports Desk
Advertising

ഈ ടൂർണമെൻറിൽ ഇതേ വരെ തോൽവിയറിയാത്ത രണ്ടു ടീമുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരിരുവരും തന്നെ ബാർബഡോസിലെ കെൻസിങ്​ടൺ ഓവലിൽ അന്തിമ പേരാട്ടത്തിനിറങ്ങുന്നു​. ദക്ഷിണാഫ്രിക്കക്കിത്​ ചരിത്ര ഫൈനലാണ്​. അവരുടെ ലെഗസിയും ടീം ലൈനപ്പുമെല്ലാം നോക്കിയാൽ അവരുടെ അലമാരയിൽ എത്രയോ കിരീടങ്ങൾ വന്നണയേണ്ട നേരമായി. പക്ഷേ ഡക്ക്​ വർത്ത്​ ലൂയിസും ടൈയും ചോക്കിങ്ങുമെല്ലാം ചേർന്നപ്പോൾ ലോക കായിക ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ നിർഭാഗ്യ​പേരുകളിലൊന്നായി അവർ മാറി. ഒടുവിൽ, എല്ലാത്തിനുമൊടുവിൽ അവരൊരു ഫൈനൽ കളിക്കുന്നു. കെപ്​ലർ വെസലിനും ഹാൻസി ക്രോണ്യക്കും ​ഗ്രെയാം സ്​മിത്തിനും എബി ഡിവില്ലിയേഴ്​സ്​നുമൊന്നും നടത്താനാകാത്തത്​ സെഞ്ചൂറിയനിൽ നിന്നുള്ള എയ്​ഡൻ മാർക്രം സാധ്യമാക്കിയിരുന്നു. ഒടുവിൽ സെമിയെന്ന പർവതനിരകൾ കടന്ന്​ ദക്ഷിണാഫ്രിക്ക വരുന്നുവെന്നാണ്​ ഷോൺ പൊള്ളോക്ക്​ കമൻററിയിൽ പറഞ്ഞത്​.

മറ്റൊരു ദക്ഷിണാ​ഫ്രിക്കൻ ക്യാപ്​റ്റനും ഒരു ഐസിസി ടൂർൺമെൻറിലും പ്രകടിപ്പിച്ചിട്ടില്ലാത്ത മനോവീര്യം ​തന്നെയാണ്​ അവരെ ഫൈനലിലെത്തിച്ചത്​. ഈ വരവ്​ അവർ​ക്കെളുപ്പമായിരുന്നില്ല. ബംഗ്ലദേശിനോട്​ നാലുറൺസിനും നേപ്പാളിനോട്​ ഒരു റൺസിനും ഇംഗ്ലണ്ടിനോട്​ ഏഴുറൺസിനുമാണ്​ ജയിച്ചുകയറിയത്​. വിൻഡീസിനോട്​ മൂന്നുവിക്കറ്റിനും നെതർലൻഡ്​സിനോട്​ നാലുവിക്കറ്റിനും വിറച്ചുജയിച്ചു. പല തവണ നെഞ്ചിടിച്ചെങ്കിലും ഭാഗ്യമെന്ന്​ ​വിളിക്കാവുന്ന മൊമൻറുകൾ ഇക്കുറി അവർക്കനുകൂലമായി വന്നു. ആധികാരിക വിജയമെന്ന്​ പറയാവുന്നത്​ സെമിയിൽ അഫ്​മാനെതിരെ നേടിയതു മാത്രമാണ്​.

കടലാസിൽ ശക്തരായ അവരുടെ ബാറ്റിങ്​ നിര ഇതേവരെ ഒരു മത്സരത്തിലും പ്രതീക്ഷക്കൊത്തുയർന്നിട്ടില്ല. ഡികോക്കും മില്ലറും ചില മിന്നലാട്ടങ്ങൾ നടത്തി. മാർക്രമിനും ക്ലാസനും സ്​റ്റബ്​സിനുമൊന്നും താളം കണ്ടെത്താനാകുന്നില്ല. ഓപ്പണിങ്ങിൽ റീസ ഹെൻട്രിക്​സ്​ അ​​​ ​േമ്പ പരാജയം. ഇന്ത്യയെപ്പോലെ അമേരിക്കൻ പിച്ചുകളിലാണ്​ ഗ്രൂപ്പ്​ ഘട്ട മത്സരങ്ങളിൽ കളത്തിലിറങ്ങിയതെന്നത്​ ഒരു കാരണമാകാം. പക്ഷേ ഫോമിലല്ലെങ്കിലും ബാറ്റിങ്​ ലൈനപ്പ്​ കരുത്തുറ്റതാണ്​. എട്ടാമനായ മഹാരാജ്​ വരെ ബാറ്റേന്തുന്ന നിരയെ ഇന്ത്യ ഭയക്കണം. ഒരിടത്ത്​ നിന്നൊന്നു കൊളുത്തിയാൽ മാലപ്പടക്കം പോലെ പൊട്ടിത്തീരാവുന്ന ലൈനപ്പാണത്​​.

ബൗളിങ്ങിൽ യാതൊരു അശങ്കയുമില്ല​. ആൻറിച്ച്​ നോകിയ പതിമൂന്നും കഗിസോ റബാഡ 12ഉം വിക്കറ്റുകൾ നേടി. ത​ബ്രൈസ്​ ഷംസിയും കേശവ്​ മഹാരാജും അടക്കമുള്ള സ്​പിന്നർമാർ ഇന്ത്യയോട്​ കിടപിടിക്കാൻ പോന്നവർ​.

പക്ഷേ ഈ ലൈനപ്പിനുള്ള മറുമരുന്നുകളെല്ലാം ടീം ഇന്ത്യയുടെ കൈകളിലുണ്ട്​. ​പോയ ഒരു പതിറ്റാണ്ടിലേറെയായി ഐസിസി ടൂർണമെൻറുകളിൽ ഇന്ത്യയോളം കൺസിസ്​റ്റൻായി മറ്റൊരു ടീമും പെർ​ഫോം ചെയ്​തിട്ടില്ല. 2021 ട്വൻറി 20 ലോകകപ്പ്​ മാറ്റി നിർത്തിയാൽ മറ്റെല്ലാ ടൂർണമെൻറുകളിലും ഇന്ത്യ ഫൈനലിലോ സെമിയിലോ ഉണ്ടായിരുന്നു. ഓരോ ടൂർണമെൻറിലും കിരീടം നേടിയവരേക്കാൾ ആധികാരിക പ്രകടനം നടത്തിയത്​ ടീം ഇന്ത്യയാണ്​. പക്ഷേ കിരീടത്തിലേക്കുള്ള യാത്രയിൽ സ്വപ്​നങ്ങളുടെ നൂൽപ്പാലത്തിൽ എവിടെയോ ഇന്ത്യൻ സംഘത്തിന്​ വീണ്ടും വീണ്ടും കാലിടറി.

പോയ ട്വൻറി ​20 ലോകകപ്പുകളിലെല്ലാം ഇന്ത്യക്ക്​ പറക്കാൻ ചിറകുകൾ നൽകിയ വിരാട്​ കോഹ്​ലി ത​െൻറ കരിയറി​ലെത്തന്നെ ഏറ്റവും മോശം ടൂർണമെൻറിലൂടെ കടന്നുപോകുന്നു. ഐപിഎല്ലിൽ ബെംഗളൂരുവിനായി ഓപ്പണിങ്ങിൽ മിന്നിത്തിളങ്ങുന്നത്​ കണ്ടാണ്​ ഇന്ത്യൻ ടീമി​ലും അതേ പൊസിഷനിൽ കളിപ്പിച്ചത്​​. എന്നാൽ സാമ്രാജ്യങ്ങളെല്ലാം വെട്ടിപ്പിക്കു​േമ്പാൾ കിങ്ങി​െൻറ സിംഹാസനമായിരുന്ന മൂന്നാം നമ്പറിൽ നിന്നുള്ള മാറ്റം അയാളുടെ ആത്മവിശ്വാസ​ത്തെ ഇല്ലാതാക്കിയിരിക്കുന്നു. പകരം മൂന്നാം നമ്പറിലെത്തിയ പന്ത്​ ഭേദപ്പെട്ട രീതിയിൽ ബാറ്റേന്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കോഹ്​ലിയെ മാറ്റിയാൽ അത്​ ടീമിനെയും അടിമുടി മാറ്റേണ്ടി വരും. ഫൈനലിൽ യശസ്വി ജയ്​സ്വാളിനെ ഓപ്പണിങ്ങിൽ പ്രതി​ഷ്ഠിച്ച്​​​ കോഹ്​ലിയെ മൂന്നാം നമ്പറിലേക്ക്​ മാറ്റുമെന്ന കരക്കമ്പികളുണ്ടെങ്കിലും വിന്നിങ്​ കോമ്പിനേഷനെ മാറ്റുകയെന്ന കൈപൊളളുന്ന തീരുമാനത്തിന്​ ക്യാപ്​റ്റനും കോച്ചും തയ്യാറാകുമോയെന്ന്​ കാത്തിരുന്ന്​ കാണണം. നിർണായക മത്സരങ്ങളിൽ രോഹിത് വി​േൻറജ്​ ഫോമിലേക്ക്​ ​ തിരിച്ചെത്തിയത്​ ടീമിന്​ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ഐപിഎല്ലിൽ തനിക്ക്​ നേരെയുയർന്ന കൂക്കിവിളികളെയെല്ലാം പൂമാലയാക്കി ഉദിച്ചുപൊന്തിയ ഹാർദിക്​ പാണ്ഡ്യയും ഫോമിനെക്കുറിച്ചുള്ള സംശയങ്ങളെയെല്ലാം അടിച്ചുപറത്തിയ സൂര്യകുമാർ യാദവും മധ്യനിരയെ കരുത്തുറ്റതാക്കുന്നു. നനഞ്ഞ പടക്കമാണെങ്കിലും വിന്നിങ്​ കോമ്പിനേഷ​െൻറ ആനുകൂല്യത്തിൽ ദുബെ രക്ഷപ്പെട്ട്​ പോകുന്നു. ജദേജയും അക്​സർ പ​ട്ടേലും ഒന്നിച്ചുകളിക്കണോ എന്ന ചോദ്യം പലകുറി ഉയർന്നെങ്കിലും ബാറ്റിങ്ങും ബൗളിങ്ങും ഫീൽഡിങ്ങു​മെല്ലാം ചേർന്ന കംപ്ലീറ്റ്​ ഓൾറൗണ്ടർമാരിൽ ഇന്ത്യ വിശ്വസിക്കുന്നു. സ്​പിന്നിനെ തുണക്കുന്ന പിച്ചുകളിൽ കുൽദീപി​െൻറ ചൈനാമാൻ സ്​പിന്നിലും പ്രതീക്ഷയുണ്ട്​. പേസ്​ ഡിപ്പാർട്​മെൻറിലേക്ക്​ വന്നാൽ ബുംറയുടെ നാലോവർ ഇന്ത്യക്ക്​ ഷുവർ ബെറ്റാണ്​. കൂടെയുള്ള അർഷ്​ദീപ്​ വിക്കറ്റുകളുമെടുക്കുന്നു. പാകിസ്​താനെതി​രായ മത്സരത്തിൽ അവിശ്വസനീയമായി പൊരുതിജയിച്ചതിന്​ ശേഷം പിന്നീടങ്ങോട്ട്​ ഇന്ത്യക്ക്​ തിരിഞ്ഞുനോക്കേണ്ടി വിന്നിട്ടില്ല. എല്ലാം കൊണ്ടും ഇന്ത്യക്കനുകൂലമായ കാലാവസ്ഥ വന്നുചേർന്നിരിക്കുന്നു​. ക്രിക്കറ്റ്​ ആരാധകർക്ക്​ അതിമനോഹര ഓർമകൾ നൽകിയ വിരാടും രോഹിതും ബുംറയുമടക്കമുള്ള സുവർണപുത്രമാൻ ഒരുകീരീടം അർഹിക്കുന്നുണ്ട്​. എല്ലാം ഒത്തുവന്നൊരു വർഷം നിറകണ്ണുകളോടെ മടങ്ങാൻ ദക്ഷിണാഫ്രിക്കക്കും വയ്യ. അന്തിമ നിമിഷത്തിൽ കിരീടത്തിൽ ഏതു ടീം ചുംബിച്ചാലും അതൊരു വൈകാരിക നിമിഷമാകും. ഉറപ്പ്​. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News