രോഹിതിന്റെ പിൻഗാമിയായി ഗിൽ?; രാഹുലിനും ഹാർദികിനും മുകളിൽ പ്രതിഷ്ഠിക്കുന്നതിന്റെ കാരണം
ഭാവി ക്യാപ്റ്റനായാണ് യുവതാരത്തെ ബി.സി.സിഐ വളർത്തിയെടുക്കുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു
മുംബൈ: രോഹിത് ശർമക്ക് ശേഷം ഇന്ത്യയുടെ നായക സ്ഥാനത്തേക്ക് ആരായിരിക്കുമെത്തുക. ആരാധകർക്കിടയിൽ ഉയർന്ന ഈ ചോദ്യത്തിനുള്ള സൂചനയാണ് ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിലൂടെ ബി.സി.സി.ഐ നടത്തിയത്. ഏകദിനത്തിൽ രോഹിത് ക്യാപ്റ്റനായി തുടരുമ്പോൾ ടി20യിൽ സൂര്യകുമാർ യാദവാണ് നായകസ്ഥാനത്ത്. ടി20 സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സൂര്യയെ 50 ഓവർ മാച്ചിലേക്ക് പരിഗണിച്ചില്ല. ഇതോടെ സർപ്രൈസ് നീക്കത്തിലൂടെ ഏകദിനത്തിൽ ശുഭ്മാൻ ഗില്ലിനെയാണ് വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ടി20യിലും ഉപനായക പദവി യുവതാരത്തിനാണ് നൽകിയത്.
ഏകദിനത്തിൽ കെ.എൽ രാഹുൽ നേരത്തെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുണ്ടായിരുന്നു. സമാനമായി ടി20യിൽ ഹാർദികായിരുന്നു ഉപനായകൻ. എന്നാൽ ഇരുവരേയും മാറ്റികൊണ്ടാണ് ഗില്ലിനെ കൊണ്ടുവരുന്നത്. ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ഋഷഭ് പന്തിന്റെ സാധ്യതയും ഇതോടെ അടഞ്ഞു. ഭാവിയിലേക്ക് മുൻനിർത്തിയാണെന്ന് വ്യാഖ്യാനിക്കുമ്പോഴും കഴിഞ്ഞ ടി20 ലോകകപ്പിലടക്കം സ്ഥാനം നേടാത്ത താരമാണ് 24 കാരൻ എന്നതും ചർച്ചയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രോഹിത് ശർമ്മ ദേശീയ ടീമിൽ ഇല്ലാതിരുന്നപ്പോൾ പകരം നായകനായി ഏഴ് പേരെ ഇന്ത്യ ടി20യിൽ പരീക്ഷിച്ചിട്ടുണ്ട്.
ഋഷഭ് പന്ത്, കെ എൽ രാഹുൽ, ഹാർദിക് പണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മൻ ഗിൽ എന്നിവർ. ഒടുവിൽ നറുക്ക് വീണത് ഗില്ലിനായിരുന്നു. മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരമെന്ന പരിഗണനയും യുവതാരത്തിനുണ്ട്. ഇതും ഉപനായക പദവിയിലെത്തുന്നതിന് കാരണമായെന്നാണ് റിപ്പോർട്ട്. ഭാവി ക്യാപ്റ്റനായി ഗില്ലിനെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു തീരുമാനമെന്ന് കമന്റേറ്ററും മുൻ താരവുമായ ആകാശ് ചോപ്ര പറഞ്ഞു. എന്നാൽ നായക സ്ഥാനത്തേക്ക് കെ.എൽ രാഹുലിൽ നിന്നുള്ള വെല്ലുവിളിയുണ്ടാകുമെന്നും ആകാശ് ചോപ്ര കൂട്ടിചേർത്തു.