മുന്നിൽ നിന്ന് നയിച്ച് രോഹിത്: ശ്രീലങ്കയ്ക്ക് ജയിക്കാൻ 174

20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 173 റൺസ് നേടിയത്

Update: 2022-09-06 16:02 GMT
Editor : rishad | By : Web Desk
Advertising

ദുബൈ: നായകൻ രോഹിത് ശർമ്മ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഏഷ്യാകപ്പ് സൂപ്പർഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് മുന്നിൽ ഇന്ത്യ ഉയർത്തിയത് 174 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 173 റൺസ് നേടിയത്. രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. സ്‌കോർബോർഡിൽ പതിനൊന്ന് റൺസ് എത്തിയപ്പോഴേക്ക് കെ.എൽ രാഹുലിനെ ശ്രീലങ്ക മടക്കി.

ആറ് റൺസെടുത്ത രാഹുലിനെ തീക്ഷ്ണ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. തൊട്ടുപിന്നാലെ വിരാട് കോഹ്‌ലിയെ കൂടി ലങ്ക വീഴ്ത്തിയതോടെ ഇന്ത്യ 13ന് രണ്ട് എന്ന നിലയിലെത്തി. അക്കൗണ്ട് തുറക്കും മുമ്പെ മധുശങ്ക, കോഹ്‌ലിയെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ശേഷം വന്ന സൂര്യകുമാർ യാദവുമൊത്താണ് രോഹിത് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ചേർന്ന് നേടിയത് 97 റൺസ്. 41 പന്തുകളിൽ നിന്ന് അഞ്ച് ഫോറും നാല് സിക്‌സറും സഹിതം 72 റൺസാണ് രോഹിത് നേടിയത്. ആദ്യ പത്ത് ഓവറിൽ ഇന്ത്യയുടെ സ്‌കോർ പതുക്കെയാണ് നീങ്ങിയത്.

അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ രോഹിത് ആഞ്ഞടിക്കാൻ തുടങ്ങിയത് സ്‌കോറിങ് വേഗത്തിലാക്കി. അതിനിടെ രോഹിത് വീണു. കരുണരത്‌നയാണ് രോഹിതിനെ മടക്കിയത്. രോഹിത് മടങ്ങുമ്പോൾ ഇന്ത്യയുടെ സ്‌കോർ 12 ഓവറിൽ 110ൽ എത്തിയിരുന്നു. ഒമ്പത് റൺസ് കൂടി ടോട്ടലിൽ എത്തിയപ്പോഴേക്ക് നാലാം വിക്കറ്റും വീണു. 34 റൺസെടുത്ത സൂര്യകുമാർ യാദവിനെ ദസുൻ ശനക മടക്കി.ശനകയുടെ സ്ലോ പന്തിൽ ബാറ്റ് വെച്ച സൂര്യകുമാർ യാദവ് സ്ലിപ്പിൽ ദിൽശന് ക്യാച്ച് നൽകി. നേരിട്ട രണ്ടാം പന്തിൽ ബൗണ്ടറി നേടി റിഷബ് പന്ത് തുടങ്ങി. എന്നാൽ 13 പന്തുകളുടെ ആയുസെ ഉണ്ടായിരുന്നുള്ളൂ.

17 റൺസെടുത്ത പന്തിനെ മധുശങ്കയാണ് മടക്കിയത്. ഹാർദിക് പാണ്ഡ്യ 13 പന്തിൽ 17, ദീപക് ഹൂഡ മൂന്ന് പന്തിൽ മൂന്ന് എന്നിവർ വേഗത്തിൽ മടങ്ങിയതോടെ സ്‌കോറിങ് വേഗത കുറഞ്ഞു. വാലറ്റത്തിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അശ്വിൻ അവസാന ഓവറിൽ സിക്‌സറടിച്ച് സ്‌കോർ 170 കടത്തുകയായിരുന്നു. ശ്രീലങ്കയ്ക്കായി ദിൽശൻ മധുശങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News