ബുംറക്കൊപ്പം സഞ്ജുവിനും വിശ്രമമോ? അയർലാൻഡിനെതിരായ മൂന്നാം ടി20 ഇന്ന്
പരമ്പര 2-0ത്തിന് സ്വന്തമാക്കിയതിനാല്‍ ഇന്നത്തെ മത്സരം ഇന്ത്യക്ക് പ്രധാനമല്ലെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറല്ല.
ഡുബ്ലിന്‍: അയര്‍ലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. പരമ്പര 2-0ത്തിന് സ്വന്തമാക്കിയതിനാല്‍ ഇന്നത്തെ മത്സരം ഇന്ത്യക്ക് പ്രധാനമല്ലെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറല്ല.
അതേസമയം ഇന്ത്യന്‍ ടീമില്‍ ചില പരീക്ഷണങ്ങള്‍ക്ക് സാധ്യതയേറെയാണ്. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ വിശ്രമമെടുത്താല്‍ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിന്‍റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വൈസ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദാകും ടീമിനെ നയിക്കുക. രണ്ടാം മത്സരത്തില്‍ റുതുരാജ് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന താരങ്ങളെ പരീക്ഷിക്കാന്‍ തീരുമാനിച്ചാല്‍ മലയാളി താരം സഞ്ജു സാംസണും ബുംറക്കൊപ്പം വിശ്രമം അനുവദിച്ചേക്കും.
അങ്ങനെ വന്നാല്‍ ഏഷ്യാകപ്പിന് മുന്നെ ഇനി സഞ്ജുവിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാണില്ല. ഏഷ്യാകപ്പില്‍ റിസര്‍വ് താരമായതിനാല്‍ കളിക്കാന്‍ സാധ്യത തുലോംകുറവാണ്. വിന്‍ഡീസില്‍ തിളങ്ങിയ പേസര്‍ മുകേഷ് കുമാറാകും ബുംറക്ക് പകരക്കാരനാകുക. ഏഷ്യാ കപ്പ് ടീമിലിടം നേടിയ പേസര്‍ പ്രസിദ്ധ് കൃഷ്ണക്കും വിശ്രമം നല്‍കിയാല്‍ പേസര്‍ ആവേശ് ഖാനും ടീമിലെത്തും.
ഓള്‍ റൗണ്ടര്‍മാരില്‍ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച വാഷിംഗ്‌ടണ്‍ഡ സുന്ദറും പ്ലേയിംഗ് ഇലവനിലുണ്ടാകില്ല. സുന്ദറിന് വിശ്രമം നല്‍കിയാല്‍ ഷഹബാസ് അഹമ്മദ് ആ സ്ഥാനത്ത് ടീമിലെത്തും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ടി20യിൽ 33 റൺസിനും. രണ്ട് മത്സരങ്ങളും നടന്ന ഡബ്ലിനിൽ തന്നെയാണ് മൂന്നാം ടി20യും.