അവിശ്വസിനീയം കോഹ്‌ലിയുടെ ഈ ഫീൽഡിങ്; കളിമാറിയത് ഇവിടം മുതൽ
ബാറ്റിങിൽ പൂജ്യത്തിന് പുറത്തായ കോഹ്‌ലി നിർണായക നീക്കങ്ങളിലൂടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തിയ ആരാധകരെ കൈയിലെടുത്തു.
ബംഗളൂരു: ട്വന്റി 20യിൽ ഓരോ പന്തും നിർണായകമാണ്. അതുപോലെതന്നെയാണ് ഫീൽഡിങിലെ പ്രകടനവും. ഇത് ഒരിക്കൽകൂടി അടിവരയിടുന്നതാണ് ഇന്നലെ അഫ്ഗാനിസ്താനെതിരായ മത്സരം. ബാറ്റിങിൽ പരാജയപ്പെട്ടെങ്കിലും ഫീൽഡിങിൽ വിരാട് കോഹ്‌ലി നടത്തിയ പ്രകടനമാണ് മത്സര ശേഷവും ചർച്ചയായത്.
17-ാം ഓവറിലെ അഞ്ചാം പന്തിലാണ് ഗ്യാലറിയേയും ഇന്ത്യൻ ഡഗൗട്ടിനേയും അത്ഭുതപ്പെടുത്തിയ മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ അസാമാന്യ പ്രകടനം. വാഷിംഗ്ടൺ സുന്ദറിനെതിരെ കരിം ജനത് ഉയർത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിൽ വായുവിൽ ഉയർന്നു പൊങ്ങിയാണ് തട്ടിയത്. സിക്‌സ് ഉറപ്പിച്ച സ്ഥാനത്ത് വെറും ഒരുറൺ. സീനിയർതാരത്തിൽ നിന്നുണ്ടായ ഈ സമീപനം നിറകൈയടിയോടെയാണ് രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ള ഇന്ത്യൻ ക്യാമ്പ് എതിരേറ്റത്. ഈ മത്സരത്തിന്റെ ഗതിമാറ്റുന്നത് കൂടിയായിരുന്നു ഈ അവിശ്വസിനീയ സേവ്. ഇത് കൂടാതെ ഗ്രൗണ്ടിൽ ഒരുപാട് ദൂരം കവർ ചെയ്ത് ഒരു ക്യാച്ച് എടുക്കുകും ചെയ്തു.
Isn’t it just the "Save" of the year by Virat Kohli so far in 2024? I mean, we've seen an unbelievable catch in the BBL, but then comes this magic. Virat Kohli, making it look easy, as usual!pic.twitter.com/KygAnmdKUa
— Vipin Tiwari (@Vipintiwari952_) January 18, 2024
ഗുൽബാദിൻ നെയ്ബിനെ റണ്ണൗട്ടാക്കുന്നതിലും കോലിക്ക് പങ്കുണ്ടായിരുന്നു. ഇതോടെ ബാറ്റിങിൽ പൂജ്യത്തിന് പുറത്തായ കോഹ്‌ലി നിർണായക നീക്കങ്ങളിലൂടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തിയ ആരാധകരെ കൈയിലെടുത്തു. ആവേശകരമായ മൂന്നാം ട്വന്റി 20 ഇന്ത്യ വിജയിച്ചിരുന്നു. നിശ്ചിത ഓവറിൽ ഇരു ടീമുകളും 212 റൺസാണ് നേടിയത്. പിന്നീട് സൂപ്പർ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. 212 റൺസ് പിന്തുടർന്നാണ് അഫ്ഗാൻ മത്സരം ടൈ ആക്കിയത്. പിന്നാലെ രണ്ടാമത് സൂപ്പർ ഓവറിലാണ് ഇന്ത്യയുടെ ജയം വന്നത്. ഇന്ത്യക്കെതിരായി ഇതുവരെ ഒരു അന്താരാഷ്ട്ര മത്സരം വിജയിക്കാനായില്ലെന്ന നാണക്കേട് വീണ്ടും അഫ്ഗാന് സ്വന്തമായി. അതേസമയം ഇന്ത്യക്കെതിരെ വമ്പൻ ടോട്ടൽ ബാറ്റ് ചെയ്ത് സമനിലയിലെത്തിച്ചതിൽ അഫ്ഗാന് ആശ്വസിക്കാം.
രോഹിത് ശർമ്മയുടെ 121 റൺസ് മികവിലാണ് ഇന്ത്യ വമ്പൻ വിജയലക്ഷ്യം കുറിച്ചത്. രണ്ട് സൂപ്പർ ഓവറിലും മികച്ച പ്രകടനം നടത്തി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും ഹിറ്റ്മാനായിരുന്നു. ടൂർണമെന്റിലുടനീളം മികച്ചുനിന്ന ശിവം ദുബെയാണ് മാൻ ഓഫ് ദി സീരിസ്.
.